“യാത്രക്കാരുടെ
ശ്രെദ്ധക്ക്, തിരുവനന്തപുരത്തു നിന്നും മുംബൈ
ലോകമാന്യതിലക് ടെര്മിനല്‍സ് വരെ പോകുന്ന 16346-ാ൦ നമ്പര്‍ നേത്രാവതി
എക്സ്പ്രസ്സ് അല്പമസമയത്തിനകം ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എത്തിച്ചേരുന്നതാണ്”.
കോളാമ്പി സ്പീക്കറില്‍ നിന്നും ഉള്ള അനൌണ്സ്മെന്റ് കേട്ട് ട്രെയിന്‍
കാത്തിരുന്ന ഞങ്ങള്‍ ബെഞ്ചില്‍ നിന്നും എണീറ്റു ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിന്
അടുത്തേക്ക് നീങ്ങി. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ മൂന്ന് പേരുണ്ട്. ഷാഹിദും ഞാനും
പിന്നെ യാത്രയാക്കാന്‍ വന്ന അച്ഛനും.
മുംബൈ നഗരത്തിലോട്ടു തന്നെയാണ് യാത്ര. 2002 ജനുവരി
അവസാനവാരം നടക്കുന്ന റെയില്‍വേ ജൂനിയര്‍ എഞ്ചിനീയര്‍ പരീക്ഷ എഴുതുകയാണ് ലക്ഷ്യം.
ഓര്‍മ്മ വെച്ചതിനു ശേഷം രണ്ടാമത്തെ പ്രാവശ്യം ആണ് കേരളത്തിനു പുറത്തു പോകുന്നത്.
കോളേജില്‍ നിന്നും ഉള്ള പഠനയാത്ര ആയിരുന്നു ആദ്യത്തേത്.
ഷാഹിദിന്റെ കയ്യില്‍ ഒരു ഹാന്ഡ് ബാഗ് ആണുള്ളത്, പരീക്ഷ കഴിഞ്ഞാല്‍ അവന്‍ തിരിച്ചു പോരും. എന്റെ് കയ്യില്‍ ഒരു സൂട്ട്കേസും ഒരു
ഹാന്ഡ് ബാഗും ഉണ്ട്. കേരളത്തില്‍ പച്ചപിടിക്കാത്തതുകൊണ്ട് മുംബൈ-യിലേക്കുള്ള
പറിച്ചു നടല്‍ ആണ്, വീട്ടുകാരുടെ വക.
സമയം ഉച്ചക്ക് ഏകദേശം 3.30-നോടടുക്കുന്നു. ട്രെയിന്‍ എത്തി, ബോഗികളുടെ നീണ്ട നിര കണ്ടപ്പോള്‍ പണ്ട് നാട്ടുകാരനായ സുജിത്ത് ആദ്യമായി
ട്രെയിന്‍ യാത്രക്ക് പോയപ്പോള്‍ പറഞ്ഞ ഡയലോഗ് ആണ് ഓര്മ്മയ വന്നത്. “പണ്ടാരമടങ്ങാന്‍, ഇത്രെയും നേരം കാത്തു നിന്നിട്ട് ഒരെണ്ണം പോലും വന്നില്ല എന്നിട്ട് വന്നപ്പോ
എല്ലാം കൂടി ഒന്നിച്ച്”.
ടിക്കറ്റിലെ റിസര്‍വേഷന്‍ വച്ച് ഞങ്ങളുടെ കമ്പാര്ട്ടുമെന്റും സീറ്റും
കണ്ടുപിടിച്ചു. ബാഗൊക്കെ എടുത്തു ഭദ്രമാക്കി ലോക്ക് ചെയ്തു വച്ചു, അച്ഛനോട് ടാറ്റാ പറഞ്ഞു യാത്രയായി.
അധികം വടക്കോട്ട് യാത്ര ചെയ്തിട്ടില്ലാത്ത ഞാന്‍ വിന്ഡോ് സീറ്റില്‍ ഇരുന്നു
പുറമെയുള്ള കാഴ്ചകള്‍ കണ്നി്റയെ കണ്ടുകൊണ്ടിരുന്നു. ഷാഹിദിന്റെ അവസ്ഥയും
മറിച്ചായിരുന്നില്ല എന്ന് തോന്നുന്നു. കമ്പാര്ട്ടുമെന്റ് ഒരു വിധം ഫുള്‍ ആയിരുന്നു, അതുകൊണ്ട് തന്നെ വിചാരിച്ച രീതിയില്‍ പഠനം ഒന്നും നടന്നില്ല. കൂടെയുള്ള
യാത്രക്കാരെ പതുക്കെ പരിചയപ്പെട്ടു. മുബൈയിലേക്ക് തന്നെയാണ് മിക്കവരും. പാലക്കാടും, മലപ്പുറവും, കോഴിക്കോടും കടന്നു പയ്യഴിപ്പുഴയുടെ
തീരങ്ങളിലൂടെ ട്രെയിന്‍ വടക്കോട്ട് പോയിക്കൊണ്ടിരുന്നു.
കാസര്ക്കോ ട് സ്റ്റേഷനില്‍ ഇറങ്ങി ഭക്ഷണം വാങ്ങി കഴിച്ചു. കൂടെയുള്ള ‘ബുജി’ എന്ന്
തോന്നിക്കുന്ന ചേട്ടന്‍ ഒരു കുക്കുംബര്‍ മാത്രം കഴിക്കുന്നതുകണ്ട് ഞാന്‍ ചോതിച്ചു.
