2014, ഡിസംബർ 25, വ്യാഴാഴ്‌ച

സഖി എന്ന സഖി


2008-ലെ ഒരു വെക്കേഷന്‍ സമയം
ഈ വെക്കേഷന്‍ എന്ന് പറയുന്ന സംഗതിയുണ്ടല്ലോ, അതാണ് ഗള്‍ഫുകാരുടെ ജീവിതത്തിലെ ഏറ്റവും തിരക്ക് പിടിച്ച സമയം. വരുന്നതിന്‍റെ പിറ്റേ ദിവസം തുടങ്ങി പറയെടുപ്പാണ്. കൂട്ടുകാരും ബന്ധുക്കളും തന്നയച്ച സാധനങ്ങള്‍ അവരവരുടെ വീടുകളില്‍ എത്തിക്കല്‍, സ്വന്തക്കാരെ കാണാന്‍ പോക്ക്, വഴിപാടുകള്‍, മെഡിക്കല്‍ ചെക്കപ്പ്, എന്ഗേജ്മെന്റ്റ്, കല്യാണം, വീട് പാര്‍ക്കല്‍, ജനനം, മരണം തുടങ്ങി നൂറായിരം കാര്യങ്ങള്‍ ഉണ്ടാകും ചെയ്യാന്‍. ഇടയില്‍ റിയല്‍എസ്റ്റേറ്റ്‌ ബ്രോക്കര്‍മാരുടെയും എല്‍ഐസി ഏജന്റുമാരുടെയും വിസിറ്റ്. ഇതൊക്കെ കഴിഞ്ഞു റെസ്റ്റ് എടുക്കാറാവുമ്പോഴേക്കും ലീവ് തീരും.
വന്നതിന്റെ തിരക്കുകള്‍ കഴിഞ്ഞിരിക്കുമ്പോള്‍ ഞാന്‍ ഫോണ്‍ എടുത്തു കുത്തി...
ഷാഹിദേ നീ ഇപ്പൊ എവിടെയാ. പഴയ കമ്പനിയില്‍ നിന്നും ക്യാന്‍സല്‍ ചെയ്തു വന്ന അവന്‍ 6 മാസത്തോളമായി നാട്ടില്‍ ഉണ്ട്
ഞാന്‍ ചെന്ത്രപ്പിന്നിയില്‍ ഉണ്ട്
ഞങ്ങളുടെ സിറ്റിയില്‍ നിനക്കെന്താ കാര്യം
ഞാന്‍ റോയലില്‍ ആണ് 3D മാക്സും ഫോട്ടോഷോപ്പും പഠിക്കാന്‍
നാളെ എന്താ പരിപാടി
നാളെ ഞായറാഴ്ച അല്ലെ, ക്ലാസ്സില്ല, വേറെ പരിപാടികള്‍ ഒന്നും ഇല്ല.
എന്നാ നമുക്കൊരു സ്ഥലം വരെ പോകാം
എന്താടാ, വല്ല പെണ്ണുകാണല്‍ ആണോ
ആണെങ്കില്‍?.
നീ അതിനും മാത്രം ഒക്കെയായോ
എന്തെ, എന്നെക്കണ്ടാല്‍ പെണ്ണ് കെട്ടാറായിട്ടില്ല എന്ന് തോന്നുന്നുണ്ടോ
നിന്നെ കണ്ടാല്‍ 2 പെണ്ണ് കെട്ടാനുള്ള പ്രായം തോന്നും, അതല്ല ഞാന്‍ നിന്‍റെ പക്വതയുടെ കാര്യമാ ഉദ്ദേശിച്ചത്.
അപ്പൊ ഞാന്‍ ആരായി, ശശി!!!. ഇവനെയൊക്കെ വിളിക്കാന്‍ പോയ എന്നെ പറഞ്ഞാ മതി, ഞാന്‍ മനസ്സില്‍ പറഞ്ഞു
നീ വല്യ ഡയലോഗ് ഒന്നും അടിക്കണ്ട, നാളെ കാലത്ത് ഒരു 8.30-നു ചെന്ത്രാപ്പിന്നിയില്‍ വായോ, ബാക്കി വന്നിട്ട് പറയാം.
ഓക്കെ.
