2015, ജനുവരി 1, വ്യാഴാഴ്‌ച

ഒരു ക്ലബിന്‍റെ ജനനം.



വിശ്രമവേളകള്‍ ആനന്ദകരം ആക്കണമെന്നാണല്ലോ എല്ലാരുടെയും ചിന്ത. അങ്ങിനെ സ്കൂളില്‍ പഠിക്കുന്ന കാലത്തെ ഒരു വിശ്രമ വേള ആനന്ദകരമാക്കാന്‍ ഞങ്ങളും\ ഇറങ്ങി പുറപ്പെട്ടു.
ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ചേട്ടനും രജിത്തും രാജനും കുട്ടമ്മോനും ഉള്‍പ്പെടെ അഞ്ചാറു പേരുണ്ട്. എല്ലാരുടെ കയ്യിലും ഉണ്ട് ശീമക്കൊന്നയുടെ ഓരോ നീണ്ട വടിയും ഓരോ ചിരട്ടയും. വടിയും കുത്തിപ്പിടിച്ച് ഭിക്ഷ എടുക്കാനോന്നുമല്ല കേട്ടോ, അറപ്പത്തോടിനടുത്തോട്ടാണ് യാത്ര.
പൊന്നോണം വള്ളക്കാര്‍ വല നെയ്യാന്‍ കൊണ്ട് വെച്ച നൂലെടുത്തു കെട്ടി ചൂണ്ടയുണ്ടാക്കി എല്ലാവരും അറപ്പത്തോടിലേക്ക് വളഞ്ഞ തെങ്ങിലും, കലങ്കിലും പാലത്തുമ്മലും ഒക്കെയായി സ്ഥാനം പിടിച്ചു.
ചിലര്‍ക്ക് ഒന്നുരണ്ടു ചെറിയ പള്ളത്തിയെ കിട്ടിയതൊഴിച്ചാല്‍ മണിക്കൂറ് രണ്ട് കഴിഞ്ഞിട്ടും ആരുടെ ചൂണ്ടയിലും കാര്യമായ ഒരു മീനെയും കിട്ടിയില്ല.
അന്നത്തെ കച്ചവടം അവസാനിപ്പിച്ചു തിരികെ പോരാന്‍ ഒരുങ്ങിയപ്പോഴാണ് രാജന്‍റെ ചൂണ്ടയില്‍ വലിയ എന്തോ മീന്‍ കൊത്തിയത്. എല്ലാവരും രാജന്‍റെ ചുറ്റും കൂടി. വിജയശ്രീലാളിതന്റെ ഭാവത്തില്‍ രാജന്‍ ചൂണ്ട പിടിച്ചു പോക്കി
അളിയാ പാമ്പ്
ചൂടയിട്ടു ഓടി എല്ലാവരും.
കിതപ്പോക്കെ മാറിയപ്പോള്‍ ചൂണ്ടയില്‍ കുടുങ്ങിയത് പാമ്പ് തന്നെ ആണോ എന്ന് നോക്കാന്‍ തീരുമാനിച്ചു തിരിച്ചു ചെന്നപ്പോള്‍ ചൂണ്ട കാണാനില്ല. അന്വേഷണത്തിനൊടുവില്‍ കലങ്കിന്‍റെ അടുത്തു ചൂണ്ടയുടെ വടി കണ്ടു. പതുക്കെ പിടിച്ചു പൊക്കിയപ്പോള്‍ ചൂണ്ടയില്‍ കൊളുത്ത സാധനം പോയിട്ടില്ല, പാമ്പല്ല, പക്ഷെ കാഴ്ചയില്‍ വരാലിന്റെയും പാമ്പിന്റെയും ഇടയില്‍ ഉള്ള ഒരു ജീവി.
ചൂണ്ടയോടെ മീനെയും പൊക്കിപ്പിടിച്ച് അറപ്പത്തോടിനടുത്തു നിന്നും വീടിനടുത്തേക്ക് തിരിച്ചു പോയി. പുതിയ മീനെ കാണാന്‍ കുറെ കൂട്ടുകാര്‍ ചുറ്റും കൂടി. നായാട്ടിനു പോയി പുലിയേയും കൊണ്ട് വരുന്ന ആളുകളെപ്പോലെയായിരുന്നു ഞങ്ങളുടെ സന്തോഷം. 
ചൂണ്ടയിലെ മീനെ കണ്ടപ്പോള്‍ മീനെ കുറിച്ച് അറിയാവുന്ന ഒരു കാരണവര്‍ പറഞ്ഞു അതിന്റെ പേര് മലിഞ്ഞീന്‍ എന്നാണെന്ന്. മലിഞ്ഞീനിന്റെ ഗുണഗണങ്ങള്‍ അറിയാവുന്നതുകൊണ്ട്‌ കാരണവര്‍ക്ക് അത് കിട്ടിയാല്‍ കൊള്ളാമെന്നായി.
