2014, ഡിസംബർ 20, ശനിയാഴ്‌ച

ഒരു ഡോക്ടറെ കാണാന്‍ പോയ കഥ.



ഉച്ചക്ക് 12 മണിക്കാണ് ആഴ്ചകള്ക്ക് മുന്‍പ് പറഞ്ഞുറപ്പിച്ച ഡോക്ടര്‍ അപ്പോയ്മെന്റ്റ് (നിനക്കൊക്കെ വൈകീട്ട് ഡോക്ടറെ കാണാന്‍ പോയ്ക്കോടെ എന്ന് ചോതിക്കരുത്. ഡോക്ടര്‍ വൈകീട്ട് കണ്സല്‍ട്ടിംഗ് ഇല്ലാത്ത കാരണം ഉച്ചക്കുള്ളിലെ അപ്പോയ്മെന്റ് കിട്ടുകയുള്ളൂ). ഞാന്‍ വാച്ചില്‍ നോക്കി സമയം 11.45. പഴയ കമ്പനിയുമായുള്ള കേസിന് 2 ദിവസം മുന്പ്‍ സമ്മതം ചോതിച്ചു പോയ കാരണം ഇപ്രാവശ്യം ഓഫീസിലെ മേനേജരോട് അനുവാദം ചോദിക്കാന്‍ മെനക്കെട്ടില്ല. നീ കേസും ഹോസ്പിറ്റലുമോക്കെയായി നടന്നോളൂ ഓഫീസിലിരിക്കാന്‍ ഞങ്ങള്‍ വേറെ ആളെ നോക്കിക്കോളാം എന്നായിരിക്കും മറുപടി. കുറച്ചു ഡോകുമെന്റ്സ് ടേബിളിനു മുകളില്‍ അലസമായി ഇട്ട് ഡെസ്ക്ടോപ്പില്‍ ഒരു ഫയല്‍ തുറന്നിട്ട്‌ ഓഫീസില്‍ നിന്നും പതുക്കെ സ്കൂട്ട് ആയി.
റോഡിലേക്ക് ഇറങ്ങിയപ്പോള്‍ ഒടുക്കത്തെ ട്രാഫിക്‌ ജാം, പേഴ്സണല്‍ ആവശ്യങ്ങള്ക്ക് വേണ്ടി എന്നെപ്പോലെ തന്നെ ഓഫീസില്‍ നിന്നും മുങ്ങി വരുന്നവരായിരിക്കും കൂടുതലും, കണ്ട്രി ഫെല്ലോസ്. സിഗ്നലുകളിലെ വിരസത ഒഴിവാക്കാനായി മലയാളം എഫ് എം ചാനല്‍ വെച്ചു. തുലാമാസത്തിലെ മഴപെയ്യുന്നപോലെയാണ് അവതരണം, ആകെ ഒച്ചയും ബഹളവും. പെട്ടെന്നു തന്നെ കുറച്ചു മയമുള്ള ചാനലിലേക്ക് മാറ്റി, അവിടെ വാര്ത്തയുടെ വായന തുടങ്ങുന്നു, പ്രധാന വിഷയം ബാറിലെ വെള്ളം തന്നെ. നാശം, ഇപ്പൊ മലയാള മാധ്യമങ്ങള്ക്ക് ആകെ മൂന്ന് വാര്ത്തകളെ അറിയൂ, ബാറും ചുംബനവും പിന്നെ സരിതയും.
5മിനിറ്റുകൊണ്ട് എത്തേണ്ട സ്ഥലത്ത് എത്താന്‍ എടുത്തത് 25മിനിറ്റ്. പാര്ക്കി ങ്ങ് സ്ഥലം ഫുള്‍, കുറെ കറങ്ങിയ ശേഷം ഒരിടം കിട്ടി, പാര്ക്കിങ്ങ് പെയ്മെന്റ് ചെയ്തു ഹോസ്പിറ്റലിലെ ലിഫ്റ്റിനടുത്തേക്ക്‌ ഓടി. അവിടെയും ആളുകളുടെ നീണ്ട നിര. ലിഫ്റ്റ് വഴി അടുത്തകാലത്തൊന്നും മുകളിലേക്ക് പോകാന്‍ പറ്റില്ല എന്ന് മനസ്സിലായപ്പോള്‍ സ്റ്റെയര്‍ വഴി കയറി. ശരീരം അനങ്ങി പണി എടുത്തു ശീലം ഇല്ലാത്തതുകൊണ്ട്, 5 നില കയറിയപ്പോഴേക്കും പട്ടിയായി. കിതച്ചുകൊണ്ട് ഇന്ഷുറന്സ് കാര്ഡ് എടുത്തു റിസെപ്ഷനില്‍ ഇരുന്ന ചേച്ചിയുടെ കയ്യില്‍ കൊടുത്തു.
"എന്ത് വേണം സര്‍", റിസെപ്ഷനിസ്റ്റിന്റെ ചോദ്യം (എന്തൊരു വിനയം)
"എനിക്കൊരു അപ്പോയ്മെന്റ് ഉണ്ടായിരുന്നു".
"സാറിന്‍റെ ഫോണ്‍ നമ്പര്‍".