ഫോണ്‍ കട്ട്‌ ആയി. ഞാന്‍ പിറ്റേ ദിവസത്തേക്കുള്ള യാത്രക്ക് വേണ്ട ഒരുക്കങ്ങള്‍ ചെയ്തു, നേരത്തെ കിടന്നുറങ്ങി.
ഗള്‍ഫീന്ന് ലീവിന് വന്നു കഴിഞ്ഞാല്‍ ഉള്ള ശീലമാണ് എല്ലാ ദിവസവും കാലത്ത് തന്നെ എണീറ്റു കുളിച്ചു കുട്ടപ്പന്‍ ആയി നാലമ്പല (കണ്ണനാംകുളം, അയ്യപ്പന്‍കാവ്, എടമുട്ടം, പാലപ്പെട്ടി) ദര്‍ശനത്തിനു പോകല്‍. അത് കഴിഞ്ഞു വന്നിട്ടേ ഉള്ളൂ ചായകുടി പോലും.
പതിവ് പോലെ അന്നും നാലമ്പല ദര്‍ശനത്തിനു ഇറങ്ങി,
അമ്മാ, ഇന്നെനിക്കു ചായ വേണ്ട, ഷാഹിദിന്റെ കൂടെ ഒരു സ്ഥലം വരെ പോകാനുണ്ട്, ചായ കുടിച്ചിട്ട് പോകാന്‍ നിന്നാല്‍ ലേറ്റ് ആകും. അതും പറഞ്ഞു കൊണ്ട് വാടകക്കെടുത്ത ബൈക്കില്‍ കയറി ഞാന്‍ യാത്രയായി.
പരിപാടികള്‍ വേഗം തീര്‍ത്തു ഞാന്‍ ചെന്ത്രാപ്പിന്നിയില്‍ എത്തി. ഷാഹിദിനെ കാണാഞ്ഞതുകൊണ്ട് ഫോണ്‍ എടുത്തു കുത്തി.
നീ എവിടെയാ
ഞാന്‍ വീട്ടിലുണ്ട് ചായ കുടിക്കുന്നു.
നിനക്കൊരു ഉത്തരവാദിത്വം ഇല്ലാട്ടോ. ഒരു കാര്യം പറഞ്ഞിട്ട് ചായ കുടിക്കുന്നെ ഉള്ളൂ.
അതിനു സമയം 8.10 അല്ലെ ആയുള്ളൂ. 8.30-നു എത്താനല്ലേ നീ പറഞ്ഞത്.
അതും ശരിയാണ്, ഇനിയും ഉണ്ട് 20മിനിറ്റ്, ഷാഹിദിന് എത്താന്‍ 15മിനിറ്റ്മതി.
എന്തായാലും വൈകാന്‍ നില്‍ക്കണ്ട. അത് പറയാനാ വിളിച്ചത്. ഫോണ്‍ കട്ട് ചെയ്തു.
സമയമുണ്ട്, അമ്പലത്തില്‍ പോയപ്പോള്‍ കരി ആയ മുണ്ട് ഒന്ന് മാറ്റി വരാം. ഞാന്‍ നേരെ വീട്ടിലേക്കു വിട്ടു.
നീ ഷാഹിദിന്റെ കൂടെ പോണെന്ന് പറഞ്ഞിട്ട് പോയില്ലേ. അമ്മയുടെ ചോദ്യം.
യാത്ര പോകുമ്പോള്‍ മുണ്ട് ഉടുത്തു പോയാല്‍ ശരിയാവില്ല, പാന്‍റ്സ് ഇടണം. അതാ പോന്നത്, പക്ഷെ ചായ കുടിക്കാനൊന്നും സമയമില്ല. മുണ്ട് മാറ്റി പാന്‍റ്സ് ഇട്ട് സോക്ക്സും ഷൂസും തള്ളിക്കേറ്റി. വീണ്ടും ഇറങ്ങി.
തിരിച്ചു ചെന്ത്രാപ്പിന്നിയില്‍ ചെന്നപ്പോള്‍ ഷാഹിദ് ഹാജരായിട്ടുണ്ട്.