“ഈ സാധനം മാത്രം കഴിച്ചാല്‍ വിശപ്പ് മാറുമോ”.
“മനുഷ്യന്‍
ആവശ്യം തോന്നുമ്പോഴാണ്, ഭക്ഷണവും അതുപോലെ എല്ലാ കാര്യങ്ങളും
ചെയ്യേണ്ടത്, അല്ലാതെ സമയം നോക്കി ജീവിക്കരുത്. ഇപ്പൊ
എനിക്ക് അത്ര വിശപ്പില്ല, അതുകൊണ്ട് ഈ കുക്കുംബര്‍ മതി”. ‘ബുജി’ ചേട്ടന്റൊ തത്വശാസ്ത്രം.
ട്രെയിന്‍ പിന്നെയും ഓടിക്കൊണ്ടിരുന്നു, കൊങ്കണ്‍
മലനിരകളിലൂടെ. ഇരുട്ടായത് കാരണം, പുറത്തെ കാഴ്ചകള്‍
കാണാന്‍ പറ്റില്ല, കൂടെയുള്ളവരൊക്കെ ഉറക്കം പിടിച്ചു തുടങ്ങി.
ഞാനും ഷാഹിദും കൂടി കമ്പാര്ട്ടുകമെന്റിന്റെ ഡോറിനടുത്ത് പോയി നിന്നു കഥകള്‍
പറച്ചില്‍ ആയി. കാലുകള്‍ കഴച്ചു തുടങ്ങിയപ്പോള്‍ ഇരുന്നായി കഥപറച്ചില്‍, മണിക്കൂറില്‍ 80-100കിമീ വേഗതയില്‍
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിന്റെ തുറന്നിട്ട വാതില്‍പടികളില്‍ ഇരുന്ന്.
മുന്നേ ഉള്ള ചില ട്രെയിയിനുകള്‍ വൈകിയ കാരണം ഞങ്ങളുടെ ട്രെയിനും വൈകി. പനവേല്‍
ജങ്ക്ഷന്‍ എത്തുമ്പോള്‍ രാത്രി ആയിരുന്നു. അമ്മാവന്റെ മകനായ മില്‍ക്കമല്‍ എന്ന
അമ്പാടി ചേട്ടനും പിന്നെ ഒരു അമ്മായിയുടെ അമ്മാവനും ഞങ്ങളെ കാത്ത്
നില്പ്പുകണ്ടായിരുന്നു.
അമ്പാടി ചേട്ടന്‍ ഒരു കേബിള്‍ ടിവി നെറ്റ് വര്ക്കിെങ്ങില്‍ എന്ജികനീയര്‍ ആണ്.
ഈ മില്‍ക്കമല്‍ എന്നാ പേരിനു തന്നെ ഒരു ചരിത്രം ഉണ്ട്. വടക്കേ ഇന്ത്യയില്‍ ജോലി
ചെയ്തിരുന്ന അമ്മാവന്‍ ഹിന്ദി ഭാഷയോടുള്ള ഇഷ്ടം കൊണ്ടാണ് ആദ്യമായി ജനിച്ച ആണ്‍തരിക്ക്
നീല്‍ക്കമല്‍ എന്നാ പേരിടാന്‍ പറഞ്ഞത്. സ്കൂളില്‍ ചേര്ത്തിയപ്പോള്‍ ഹിന്ദി
അറിയാത്ത ഏതോ പ്യൂണ്‍ NILKAMAL-നെ പിടിച്ച് MILKAMAL ആക്കി. അങ്ങിനെയാണ് ലോകത്ത് മറ്റാര്ക്കും കാണാത്ത ഈ പുതിയ പേരിന്റെ ഉത്ഭവം.
അമ്മായിയുടെ അമ്മാവനെ പരിചയപ്പെട്ടു, കൂടെ ഷാഹിദിനെ
അവര്ക്ക് പരിചയപ്പെടുത്തി.
“എങ്ങിനെയുണ്ടായിരുന്നു
യാത്ര”. അമ്പാടി ചേട്ടന്റെ ചോദ്യം.
“കുഴപ്പമില്ല, പക്ഷെ ഇത്ര സമയം അടുപ്പിച്ചു യാത്ര ചെയ്തതുകൊണ്ടാവണം, നല്ല ക്ഷീണം ഉണ്ട്”. ഞാന്‍ മറുപടി പറഞ്ഞു.
“നമുക്ക്
വീട്ടിലേക്കു പോകാം. അവിടെ ചെന്ന് ഒന്ന് കുളിച്ചു ഫ്രഷ് ആയാല്‍ ക്ഷീണം മാറും.
ഇവിടെന്നു ലോക്കല്‍ ട്രെയിനില്‍ പോണം”. അമ്മായിയുടെ അമ്മാവന്റെ ക്ഷണം.
ടിക്കറ്റ് എടുക്കാനൊന്നും നിന്നില്ല, മുംബൈയില്‍
വന്നിട്ട് ആദ്യത്തെ പരിപാടി ‘കള്ളവണ്ടി കയറല്‍’.
വീട്ടില്‍ എത്തി, ഫ്ലാറ്റ് ആണ്, നല്ല ഏരിയ. കുളിച്ചു ഫ്രഷ് ആയി ഭക്ഷണം കഴിഞ്ഞു കിടന്നുറങ്ങി.