മക്കളെ, ആ മീന്‍ എനിക്ക് തരുമോ. നിങ്ങള്‍ എന്തായാലും അതിനെ വെറുതെ കളയുകയല്ലേ ഉള്ളൂ.
വെറുതെ തരാനൊന്നും പറ്റില്ല അമ്മാവോ, അഞ്ചാറാളുടെ രണ്ട് മണിക്കൂറത്തെ അധ്വാനമാ ഈ സാധനം. അതുകൊണ്ട് 5രൂപ തന്നാല്‍ തരാം.
5രൂപ ഞങ്ങള്‍ക്ക് വലിയ തുക ആയിരുന്നെങ്കിലും കാരണവര്‍ക്ക്‌ അതൊരു ചെറിയ തുകയായിരുന്നു. അതുകൊണ്ട് പൈസ തന്നു മീനേം വാങ്ങി കാരണവര്‍ വീട്ടിലേക്കു പോയി.
പൈസ എന്തെങ്കിലും കയ്യില്‍ കിട്ടിയാല്‍ നേരെ അലിഫില്‍ പോയി എന്തെങ്കിലും വാങ്ങിക്കഴിക്കുകയാണ് പതിവ്. എന്നാല്‍ ഇപ്രാവശ്യം അത് വേണ്ട എന്ന തീരുമാനമാണ് പൊതുവില്‍ ഉണ്ടായത്. എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്ക് എടുക്കാം എന്ന ചിന്തയില്‍ ആ 5രൂപ ചേട്ടന്റെ കയ്യില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു.
ദിവസങ്ങള്‍ കുറച്ചു കഴിഞ്ഞു. 5രൂപ കൊണ്ട് കാര്യമായ ഒന്നും ചെയ്യാന്‍ പറ്റില്ല എന്നത് മനസ്സിലാക്കിയപ്പോള്‍ മൂലധനം വികസിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു. 3രൂപ വീതം ആഴ്ചയില്‍ ഇടണം. അഞ്ചാറ്പേര്‍ മാത്രം പിരിവിട്ടാല്‍ മാത്രം ഒന്നും ആവില്ല എന്നതുകൊണ്ട്‌ ആളെ കൂട്ടാനുള്ള പരിപാടിയായി അടുത്തത്‌.
അങ്ങിനെയാണ് സീഗള്‍ എന്ന ഗ്രൂപ്പും ഡിങ്കന്‍ (ബാലമംഗളത്തിലെ ഡിങ്കന്‍ തന്നെ) എന്ന ഗ്രൂപ്പും ലയിച്ച് വിന്‍സ്റ്റാര്‍ എന്ന ക്ലബ്‌ നിലവില്‍ വരുന്നത്. ഗള്‍ഫില്‍ നിന്നും വന്നപ്പോള്‍ അച്ഛന്‍ ചേട്ടന് സമ്മാനമായി കൊടുത്ത വാച്ചിന്‍റെ പേരാണ് വിന്‍സ്റ്റാര്‍ എന്ന വസ്തുത ഇന്നും പലര്‍ക്കും അറിയില്ല.
വരി സംഖ്യ ഏകദേശം 200 രൂപയായപ്പോള്‍ അധികം വീടുകളിലൊന്നും ടിവിയും വിസിആറും ഇല്ലാതിരുന്ന അനത്തെ കാലത്ത് വാടകയ്ക്ക് ടിവി എടുത്ത് ഒരു സിനിമാ പ്രദര്‍ശനം ആണ് ഞങ്ങളുടെ ക്ലബ്‌ ആദ്യമായി നടത്തിയത്. ആദ്യത്തെ സിനിമ ജുറാസിക് പാര്‍ക്ക് ആയിരുന്നു.
വരിസംഖ്യയുടെ വരവിനനുസരിച്ച്‌ ക്ലബ്ബിന്റെ പ്രവര്‍ത്തന മേഖലകളും വളര്‍ന്നു. സ്വന്തമായി ഒരു ക്രിക്കറ്റ് ടീമും ക്രിക്കറ്റ്‌ ഗ്രൌണ്ടും ഉണ്ടാക്കി ടൂര്‍ണമെന്റുകള്‍ നടത്തി. കലാ മേഖലയെ പരിപോഷിപ്പിക്കാന്‍ വാര്‍ഷികാഘോഷവും ഓണക്കളിയും ഒക്കെ സംഘടിപ്പിച്ചു. ബസ്‌ യാത്രക്കാര്‍ക്ക് വേണ്ടി വെയിറ്റിംഗ് ഷെഡ്‌ നിര്‍മ്മിച്ചു.
വെറും വിന്‍സ്റ്റാര്‍-ല്‍ നിന്ന് വിന്‍സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്‌ എന്ന രജിസ്തര്‍ ചെയ്ത പ്രസ്ഥാനമായി മാറി.