കുറച്ചു ദൂരെയാണ് സ്ഥലം, രണ്ടു വണ്ടിയും എടുത്തു പെട്രോള്‍ കത്തിക്കേണ്ട. നമുക്ക് എന്‍റെ വണ്ടിയില്‍ പോകാം, റെന്റിനു എടുത്ത കാശു മുതലാക്കണ്ടേ. ഇതും പറഞ്ഞുകൊണ്ട് ഒരു പൊതിയെടുത്ത് അവന്‍റെ കയ്യില്‍ കൊടുത്തു.
എന്താടാ ഈ പൊതിയില്‍.
അതൊരു ചെറിയ ഗിഫ്റ്റ് ആണ്, കാണാന്‍ പോണ പെണ്ണിനുള്ളതാ.
ആദ്യമായി കാണാന്‍ പോകുന്ന പെണ്ണിന് അബുദാബി ഡ്യൂട്ടിഫ്രീയില്‍ നിന്നും ഗിഫ്റ്റ് വാങ്ങിക്കൊണ്ടു പോകുന്ന ആദ്യത്തെ ആള്‍ നീയായിരിക്കും.
കയ്യും വീശി പോണ ഏര്‍പ്പടൊക്കെ പഴഞ്ചന്‍ ആണടേയ്. ഇന്നിപ്പോ പെണ്ണിനെ ഇഷ്ടപ്പെട്ടാല്‍ അപ്പൊ തന്നെ ടോക്കന്‍ കൊടുത്ത് കച്ചോടം ഉറപ്പിക്കണം, അതിനാണ് ഈ ഗിഫ്റ്റ്.
വണ്ടി സ്റ്റാര്‍ട്ട് ആയി, ഗുരുവായൂരിനു അപ്പുറത്ത് മലപ്പുറം-തൃശൂര്‍ അതിര്‍ത്തിലെ വഴിയറിയാത്ത ഏതോ വീട്ടിലേക്കുള്ള യാത്ര. 300കൊല്ലം പറഞ്ഞാലും തീരാത്ത, 3കൊല്ലത്തെ പൊളിടെക്നിക്ക് ജീവിതത്തിലെ കഥകള്‍ പറഞ്ഞു കൊണ്ടിരുന്നു രണ്ടു പേരും.
ഗുരുവായൂര്‍ എത്തി, ഇനി എങ്ങോട്ട് തിരിയണം എന്ന് പിടിയില്ല. ഫോണ്‍ എടുത്തു കുത്തി ഗള്‍ഫിലേക്ക് വിളിച്ചു. സുഹൈല്‍ ആണ് അങ്ങേ തലക്കല്‍. വഴിയുടെ വിവരണം ഏകദേശം പിടിത്തം കിട്ടി. കാലത്ത് ഒന്നും കഴിക്കാത്തതുകോണ്ട് വയറ് ഒച്ചവെക്കാന്‍ തുടങ്ങി, ഓരോ ജൂസ് വാങ്ങിക്കുടിച്ചു തടയിട്ടു. വണ്ടി വീണ്ടും നീങ്ങിത്തുടങ്ങി
വഴിയരികില്‍ സ്റ്റീല്‍ ട്രസ്സ് ഇട്ട ഒരു വീട് കണ്ടു. പിന്നെ സ്റ്റീല്‍ ട്രസ്സിനെ കുറിച്ചായി ചര്‍ച്ച. അനുകൂലിച്ചു ഷാഹിദും എതിര്‍ത്തു ഞാനും. ചര്‍ച്ച എങ്ങും എത്താതായപ്പോഴാണ് ആലോചിച്ചത്. ആ വീടിന്‍റെ ഉടമ അയാളുടെ കാശുകൊടുത്ത് അയാള്‍ക്കിഷ്ടമുള്ള ട്രസ്സ് ഇട്ടതിനെചൊല്ലി ഞങ്ങള്‍ എന്തിനാ തര്‍ക്കിക്കുന്നത്‌???.
വഴിപറഞ്ഞു തന്ന വീടിനു അടുത്തെത്താറായി, എന്നാലും ഒരുറപ്പിനു വേണ്ടി എവിടെയെങ്കിലും ചോദിക്കാം എന്ന് വിചാരിച്ചു. അടുത്തൊന്നും ഒരു കടയില്ല. കുറച്ചപ്പുറത്ത്‌ ഒരു ഹോട്ടല്‍ കണ്ടു.