കാലത്ത് തന്നെ എണീറ്റു. അമ്പാടി ചേട്ടന്‍ ഞങ്ങളെയും കൂട്ടി അവര്‍ താമസിക്കുന്ന
സ്ഥലത്തേക്ക് പോയി. ‘സാക്കിനാക്ക പൈപ്പ് ലൈന്‍’ അടുത്തുള്ള ഒരു ഗല്ലിയില്‍ ആണ് എത്തിപ്പെട്ടത്. ഞങ്ങളെ റൂമില്‍ ഇരുത്തി
മൂപ്പര് ജോലിക്ക് പോയി
ഒന്നാം നിലയില്‍ ഒരു ബാച്ചിലര്‍ റൂം, നാല് പേര്‍
അവിടെ സ്ഥിര താമസക്കാരുണ്ട് പിന്നെ ഞങ്ങളെപ്പോലെ വന്നുപോകുന്ന അഭയാര്ഥികള്‍ വേറെയും.
അന്നത്തെ ദിവസം വൈകീട്ട് വരെ പരീക്ഷ എഴുതാന്‍ വേണ്ടിയുള്ള പഠനമായിരുന്നു.
വൈകീട്ട് 5.30-ന് അമ്പാടി ചേട്ടന്‍ ജോലി കഴിഞ്ഞു
തിരിച്ചു വന്നു, പിന്നാലെ മറ്റുള്ളവരും. ഒരാള്‍ ജെറ്റ് എയര്‍വെയ്സില്‍
ടെക്ക്നീഷ്യന്‍ ആണ്, മറ്റേ ആള്‍ ഒരു തടിയന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍, പിന്നെ ഒരു സെയില്സ് റെപ്. കൊള്ളാം, ഇത്രയും നല്ല
ജോലിക്കാരൊക്കെ ഈ സെറ്റപ്പില്‍ ആണെങ്കില്‍ പിന്നെ ചെറിയ ജോലിക്കാരുടെ അവസ്ഥ
എന്തായിരിക്കും.
അധികം ആളുകള്ക്ക് നില്ക്കാന്‍ പറ്റാത്ത കാരണം, ഞങ്ങള്‍ ഒരു മലയാളി ഹോട്ടലിലേക്ക് മാറാന്‍ തീരുമാനിച്ചു. ഹോട്ടല്‍ എന്ന്
പറഞ്ഞാല്‍
താഴെ ഒരു റെസ്റ്റോറന്റ്റ്, മുകളില്‍ ഒരു വലിയ ഹാള്‍. ഫുഡ് ആന്ഡ് എക്കമഡേഷന്‍ പാക്കേജ് തന്നെ എടുത്തു
ദിവസേന 100രൂപ.
ബാഗൊക്കെ സുരക്ഷിതമായി വെച്ച് കുറച്ചു നേരം പുറത്തിറങ്ങി പരീക്ഷക്ക് പോകേണ്ട
വഴികളും ബസ് സ്റ്റോപ്പുകളും ഒക്കെ മനസ്സിലാക്കാന്‍ പോയി. തിരിച്ചു വന്നു ഭക്ഷണം
കഴിച്ചു. കിടക്കാന്‍ ചെന്നപോള്‍ ഹാള്‍ നിറയെ ആള്ക്കാര്‍ കിടക്കുന്നു, ചാള അടക്കിവെച്ചതു പോലെയുണ്ട്. അതിനിടയില്‍ തിക്കിത്തിരക്കി കുറച്ചു
സ്ഥലമുണ്ടാക്കി നാളത്തെ പരീക്ഷ എളുപ്പമാകണേ എന്ന് പ്രാര്ഥിച്ചു ഞങ്ങളും
കിടന്നുറങ്ങി.
കാലത്ത് വളരെ നേരത്തെ എണീറ്റു. നല്ല ഇരുട്ട്, ഒന്നും കാണാന്‍ വയ്യ. മറ്റുള്ളവരൊക്കെ ഉറക്കമുണരാത്തത് കൊണ്ട് ലൈറ്റ് ഇടാനും
പറ്റില്ല. തപ്പിപ്പിടിച്ചു പതുക്കെ ബാത്ത്റൂം നോക്കി നടന്നു. കഷ്ടകാലത്തിന് കാല്‍
എടുത്തു വച്ചത് ഒരാളുടെ തലയില്‍, അയാള്‍ ചാടി എണീറ്റ്
എനിക്ക് മനസ്സിലാവാത്ത ഏതോ ഭാഷയില്‍ അയാള്ക്കറിയാവുന്ന എല്ലാ ചീത്തയും വിളിച്ചു.
നല്ലൊരു ദിവസമായിട്ട് തുടക്കം ഘംഭീരം ആയി. ഞാന്‍ സോറി പറഞ്ഞു അയാളെ
സമാധാനിപ്പിച്ചു. പിന്നെ വളരെ സൂക്ഷിച്ചാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തത്.
പരീക്ഷ എഴുതുന്ന സ്ഥലത്തേക്ക് ഞങ്ങളെ കൊണ്ടാക്കാന്‍ കുടുംബസുഹൃത്ത് ആയ
പ്രസന്നന്‍ ചേട്ടന്‍ വന്നിരുന്നു. പുള്ളി പെപ്സി കമ്പനിയിലെ സെയില്‍സ്മാന്‍ ആണ്.