ക്രിക്കറ്റ് കളിയില്‍ ബദ്ധവൈരികളായ ശക്തരായ കാപ്സ് എലവനോട് പലപ്പോഴും തോല്‍വി ഏറ്റു വാങ്ങിയിരുന്നെകിലും രണ്ടു ടൂര്‍ണമെന്റുകളില്‍ കാപ്സ് എലവനെ തോല്‍പ്പിച്ചു കപ്പ്‌ കരസ്ഥമാക്കി ഞങ്ങളുടെ ക്ലബ്‌.
പുതുമ എന്ന സമാന്തര ക്ലബിലെ ഭാരവാഹികളും കാലക്രെമേണ ക്ലബ്‌ തന്നെയും വിന്‍സ്റ്റാറില്‍ അലിഞ്ഞു ചേര്‍ന്നു.
ഇക്കാലമത്രെയും സ്റ്റേജ് കെട്ടിയുള്ള ഒരു പ്രോഗ്രാം ചെയ്യാന്‍ ഉള്ള ചങ്കുറപ്പും കരളുറപ്പും ആര്‍ക്കും ഉണ്ടായിരുന്നില്ല. മാത്രമല്ല അതൊക്കെ വളരെ ചിലവുള്ള ഏര്‍പ്പാടായിരുന്നു.
പില്‍ക്കാലത്ത് നടന്ന ഒരു പൊതുയോഗത്തില്‍ വാര്‍ഷിക ആഘോഷം നോട്ടീസ് അടിച്ചു പിരിവു നടത്തി ഗംഭീരമാക്കാന്‍ തീരുമാനമായി.
പിരിവിനു പോകുക എന്നത് വളരെ രസകരമായ പരിപാടി ആയിരുന്നു അന്നൊക്കെ. പാവപ്പെട്ട വീട്ടുകാരൊക്കെ 10-ഉം 20-ഉം രൂപ ഒക്കെ തന്നു സഹകരിക്കുമ്പോള്‍ പണക്കാരുടെ വീട്ടില്‍ നിന്നും 2-ഉം 5-ഉം രൂപയാണ് പലപ്പോഴും കിട്ടാറു. ഖജാന്‍ജി ആയിരുന്ന കുട്ടമോന്‍റെ
ആദ്യമായി ഞാന്‍ പോലിസ് സ്റ്റേഷനില്‍ കയറുന്നത് ക്ലബ്ബിന്റെ പരിപാടിക്കുള്ള സാന്ക്ഷന്‍ വാങ്ങിക്കാന്‍ ആണ് എന്നത് ഇന്നും മറക്കാനാവാത്ത ഒരു സംഭവം ആണ്.
ലോക്കല്‍ ആയ കലാകാര്‍ക്കുള്ള വേദിയായിരുന്നു ആദ്യകാലങ്ങളിലെ വാര്‍ഷിക ആഘോഷങ്ങള്‍ എങ്കില്‍. പില്‍ക്കാലത്ത്‌ ജയരാജ് വാര്യരുടെ കാരിക്കേച്ചറും വലപ്പാട് സിഐ-യെ പങ്കെടുപ്പിച്ചു കൊണ്ട് മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള സാമൂഹ്യസന്ധ്യയും ഒക്കെ സങ്കടിപ്പിക്കുകയുണ്ടായി.
അയ്യപ്പ ബൈജു എന്നാ കലാകാരന്‍ ഒരു താരമായി മാറുന്നതിനു വളരെ മുന്പ് മൂപ്പരുടെ ടീം ആയ കൊച്ചിന്‍ സെവന്‍ ആര്‍ട്സിന്റെ സ്റ്റാര്‍വാര്‍സ് മെഗാഷോ എന്നാ പരിപാടി 2002-ലെ ക്ലബ്ബിന്റെ പത്താമത്തെ വാര്‍ഷിക ആഘോഷത്തിന് നടത്താന്‍ കഴിഞ്ഞത് ക്ലബ്ബിന്റെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറി.
പക്ഷെ, ക്ലബ്ബിന്റെ മുന്‍കാല പ്രസിഡന്റ്‌ ശ്രീനാഥിന്‍റെ ആകസ്മികമായ നിര്യാണത്തോട് കൂടി ക്ലബിന്‍റെ പതനം തുടങ്ങി. വേറെ കുറച്ച് ഭാരവാഹികള്‍ മറ്റൊരു കേസില്‍ പെട്ട് പോലിസ് പിടിയിലായതോട് കൂടി ക്ലബ്ബിന്റെ പതനം പൂര്‍ത്തിയായി.
എന്നാലും 1992-ല്‍ ചൂണ്ടയിട്ടു പിടിച്ച 5രൂപയുടെ ഒരു മലിഞ്ഞീനില്‍ നിന്നും 2002-ല്‍ 25,000രൂപ ബഡ്ജറ്റില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാന്‍ തക്ക രീതിയില്‍ വളര്‍ന്ന ഒരു ക്ലബ്ബിന്റെ എല്ലാ രീതിയിലും ഉള്ള സ്പന്ദനങ്ങള്‍ ഏറ്റു വാങ്ങാല്‍ കഴിഞ്ഞതില്‍ ചാരിതാര്ത്യമേ ഉള്ളൂ എന്നും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