ഹോട്ടലിനടുത്തു കണ്ട മുതലാളി എന്ന് തോന്നിക്കുന്ന ആളോട് വഴി ചോതിച്ചു.
ഫുഡ്‌ അടിക്കാന്‍ എത്തിയവരല്ല എന്ന നിരാശയുണ്ടായിരുന്നുവെങ്കിലും മുതലാളി വഴി പറഞ്ഞു തന്നു.
ആ കാണുന്ന പാലം കമ്പനി എന്നെഴുതിയിരിക്കുന്ന പാലം വഴി നേരെ പോയാല്‍ ഒരു സ്കൂളിനു അടുത്തെത്തും, അവിടെന്നു റൈറ്റ് തിരിഞ്ഞാല്‍ ഒരു 200മീറ്ററെ ഉള്ളൂ.
പാലം കമ്പനി. നമ്മളെ പോലത്തെ വാളി പിള്ളേര്‍ക്ക് ഇവിടെയും ക്ഷാമം ഇല്ല. ഞാന്‍ ആത്മഗതം പറഞ്ഞു.
പിന്നെ വഴിതെറ്റിയില്ല. നേരെ ചെല്ലേണ്ട വീട്ടില്‍ എത്തി. സുഹൈലിനെ വീട് ആണ്, ഷാഹിദിനെയും കൂട്ടി ചെന്ന് ബെല്‍ അടിച്ചു.
വാതില്‍ തുറക്കപ്പെട്ടു, സുഹൈലിന്റെ ഉമ്മ ആണെന്ന് തോന്നുന്നു. കയറി ഇരിക്കാന്‍ പറഞ്ഞു. ഇരിക്കുന്നതിനിടയില്‍ ഞങ്ങള്‍ രണ്ടുപേരും ചുറ്റും കണ്ണോടിച്ചു. പെണ്‍കുട്ടി ഉണ്ടോ എന്നൊന്നും അല്ല, വീടിന്‍റെ കണ്‍സ്ട്രക്ഷന്‍ നോക്കിയതാണ്. അല്ലെങ്കിലും ഈ സിവില്‍ എന്ജിനീറിംഗ് പഠിച്ചാല്‍ ഇതാ കുഴപ്പം. പണ്ട് കോളേജില്‍ പഠിക്കുന്ന കാലത്ത് സജിയുടെ ഒപ്പം അമീര്‍ഖാന്റെ മന്‍ എന്ന സിനിമ കാണാന്‍ പോയി തിരിച്ചു വന്നപ്പോള്‍ അഭിപ്രായം ചോദിച്ചവരോട് തീയേറ്ററിന്റെ നിര്‍മ്മാണ രീതിയെ കുറിച്ച് പറഞ്ഞവരാണ് ഞങ്ങള്‍ രണ്ടാളും.
പലഹാരപാത്രങ്ങള്‍ നിരന്നു, ഒപ്പം ചായയും. സുഹൈലിന്റെ പെങ്ങളും കുട്ടിയും അനിയനും ഉണ്ട്. വിശേഷങ്ങള്‍ പറഞ്ഞിരിക്കുന്നതിനിടയില്‍ ഷാഹിദിന്റെ കയ്യിലെ പൊതി വാങ്ങി സുഹൈലിന്റെ ഉമ്മയുടെ കയ്യില്‍ കൊടുത്തു.
സുഹൈല്‍ വാങ്ങി തന്നയച്ചതാണ്, എന്തോ സ്വീറ്റ്സ് ആണെന്ന് തോന്നുന്നു. ഞാന്‍ പറഞ്ഞു
അതിനിടയില്‍ സുഹൈലിന്റെ ഉമ്മയുടെ പ്രായമുള്ള ഒരു ചേച്ചി വന്നു.
ഇതാണ് സഖിയുടെ അമ്മ. സുഹൈലിന്റെ ഉമ്മ, വന്ന ചേച്ചിയെ പരിചയപ്പെടുത്തി.
അതുവരെ വളരെ കൂള്‍ ആയിരുന്ന ഞാന്‍ ഒന്ന് ഞെട്ടി, എന്നാലും അത് മറച്ചു വെച്ച് ഞാനും സ്വയം പരിചയപ്പെടുത്തി, കൂടെ ഷാഹിദിനെയും.