ട്രെയിനും ബസ്സും ഒക്കെ കയറിയിറങ്ങി പരീക്ഷാ കേന്ദ്രത്തില്‍ എത്തി. പരീക്ഷ
എളുപ്പമായിരിക്കും എന്ന ചിന്താഗതി, കൊസ്റ്റ്യന്‍
പേപ്പര്‍ കയ്യില്‍ കിട്ടിയതോടെ മാറിക്കിട്ടി.
പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ഞാന്‍ ഷാഹിദിനോട് അഭിപ്രായം ചോദിച്ചു.
“റെയില്‍വേക്കാര്‍
ചതിച്ചെടാ,
ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍
ചോദ്യങ്ങള്‍ ആയിരുന്നു കൂടുതല്‍. നമുക്ക് അടുത്ത പ്രാവശ്യം നോക്കാം.”. ഷാഹിദ് ഒരു
ഒഴുക്കന്‍ മട്ടിലാണ്.
“എന്നാലും
കഷ്ട്പ്പെട്ട് കേരളത്തില്‍ നിന്നും ഇവിടെ വന്നിട്ട് എഴുതിയ പരീക്ഷ
ഇങ്ങിനെയായിപ്പോയല്ലോ”. ഞാന്‍ വിഷമം പങ്കിട്ടു.
ഉച്ചത്തെ ഭക്ഷണത്തിന് തിരിച്ചു ഹോട്ടലില്‍ എത്തി. പരീക്ഷ എഴുതി
ക്ഷീണിച്ചുപോയതുകൊണ്ട് കുറച്ചു നേരം കിടന്നുറങ്ങി. അമ്പാടി ചേട്ടന്റെ വിളി
കേട്ടാണ് ഞങ്ങള്‍ എഴുന്നേറ്റത്. പരീക്ഷയുടെ വിശേഷങ്ങള്‍ പറഞ്ഞു. ആള്ക്ക് ഇതൊന്നും
ഒരു പുത്തരി അല്ല, എത്രയോ പരീക്ഷകള്‍ എഴുതിയിരിക്കുന്നു.
മനസ്സിന് ഒരു ഉണര്‍വ്വ് കിട്ടാനായി ഞങ്ങള്‍ പുറത്തു കറങ്ങാന്‍ പോയി. വഴിയില്‍
നിന്നും 5രൂപയ്ക്കു കിട്ടുന്ന ഫ്രൂട്ട്സ് സെറ്റ് (ബ്ലേഡിന്റെ കനമുള്ള ഒരു പൈന്ആപ്പിള്‍
കഷണം, ഒരു തണ്ണിമത്തന്‍ കഷണം, ഒരു പേരക്കാ കഷണം അടങ്ങിയതാണ് ഫ്രൂട്ട്സ്
സെറ്റ്) വാങ്ങിക്കഴിച്ചു മൂന്നാളും.
കറങ്ങി തിരിഞ്ഞ് എത്തിയത് ഒരു സ്റ്റുഡിയോയുടെ മുന്നില്‍. മലയാളികളുടെ
സ്റ്റുഡിയോ ആണ്. അമ്പാടി ചേട്ടന്റെ റൂമില്‍ കണ്ട മറ്റു മൂന്നുപേരും അവിടെ ഹാജര്‍
ആയിട്ടുണ്ട്. വിജനമായ സാക്കിനാക്കാ പൈപ്പ് ലൈന്‍, വൈകീട്ട് 5മണിക്ക് പരിശോധിക്കുന്ന വണ്ടിയുടെ ഓട്ടം
നിലക്കുന്നതോടെ വഴിയോര വാണിജ്യകേന്ദ്രമായി മാറും. അവിടെ വരുന്ന മലയാളികള്‍
അടക്കമുള്ളവരെ വായില്‍ നോട്ടം ആണ് പ്രധാന പരിപാടി, കൂടെ നാട്ടിലെ രാഷ്ട്രീയവും പഴയകാല വീര കഥകളും. ഞങ്ങളും അവരുടെ കൂടെ കൂടി.
അതിനിടയില്‍ അണിഞ്ഞൊരുങ്ങിയ ഒരു സുന്ദരി തിരക്ക് പിടിച്ച് യാത്രക്കാരുടെ
ഇടയില്‍ നിന്നും ഞങ്ങളുടെ മുന്പിലൂടെ കടന്നു പോയി. എന്റെയും ഷാഹിദിന്റെയും നോട്ടം
കണ്ടപ്പോള്‍ സ്റ്റുഡിയോക്കാരന്‍ ചേട്ടന്‍ അടുത്തു വന്നു.
“കോട്ടയംകാരിയാ, ഇവിടെ അടുത്താ താമസം, കല്യാണം കഴിച്ചിട്ടും ഇല്ല. പക്ഷെ ഒരു
കുഴപ്പമേ ഉള്ളൂ, ആ കാണുന്ന ഡാന്‍സ് ബാറില്‍ ആണ് ജോലി. ഞങ്ങള്‍
ഇടക്കൊക്കെ പോകാറുണ്ട്”.
വിശേഷണങ്ങള്‍ കേട്ടതോടെ സീന്‍ പിടുത്തം അവസാനിപ്പിച്ചു ഞങ്ങള്‍ മാന്യന്മാര്‍
ആയി.
എന്നാലും രണ്ടു ദിവസം കഴിഞ്ഞ് ഷാഹിദ് പോകുന്ന വരെ സ്റ്റുഡിയോ തന്നെയായിരുന്നു
കര്മ്മസ്ഥലം.