നമുക്ക് വീട്ടിലേക്കു പോകാം, അവിടെ എല്ലാരും ഉണ്ട്. സഖിയുടെ അമ്മ ഞങ്ങളെ അവരുടെ വീട്ടിലേക്കു ക്ഷണിച്ചു.
ഇപ്പോഴില്ല, പിന്നീട് ഒരിക്കല്‍ ആവാം. ഞാന്‍ സ്നേഹപൂര്‍വ്വം ആ ഓഫര്‍ നിരസിച്ചു.
എന്നാല്‍ ഞാന്‍ ഇപ്പൊ വരാം. എന്ന് പറഞ്ഞു സഖിയുടെ അമ്മ അവിടെന്നു പോയി
പിന്നീട് സംസാരം ഗള്‍ഫിലേക്കും എന്‍റെ വീട്ടുകാരിലെക്കും നീണ്ടു.
സഖിയുടെ അമ്മ തിരിച്ചു വന്നു, കൂടെ ഒരു പെണ്‍കുട്ടിയുണ്ട്.
ഈ ആളെ മനസ്സിലായോ. സുഹൈലിന്റെ ഉമ്മ വീണ്ടും
എനിക്കൊരു ഡൌട്ട് തോന്നിയെങ്കിലും, ഉറപ്പില്ലാത്തതുകൊണ്ട് മനസ്സിലായില്ല എന്ന രീതിയില്‍ ഇരുന്നു.
ഇതാണ് സഖി, സുഹൈല്‍ പറഞ്ഞു കാണുമല്ലോ.
ഊഹം തെറ്റിയില്ല, അപ്പൊ ഇതുതന്നെയാണ് എന്‍റെ ജീവിത സഖി ആക്കാന്‍ പറ്റുമോ എന്ന് ഞാന്‍ തേടി വന്ന സഖി!!!.
ഒന്നും മനസ്സിലാവാതെ ഷാഹിദ് എന്നെ നോക്കി. ജീവിതത്തില്‍ ആദ്യമായുള്ള പെണ്ണ് കാണലിന്റെ ടെന്‍ഷനില്‍ ആയിരുന്നു ഞാന്‍.
കുറച്ചു നേരം നിശബ്ദത.
മോള് ഡിഗ്രിക്ക് പഠിക്കുകയാ ഇവിടെ അടുത്തൊരു കോളേജില്‍, ലാസ്റ്റ് ഇയര്‍ ആണ്. നിശബ്ദത അവസാനിപ്പിച്ചത് സഖിയുടെ അമ്മയായിരുന്നു.
അടുത്തത്‌ എന്‍റെ ഊഴം ആണ്, എന്തെങ്കിലും ചോദിക്കാതെ തരമില്ല. പേരറിയാം, പഠിക്കുന്നതിനെക്കുറിച്ചു അമ്മയും പറഞ്ഞു ഇനിയിപ്പോ എന്താ ചോദിക്കുക.
ആദ്യത്തെ പെണ്ണ്കാണലിന് എന്‍റെ ആദ്യത്തെ ചോദ്യം അച്ചനെന്തിയെ മോളെ.
ആഹാ, നല്ല ചോദ്യം തന്നെ. ഇയാള് എന്നെ കാണാന്‍ വന്നതോ അതോ അച്ഛനെ കാണാന്‍ വന്നതോ?. പെണ്‍കുട്ടി മനസ്സില്‍ അങ്ങിനെ കരുതിയിട്ടുണ്ടാകും എങ്കിലും മറുപടി വന്നു.
അച്ഛന്‍ ഹോട്ടലില്‍ ആണ്
എവിടെയാ ഹോട്ടല്‍
അത് ആ പാലം കമ്പനിയുടെ അടുത്ത് മെയിന്‍ റോഡില്‍.
ബെസ്റ്റ് കണ്ണാ ബെസ്റ്റ്, അപ്പൊ വഴി പറഞ്ഞു തന്ന ഹോട്ടല്‍ മുതലാളി തന്നെയാണ് ഈ കുട്ടിയുടെയും മുതലാളി.
ചായ കുടി കഴിഞ്ഞു, ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി.
വണ്ടി എടുത്തു പാലം കമ്പനി എത്തിയില്ല, സുഹൈലിന്റെ വിളി വന്നു. ഞങ്ങള്‍ ഇറങ്ങിയപ്പോള്‍ തന്നെ അവനു മെസ്സേജ് പോയിക്കാണും.
എന്തായി കാര്യങ്ങള്‍ എന്‍റെ പെങ്ങളെ ഇഷ്ടപ്പെട്ടോ മച്ചാനേ. സുഹൈലിന്റെ ചോദ്യം.
ഒരു വീടുപോലെയാണ്‌ അവര്‍ കഴിഞ്ഞിരുന്നത് അതുകൊണ്ട് പെങ്ങള്‍ അഭിസംബോധനയില്‍ ആള് മാറിപ്പോയോ എന്ന ഒരു കണ്‍ഫ്യൂഷനും തോന്നിയില്ല.
കണ്ടിട്ട് ഇഷ്ടപ്പെടാതിരിക്കാനുള്ള ഒരു കാര്യവും കണ്ടില്ല. അപ്പൊ ഇഷ്ടമായി എന്ന് കൂട്ടിക്കോ, പെണ്‍കുട്ടി എന്തെങ്കിലും പറഞ്ഞോ.
അത് ഞാന്‍ ചോദിച്ചിട്ടില്ല. ശരി മച്ചാനെ ഞാന്‍ പിന്നീട് വിളിക്കാം. ഫോണ്‍ കട്ട് ആയി.
തിരിച്ചുള്ള യാത്രക്കിടയില്‍ ഞാന്‍ ഷാഹിദിനോട് പെണ്‍കുട്ടിയെക്കുറിച്ച് ചോദിച്ചു.
പെണ്‍കുട്ടി...ആ, തരക്കേടില്ല. നിങ്ങള്‍ നല്ല ചേര്‍ച്ച ആവും. പിന്നെ നീ ഹൃതിക് റോഷന്‍ ഒന്നും അല്ലല്ലോ. പെണ്ണുകാണല്‍ എന്ന് നീ പറഞ്ഞപ്പോള്‍ തമാശ ആണെന്നാ ഞാന്‍ കരുതിയത്‌, ആ പൊതി കൊണ്ടു കൊടുക്കാന്‍ യാത്രക്ക് ഒരു കൂട്ടിനാ എന്നെ വിളിച്ചതെന്നാ വിചാരിച്ചത്. ഏതാ ഈ സുഹൈല്‍.
മോനേ, ഇതിന്‍റെ തിരക്കഥ നടക്കുന്നത് അങ്ങ് ഗള്‍ഫില്‍ ആണ്. ഞങ്ങളുടെ കമ്പനിയിലെ ഡ്രൈവര്‍ ആണ് സുഹൈല്‍, ഒന്നിച്ചു ക്രിക്കറ്റ്‌ കളിക്കാനൊക്കെ പോകുന്നതുകൊണ്ട്‌ അവനുമായി നല്ല അടുപ്പമാ. ദുശ്ശീലങ്ങള്‍ (അഹങ്കാരം, ദുരാഗ്രഹം, ദുശ്ശാഡ്യം, അസൂയ, കുശുമ്പ്, പാര, പരദൂഷണം, തുടങ്ങിയവ ദുശ്ശീലങ്ങളുടെ ലിസ്റ്റില്‍ വരാത്തത് ഭാഗ്യം) ഇല്ലാത്ത എന്‍റെ സ്വഭാവം കണ്ടിട്ടാവണം, അവന്‍ സഖിയുടെ കാര്യം എന്നോട് പറഞ്ഞത്. പെണ്‍കുട്ടിയുടെ സ്വഭാവത്തെ കുറിച്ച് ഫുള്‍ ഗ്യാരണ്ടി ആണ്, ജാതകത്തിന്റെ കോപ്പിയും കിട്ടിയിട്ടുണ്ട്. അവന്‍ തന്നയക്കുന്ന പൊതി കൊണ്ടുകൊടുക്കാന്‍ പോകുമ്പോള്‍ പെണ്‍കുട്ടിയെ അവിടെ കാഷ്വല്‍ ആയി കാണാം എന്നാ പറഞ്ഞത്. ഇതുപോലെ സെമി-ഒഫീഷ്യല്‍ ആക്കുമെന്ന് ഞാനും കരുതിയില്ല.