ഷാഹിദ് യാത്രയായി, തിരിച്ചു നാട്ടിലേക്ക്. പിന്നീടുള്ള നാളുകള്‍
ഞാന്‍ തനിച്ചായി. ഹോട്ടലില്‍ ഒരു ദിവസം കൂടിയേ നിന്നുള്ളൂ, പിന്നെ പ്രസന്നന്‍ ചേട്ടന്റെ വീട്ടിലേക്കു മാറ്റി താമസം. വീട് എന്ന് പറഞ്ഞാല്‍
ഒരു സെറ്റപ്പ് ആണ്. ഒരു കുഞ്ഞു വരാന്ത (സ്റ്റോര്‍ ആയി ആണ് ഉപയോഗിക്കുന്നത്) പിന്നെ
ഒരു മുറി,
അത്രേം ഉള്ളൂ. അടുക്കളയും കുളിമുറിയുമൊക്കെ ആ
ഒറ്റമുറിക്കകത്ത് തന്നെയാണ്. പിന്നെ പബ്ലിക് ടോയ്‌ലറ്റ് പുറത്തുണ്ട്, പക്ഷെ നല്ല ക്യൂ ഉണ്ടാകും കാലത്ത്.
പിറ്റേന്ന് മുതല്‍ ജോലി അന്വേഷണം ആരംഭിച്ചു. പത്രം നോക്കി പല കമ്പനികളിലേക്കും
ബയോഡാറ്റ ഫാക്സ് ആയും മെയില്‍ ആയും അയക്കും, വഴി
അറിയാത്തതുകൊണ്ട് ഓഫീസില്‍ പോയി കൊടുക്കാനൊന്നും പറ്റിയില്ല. ഉച്ച മുതല്‍ വീട്ടില്‍
വന്നു ടിവി കണ്ടു സമയം കളയും.
പാചകം ഒന്നും അറിയാത്തത് കൊണ്ട് പുറത്തു നിന്നാണ് മിക്കപ്പോഴും ഭക്ഷണം.
കാലത്ത് വല്ല പോറോട്ടയോ മസാലദോശയോ കഴിക്കും. ഉച്ചക്കും വൈകീട്ടും മിക്കപ്പോഴും
ഹാഫ് ചിക്കന്‍ ഫ്രൈഡ് റൈസ് ആണ്. കയ്യില്‍ കാശ് കുറെ ഉള്ളതുകൊണ്ടാണ് ചിക്കന്‍
ഫ്രൈഡ് റൈസ് കഴിക്കുന്നത് എന്ന് വിചാരിക്കരുത്. വെജിറ്റബിള്‍/ചിക്കന്‍/ഫിഷ്
മുതലായ കറികള്ക്ക് മാത്രം കുറഞ്ഞത് 20രൂപയാണ് പിന്നെ
ചപ്പാത്തിക്ക് വേറെയും. ഹാഫ് ചിക്കന്‍ ഫ്രൈഡ് റൈസിന് 15 രൂപയെ ഉള്ളൂ, നേപ്പാളി ഉണ്ടാക്കുന്നതുകൊണ്ട് നല്ല
ടേസ്റ്റും ആണ്.
ദിവസങ്ങള്‍ കടന്നു പോയി, ഒന്ന് രണ്ടു കമ്പനി
വെറുതെ വിളിച്ചത് ഒഴിച്ചാല്‍ ജോലി അന്വേഷണം ഒരിടത്തും എത്തിയില്ല.
കയ്യിലുണ്ടായിരുന്ന പൈസ തീര്ന്നു തുടങ്ങി. നാട്ടില്‍ വിളിച്ച് പൈസ അയപ്പിച്ചു.
പ്രസന്നന്‍ ചേട്ടന്‍ നല്ല തണ്ണിയടി ആണ്. പക്ഷെ ഒറ്റയ്ക്ക് വീട്ടില്‍ വച്ച്
മാത്രമേ കഴിക്കൂ, ജോലിക്ക് പോകുമ്പോള്‍ കഴിക്കുകയുമില്ല.
പലപ്പോഴും ടാര്ജെറ്റ് തികക്കാന്‍ കോള വീട്ടില്‍ കൊണ്ട് വന്നു വച്ചിട്ട് വ്യാജ
ബില്‍ ഉണ്ടാക്കും, കഴുത്തിലുള്ള മാല പണയം വച്ചൊക്കെ പൈസ
മുട്ടിക്കും.
ആള് ജോലി കഴിഞ്ഞ് എത്താന്‍ രാത്രി ആകും, പലപ്പോഴും ഞാന്‍
ഉറങ്ങിയിട്ടുണ്ടാകും. ഒരു ദിവസം ഞാന്‍ വാതില്‍ അടക്കാതെ കിടന്നുറങ്ങിപ്പോയി.
ചാരിയിട്ട വാതില്‍ തുറക്കുന്ന ചെറിയ ശബ്ദം കേട്ട ഓര്മ്മയുണ്ട്, പ്രസേന്നന്‍ ചേട്ടന്‍ ആയിരിക്കും എന്ന് വച്ച് ഞാന്‍ എണീറ്റില്ല, കുറച്ചു കഴിഞ്ഞപ്പോള്‍ വാതില്‍ അടക്കുന്ന ശബ്ദവും. പിന്നീട് ശരിക്കും ഉള്ള ആള്‍
വന്നപ്പോളാണ് അറിയുന്നത് ഏതോ ലോക്കല്‍ കള്ളന്‍ കയറിയതാനെന്നു. പാന്റ്സ് ഒക്കെ
പരിശോദിച്ചിട്ട് ഒന്നും കിട്ടാതായപ്പോള്‍ അവിടെ ഉണ്ടായ കുറച്ചു കോള എടുത്തു
കൊണ്ടുപോയി,
പാവം കള്ളന്‍.