2ദിവസം കഴിഞ്ഞു രാത്രി വീട്ടില്‍ ഇരിക്കുമ്പോള്‍ ഒരു ഫോണ്‍ കോള്‍, സുഹൈല്‍ ആണ്.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഓക്കെ പറഞ്ഞിട്ടുണ്ട്, ഇനി കാര്യങ്ങള്‍ ഒഫീഷ്യല്‍ ആകണം. വീട്ടുകാരോട് ഒന്ന് പോയി കാണാന്‍ പറയ്.
ഓക്കെ, ഞാന്‍ വീട്ടുകാരോട് പറയാം.
വീട്ടുകാരോട് പറയാന്‍ അങ്ങോട്ട്‌ ചെന്നാ മതി. എന്നേക്കാള്‍ 3വയസ്സ് മൂത്ത ചേട്ടന്‍റെ കല്യാണകാര്യത്തെക്കുറിച്ച് പോലും ഒരു തീരുമാനം ആയിട്ടില്ല, പിന്നെയാണ് എന്‍റെ കാര്യം.
അടുത്ത വെള്ളിയാഴ്ച വീണ്ടും സുഹൈലിന്റെ വിളി വന്നു. പെണ്‍കുട്ടിയുടെ ജാതക വശാല്‍ 3മാസത്തിനുള്ളില്‍ കല്യാണം ഉറപ്പിക്കണം അത്രേ, അല്ലെങ്കില്‍ പിന്നെ കൊല്ലങ്ങള്‍ കഴിയണം.
സുഹൈലിനോട് ഒരു ഉത്തരം പറയേണ്ടതുകൊണ്ട്, കഥയുടെ പകുതി പതുക്കെ അമ്മയുടെ അടുത്ത് അവതരിപ്പിച്ചു. സംഭവം അമ്മക്ക് തീരെ ദഹിച്ചില്ല, ചേട്ടന്‍റെ കാര്യം ഒന്നും ആവാത്തത് തന്നെ പ്രശ്നം.
എല്ലാം ഓക്കെ ആണെങ്കില്‍ ഒരു വാക്കുകൊടുക്കല്‍ മതി, കല്യാണമൊക്കെ ചേട്ടന്‍റെ കല്യാണത്തിനു ശേഷം മതി. എന്‍റെ ഗ്യാരണ്ടി
എന്‍റെ ആവശ്യം മുഴുവനായി തള്ളിക്കളയാന്‍ അമ്മക്ക് പറ്റിയില്ല, വരുമാനശ്രോതസ് ആണല്ലോ. അതൊകൊണ്ട് മനസ്സില്ലാ മനസ്സോടെ, ജാതകം നോക്കിയിട്ട് പറയാം എന്ന് അമ്മ സമ്മതിച്ചു.
പിറ്റേ ദിവസം 2 ജാതകങ്ങളുടെ കോപ്പിയും എടുത്ത് അമ്മ പണിക്കരുടെ അടുത്തുപോയി. പോയതിലും വേഗത്തില്‍ തിരിച്ചുവന്നിട്ട്‌ പറഞ്ഞു, ജാതകപൊരുത്തം ഇല്ല എന്ന്.
എനിക്ക് സംശയം ആയി. ഞാന്‍ വേറെ ഒരു പണിക്കരുടെ അടുത്തു നോക്കിക്കട്ടെ.
നിങ്ങള്‍ തമ്മില്‍ പ്രേമം ഒന്നും അല്ലല്ലോ, പിന്നെ എന്താ ഇത്ര ഇന്റെറെസ്റ്റ്.
അതല്ല അമ്മ പോയ പണിക്കര്‍ക്ക് തെറ്റ് പറ്റിയതാണങ്കിലോ.
അങ്ങിനെ ജാതകങ്ങളും എടുത്തു ഞാന്‍ കുറച്ചകലെയുള്ള വേറെ ഒരു പണിക്കരെ തേടിപ്പോയി. ജാതകങ്ങള്‍ കണ്ട മാത്രയില്‍ തന്നെ ആ പണിക്കര്‍ പറഞ്ഞു, ഇത് ചേരൂല്ലാട്ടോ.
എന്താ പ്രശ്നം
അതേ ഇവര് രണ്ടു പേരും തമ്മില്‍ കല്യാണം കഴിച്ചാല്‍ കുട്ടികള്‍ ഉണ്ടാവില്ല.
ഭും. ഞാന്‍ ജാതകം വാങ്ങി തിരിച്ചു പോന്നു.
വീട്ടിലെത്തി നേരെ വെങ്കിടിയെ വിളിച്ചു, പറ്റിയ വല്ല ജ്യോത്സ്യന്മാര്‍ ഉണ്ടോ എന്ന് ചോദിച്ചു.
അഞ്ചങ്ങാടിക്കടുത്ത് ഒരു കുട്ടി ജ്യോത്സ്യന്‍ ഉള്ളത് പറഞ്ഞതനുസരിച്ചു അങ്ങോട്ട്‌ വിട്ടു. അവിടെയും നേരത്തെ പറഞ്ഞ ഭാവി തന്നെ പറഞ്ഞു. പിന്നെ വേണമെങ്കില്‍ ചേര്‍ക്കാം എന്ന് മാത്രം, ഒരു ലോട്ടറി എടുക്കുന്ന പോലെയിരിക്കും.
വിശ്വാസി ആയതുകൊണ്ട് ഇതൊക്കെ കേട്ടപ്പോള്‍ പിന്നെ മുന്നോട്ടു പോകാന്‍ തോന്നിയില്ല.
അടുത്ത ദിവസം സുഹൈലിന്‍റെ വിളി വന്നപ്പോള്‍ കാര്യം പറഞ്ഞു. അവനു സംഭവത്തിന്റെ കിടപ്പ് വശം അത്ര പിടി കിട്ടിയില്ല.
പിന്നീട് ലീവ് ഒക്കെ കഴിഞ്ഞു ഗള്‍ഫില്‍ തിരിച്ചെത്തിയിട്ട്‌, വിസിറ്റിനു വന്ന ഷാഹിദിനെയും കൂട്ടി പോയി സുഹൈലിനെ കാണാന്‍, ഉണ്ടായ സംഭവങ്ങള്‍ എല്ലാം പറഞ്ഞു. ജാതകത്തിലോന്നും വിശ്വാസമില്ലാത്ത സുഹൈല്‍ പക്ഷെ വിടുവാനുള്ള ഉദ്ദേശം ഇല്ല.
ഞാന്‍ പറഞ്ഞു അളിയാ, ഞങ്ങള്‍ കല്യാണം കഴിച്ചാല്‍ ചിലപ്പോള്‍ ഒരു പ്രശ്നവും ഇല്ലാതെ കുട്ടികള്‍ ഒക്കെ ആയെന്നു വരും. പക്ഷെ ഇനിയെങ്ങാനും കുട്ടികള്‍ ആയില്ലെങ്കില്‍ ഞാന്‍ അടക്കം ജാതക കഥ അറിയാവുന്ന എല്ലാരും കരുതും അത് ജാതകത്തിന്റെ കുഴപ്പം ആണെന്ന്, അല്ലാത്തവര്‍ ആ പെണ്‍കുട്ടിയെ കുറ്റം പറയും, അതിന്റെ കൂടെ നിനക്കും പഴി കേള്‍ക്കേണ്ടി വരും. ഈ കാര്യത്തില്‍ റിസ്ക്‌ എടുക്കാന്‍ വയ്യ മോനെ, വെറുതെ ഒരു പെണ്‍കുട്ടിയുടെ ലൈഫ് വെച്ച് കളിക്കാന്‍ പറ്റില്ല.....
അതോടെ, സഖിയുടെ കഥ അവിടെ അവസാനിച്ചു.
പക്ഷെ ഉദയനാണ് താരത്തിലെ പറയാതെ അറിയാതെ.. എന്ന് തുടങ്ങുന്ന ഗാനം കേള്‍ക്കുമ്പോഴും, ഷാഹിദ് ഓര്‍മ്മപ്പെടുത്തുമ്പോഴും, സഖി എന്ന സഖി മനസ്സിന്‍റെ അടിത്തട്ടില്‍ നിന്നും ഉയര്‍ന്നു വരും, ഇന്നും........


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