റൂമില്‍ വെറുതെ ഇരുന്നു ബോറടിക്കുന്നതു കാരണം പ്രസന്നന്‍ ചേട്ടന്റെ കൂടെ
പെസ്പിക്കാരുടെ വണ്ടിയില്‍ കയറി പോകും. കൂടെ 2 ഡെലിവറി ബോയ്സ്
ഉണ്ട്,
ഒരാള്‍ ഉത്തര്പ്ര്ദേശുകാരന്‍ ആയ ഒരു ഭയ്യ, പിന്നെ ഒരു ആന്ഡ്രാടക്കാരനും. യാത്രക്കിടയില്‍, ഇഷ്ട്ടംപോലെ കോള കുടിക്കാം. എല്ലാരും പെപ്സി എടുക്കുമ്പോള്‍ ഞാന്‍ മാങ്ങയുടെ
പള്പ്പ് ഉള്ള ‘മംഗോള’ ആണ് കുടിക്കാറ്.
റെയില്‍വേ സ്റ്റേഷനിലെ കടകളിലാണ് പ്രസന്നന്‍ ചേട്ടന്‍ കോള ഡെലിവറി
ചെയ്തിരുന്നത്. ഏതെങ്കിലും റെയില്‍വേ സ്റ്റേഷനില്‍ എന്നെ ഇറക്കി വിടും, അവിടെന്ന് പല ട്രെയിനുകളില്‍ ഒക്കെ കയറി കറങ്ങി തിരിഞ്ഞ് സമയം കളഞ്ഞു ഞാന്‍
അവസാന ചത്രപതി ശിവാജി ടെര്മിനലില്‍ എത്തും. അവിടെന്നു പിന്നെ പ്രസന്നന്‍ ചേട്ടന്റെ
കൂടെ തിരിച്ചു പോരും. അതിനിടയില്‍ ഉച്ചക്കലെ ഭക്ഷണം കഴിക്കും, പൂരിയടങ്ങിയ താലി ആണ് എന്നും, കൂടെ ലസ്സിയും.
ഒരിക്കല്‍ സമയം കിട്ടിയതുകൊണ്ട് ക്യാമറയും എടുത്ത് ‘ഗേറ്റ് വേ ഓഫ്
ഇന്ത്യ’ കാണാന്‍ പോയി, മുംബൈയില്‍ വൃത്തിയുള്ള സ്ഥലങ്ങള്‍ ഉണ്ടെന്നു
അന്നാണ് മനസ്സിലായത്. സിനിമാ താരങ്ങള്‍ താമസിക്കുന്ന പ്രസിദ്ധമായ ജുഹുബീച്ചും
താജ്മഹല്‍ ഹോട്ടലും അന്ന് കണ്ടു. കുറെ വിനോദസഞ്ചാരികള്‍ ബോട്ടുകളില്‍ കയറി
എലെഫന്ടാ ദ്വീപിലേക്ക് യാത്ര ചെയ്യുന്നത് കാണാമായിരുന്നു.
ഇങ്ങിനെ കറങ്ങുന്ന സമയത്ത് പല റിക്രൂട്ട്മെന്റ് ഏജന്സികളിലും പേര് രജിസ്റ്റര്‍
ചെയ്തിരുന്നു. അതില്‍ ഒരു കൂട്ടര്‍ ഇന്റര്‍വ്യൂവിന് വിളിച്ചു. ജോലി കിട്ടിയാല്‍
ഒരു മാസത്തെ ശമ്പളം അവര്ക്ക് കൊടുക്കണം. എന്നാലും കുഴപ്പമില്ല ഇനിയും ജോലിയില്ലാതെ
നില്ക്കാന്‍ പറ്റില്ല.
സൈറ്റ് എഞ്ചിനീയര്‍ ആണ് പോസ്റ്റ്. ഇന്റര്‍വ്യൂ നടന്നു, അധികം ജോലി പരിചയം ഒന്നും ഇല്ലാത്തതുകൊണ്ട് അറിയാവുന്ന കാര്യങ്ങള്‍ അറിയാവുന്ന
മുറി ഇംഗ്ലിഷില്‍ പറഞ്ഞു. ചോദിച്ചത് ചെറിയ ശമ്പളം ആയതുകൊണ്ട് ജോലി കിട്ടാന്‍
സാധ്യത തെളിഞ്ഞു. എന്ന് മുതല്‍ ജോലിക്ക് വരാന്‍ പറ്റുമെന്നായിരുന്നു അടുത്ത ചോദ്യം, അന്ന് വേണമെങ്കില്‍ അന്ന് തന്നെ ജോയിന്‍ ചെയ്യാവുന്ന അവസ്ഥയായിരുന്നു എന്റേത്, എന്നാലും അടുത്ത തിങ്കള്‍ മുതല്‍ ഓക്കേ ആണെന്ന് ഞാന്‍ പറഞ്ഞു.
“തിങ്കളാഴ്ച
വേണ്ട,
സൈറ്റ് സ്റ്റാര്‍ട്ടാകാന്‍ 10 ദിവസം എടുക്കും, ഞങ്ങള്‍ വിളിക്കാം. ഫോണ്‍ നമ്പര്‍
റിസെപ്ഷനില്‍ കൊടുത്ത് പൊയ്ക്കോളൂ”. മാനേജരുടെ തീരുമാനം
പ്രസന്നന്‍ ചേട്ടന്റെ് ഫോണ്‍ നമ്പര്‍ കൊടുത്ത് ഞാന്‍ തിരിച്ചു പോന്നു.
പോരുന്ന വഴിയില്‍ ബസില്‍ വച്ച് തലയില്‍ എന്തോ വേദന എടുക്കുന്ന പോലെ. വീട്ടില്‍
വന്നു നോക്കിയപ്പോള്‍, ചെറിയ കുരുക്കള്‍ ആണ്. മുംബൈയിലെ
വെള്ളത്തിന്റെ ആകും എന്നാണ് വിചാരിച്ചത്. പ്രസന്നന്‍ ചേട്ടന്‍ വന്നപ്പോള്‍
ജോലിക്കാര്യം പറഞ്ഞു, കൂടെ തലയുടെ കാര്യവും. തലയുടെ അവസ്ഥ
കണ്ടപ്പോള്‍ തന്നെ പ്രേസേന്നന്‍ ചേട്ടന്‍ എന്നെയും കൂട്ടി അടുത്തുള്ള ഒരു
ഡോക്ടറുടെ അടുത്തു പോയി. അധികം പരിശോദന ഒന്നും വേണ്ടി വന്നില്ല. ഡോക്ടര്‍ കാര്യം
പറഞ്ഞു
“ചിക്കന്‍ പോക്സ്” അഥവാ സ്മോള്‍
പോക്സ്.
അടുത്ത ദിവസം ആയപ്പോഴേക്കും ചിക്കന്‍ പോക്സ് കരുത്താര്ജിുച്ചു. ലോക്കല്‍
ഡോക്ടറുടെ മരുന്നില്‍ നില്ക്കാതെ വന്നപ്പോള്‍ എന്നെ കുറച്ചകലെയുള്ള ഒരു
ഗവണ്മെന്റ്ല ഹോസ്പിറ്റലില്‍ കൊണ്ട് പോയി. കൈക്കൂലി കൊടുത്ത് ഒരു ബെഡ്
സംഘടിപ്പിച്ചു. സാധാരണ ഗവണ്മെന്റ്െ ഹോസ്പിറ്റലുകള്ക്ക് അപവാദമായി നല്ല വൃത്തിയും
വെടുപ്പും ഉള്ള ഹോസ്പിറ്റല്‍.
നല്ല ഡോസ് ഉള്ള മരുന്നുകള്‍ ആയതുകൊണ്ട് സാധാരണ ഉണ്ടാകാറുള്ള ശരീരം വേദന ഒന്നും
ഉണ്ടായില്ല. കാലത്ത് കഴിക്കാന്‍ പാലും ബ്രെഡും ചായയും, ഉച്ചക്കും വൈകീട്ടും ചപ്പാത്തിയും കറിയും, ഇടയ്ക്കു
ശരീരത്തിന് തണുപ്പ് കിട്ടാന്‍ പലതരത്തിലുള്ള ഫ്രൂട്ട്സ്.
‘സംഭവം ആകെ
കുശാല്‍, ജോലി ശരിയാകും വരെ ഇവിടെ തന്നെ കൂടാം’. ഞാന്‍ മനസ്സില്‍ പറഞ്ഞു.
സുഖവിവരങ്ങള്‍ അന്വേഷിക്കാന്‍ വേണ്ടപ്പെട്ടവര്‍ ഇടയ്ക്കിടയ്ക്ക് വരും.
ഹോസ്പിറ്റലിലെ അവസ്ഥ കണ്ടു അമ്പാടി ചേട്ടന്‍ ഒരിക്കല്‍ പറഞ്ഞു.
“ആ ചെറിയ
ബാച്ചിലര്‍ റൂമില്‍ കിടന്ന് ഈ വിശാലമായ റൂമും ബെഡും കാണുമ്പോള്‍ ഇവിടെ കിടക്കാന്‍
തോന്നിപ്പോകുന്നു”.
അസുഖവിവരം നാട്ടില്‍ അറിഞ്ഞപ്പോള്‍, എന്നെ തിരിച്ചു
നാട്ടില്‍ എത്തിക്കാനുള്ള തീരുമാനമായി, മുംബൈ അല്ലെ
വീട്ടുകാര് പേടിച്ചു കാണും. കുറെ ദിവസം ഹോസ്പിറ്റലില്‍ കിടന്നപ്പോള്‍ എന്റെ
ചിന്തയും ആ വഴിക്കായി. ഇന്റര്‍വ്യൂ നടത്തിയ കമ്പനിക്കാര്‍ വിളിച്ചതുമില്ല.
7 ദിവസം കഴിഞ്ഞപ്പോള്‍ ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്ജ് ആയി. നേരെ പോയി
നേത്രാവതിക്ക് നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. മാര്ച്ച് ഒന്നിന്.
കാത്തിരുന്ന മാര്ച്-1 എത്തി, കൂടെ
കാത്തിരിക്കാതെ വന്ന ഒരു ഭാരത് ബന്ദും. ഗോദ്ര സംഭവം കാരണം വിഎച്ച്പിയുടെ വകയാണ്
ബന്ദ്. മുംബൈയില്‍ അവര്ക്ക് നല്ല പിടിപാടുള്ളതുകൊണ്ട് ഒരു സൈക്കിള്‍ പോലും
ഓടുന്നില്ല. സാധാരണ നിലയില്‍ ഒരു ബസും രണ്ടു ട്രെയിനും കയറി വേണം നേത്രാവതി
പുറപ്പെടുന്ന ലോകമാന്യതിലക് ടെര്മിനല്‍സ് എത്താന്‍.
വണ്ടി നോക്കിയിരുന്നിട്ടു കാര്യം ഒന്നും ഇല്ല. പെട്ടിയെടുത്തു പ്രസന്നന്‍ ചേട്ടനും
ബാഗ് എടുത്തു ഞാനും നടന്നു, റെയില്‍വേ ലൈനിനു
അടുത്തേക്ക്. 2കിമീ നടന്നപ്പോള്‍ ജോഗേശ്വര്‍ സ്റ്റേഷനില്‍
എത്തി. കയ്യും കാലും ആകെ തളര്ന്നു , കൂടാതെ
വിയര്ത്തു കുളിച്ചു ഒരു പരുവം ആയി.
ലോക്കല്‍ റെയില്‍വേ സ്റ്റേഷന്‍ ആണ്. അവിടെയെത്തിയപ്പോള്‍ ആണ് അറിയുന്നത് ബന്ദ്
കാരണം എല്ലാ ലോക്കല്‍ ട്രെയിനും നിര്ത്തി് വച്ചിരിക്കുകയാണെന്ന്. അടുത്തുള്ള
ഫാസ്റ്റ് ട്രെയിന്‍ സ്റ്റേഷന്‍ എത്താന്‍ ഇനിയും 5കിമീ കൂടി നടക്കണം, അതിനുള്ള ശേഷി ഇല്ല.
ഇന്നത്തെ നേത്രാവതി പോക്കായി എന്ന് കരുതി വിഷമിച്ചു നില്ക്കുസമ്പോഴാണ് ദൈവം
കൊണ്ട് വന്ന പോലെ ഒരു ഫാസ്റ്റ് ട്രെയിന്‍ അവിടെ വന്നു നിന്നത്. സിഗ്നല്‍ ക്ലിയര്‍
ആവാത്ത കാരണം നിര്ത്തിയതാണ്. മുന്നില്‍ കണ്ട കമ്പാര്ട്ട്മെന്റിലേക്കു ഓടിക്കയറി, സ്ത്രീകള്‍ മാത്രമേ ഉള്ളൂ എന്ന് കണ്ടപ്പോള്‍ അബദ്ധം മനസ്സിലായി. വേഗം തന്നെ
ഇറങ്ങി അടുത്ത കമ്പാര്ട്ട്മെന്റില്‍ കുത്തിത്തിരുകി കയറി.
നേരെ ചെന്നത് അന്ധേരി സ്റ്റേഷനില്‍. റെയില്‍വേ ട്രാക്കിലൂടെ
പ്ലാറ്റ്ഫോമിലേക്ക് കടക്കുമ്പോള്‍ ഒരു ഫാസ്റ്റ് ട്രെയിന്‍ അടുത്തുകൂടി ചൂളം
വിളിച്ചു പോയി. ഞാന്‍ ആത്മഹത്യ ചെയ്യാന്‍ ചാടിയതാണെന്നു കരുതിക്കാണും. അന്ധേരിയില്‍
നിന്നും കൃത്യ സമയത്തിനു അടുത്ത ട്രെയിന്‍ കിട്ടി.
ലോകമാന്യതിലക് ടെര്‍മിനല്‍സില്‍ എത്തിയപ്പോള്‍ നേത്രാവതി പുറപ്പെടാന്‍ 10 മിനുട്ടുകൂടിയെ ഉണ്ടായുള്ളൂ. പുറത്തു നിന്ന് ഒരു മീല്സ് വാങ്ങി കൊണ്ടുവന്ന
പ്രസന്നന്‍ ചേട്ടനോട് ഇത്രനാളും എനിക്ക് വേണ്ടി കഷ്ടപ്പെട്ടതിനു നന്ദി പറഞ്ഞു.
ട്രെയിന്‍ യാത്രയായി.
അകലെ,
കണ്ണില്‍ നിന്നും മറഞ്ഞുകൊണ്ടിരിക്കുന്ന മുംബൈ എന്ന മഹാ
നഗരത്തെ നോക്കി ഞാന്‍ പറഞ്ഞു.
“ഇനിയിങ്ങോട്ടില്ല, ഒരിക്കലും”.
വീട്ടിലെത്തി ചികിത്സ ഒക്കെ കഴിഞ്ഞ് കുറച്ചു ദിവസങ്ങള്ക്ക് ശേഷം അമ്മാവന്റെ
വീട്ടില്‍ പോയപ്പോള്‍ ആണ് അറിയുന്നത് അമ്പാടി ചേട്ടനും ചിക്കന്പോെക്സ് പിടിച്ചു
ഹോസ്പിറ്റലില്‍ ആണെന്ന്.
എന്താല്ലേ. “രോഗി ഇച്ചിച്ചതും വൈദ്യന്‍ കല്പിച്ചതും ഒന്ന് തന്നെ”.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