ഞാന്‍ ഫോണ്‍ നമ്പര്‍ പറഞ്ഞു.
"സാറിന്റെ‍ അപ്പോയ്മെന്റ് 12മണിക്ക് ആയിരുന്നില്ലേ, ഇപ്പൊ 12.20 ആയി, ഡോക്ടര്ക്ക് പോകാനുള്ള സമയമായി, വേറെ പേഷ്യന്റ്സും വെയിറ്റ് ചെയ്യുന്നുണ്ട്. ഇന്നിനി നടക്കുമെന്ന് തോന്നുന്നില്ല".
"അല്ല മാഡം (കാലുപിടിക്കാതെ തരമില്ല) ഞാന്‍ കുറച്ചു ദൂരത്തു നിന്നാണ് വരുന്നത്, പിന്നെ ട്രാഫിക്‌ ജാം, പാര്ക്കിങ്ങ്......"
"അതിനിപ്പോ ഞാന്‍ എന്ത് ചെയ്യാനാ, സാറ് സമയത്ത് വരണമായിരുന്നു എന്നാലെ ഡോക്ടറെ കാണാന്‍ പറ്റൂ", റിസെപ്ഷനിസ്റ്റ് ചേച്ചി മെരുങ്ങുന്ന മട്ടില്ല.
ഞാന്‍ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു നില്ക്കുമ്പോഴാണ് മാലാഖയായി ഒരു മലയാളി നഴ്സ് അത് വഴി വന്നത്. ഞാന്‍ കാണാന്‍ ചെന്ന ഡോക്ടറിന്റെ അസിസ്റ്റന്റ്റ്. ഇനിയാരെങ്കിലും വെയ്റ്റിങ്ങില്‍ ഉണ്ടോ എന്ന് റിസെപ്ഷനിസ്റ്റ് ചേച്ചിയോട് ആരാഞ്ഞു.
"വാക്കിന്‍ 2 പേര്‍ ഉണ്ട് സിസ്റ്റര്‍, പിന്നെ ഈ പേഷ്യന്റിന്റെ അപ്പോയ്മെന്റ് 12 മണിക്കായിരുന്നു ഇപ്പോഴാ വന്നത്, എന്ത് ചെയ്യണം".
മാലാഖ എന്റെന മുഖത്തേക്ക് നോക്കി. മലയാളിയാണെന്ന് മനസ്സിലായപ്പോള്‍ നാട്ടുകാരനോടുള്ള മമത. "അപ്പുറത്ത് വെയിറ്റിംഗ് ഏരിയയില്‍ ഇരുന്നോളൂ ഞാന്‍ വിളിക്കാം", മാലാഖ മൊഴിഞ്ഞു.
ശരി എന്ന ഭാവത്തില്‍ തലയാട്ടിയിട്ട് ഞാന്‍ വെയിറ്റിംഗ് ഏരിയയില്‍ പോയിരുന്നു.ഡോക്ടറുടെ പേര് അടങ്ങിയ ബോര്ഡ് അപ്പോഴാണ്‌ കണ്ടത്. Dr.Yogesh, Specialist Gastroenterology. യോഗേഷ് എന്നല്ല ശരിക്കും രോഗേഷ് എന്നാണ് വേണ്ടിയിരുന്നത്, രോഗികളുടെ ഈശ്വരന്‍.
മാലാഖ വിളിക്കുന്നതുവരെ സമയം പോകാന്‍ നല്ലത് മൊബൈല്‍ ഫോണിലെ ഗെയിംസ് ആണ്. പണ്ട് നാട്ടിലും, ഗള്ഫി്ലെ ബാച്ചിലര്‍ ലൈഫിലും നേരമ്പോക്കിന് ഫിസിക്കല്‍ ആയി കളിച്ചിരുന്ന തുറുപ്പു ഗുലാന്‍ തന്നെ എടുത്തു. ഒരു ഗെയിമും ജയിക്കുന്നില്ല, അവസാനം കാതില്‍ കടുക്കന്‍ വീഴാറായപ്പോള്‍ ഗെയിം അവസാനിപ്പിച്ചു മൊബൈല്‍ പോക്കറ്റില്‍ ഇട്ടു.
30മിനിറ്റ് കഴിഞ്ഞിരിക്കുന്നു, ഞാന്‍ പതുക്കെ ചെന്ന് റിസെപ്ഷനിസ്റ്റ് ചേച്ചിയോട് ചോതിച്ചു, "ഡോക്ടര്‍ ഇവിടെയുണ്ടോ അതോ പോയോ?".
"ഡോക്ടര്‍ അകത്തു വേറെ പേഷ്യന്റ്സിനെ നോക്കിക്കൊണ്ടിരിക്കുകയാ. സാറിന്റെ നമ്പര്‍ ആകുമ്പോള്‍ നഴ്സ് വിളിക്കും".
ഒറ്റയ്ക്ക് ബോറടിച്ചുകൊണ്ടിരിക്കുംബോഴാനു മുന്നില്‍ ഒരു അറബി ഫാമിലി, കാരണവര്ക്ക് ‌ എന്തോ കാര്യായ ബുദ്ധിമുട്ടുണ്ട് സ്ട്രെച്ചറില്‍ ആണ്, വേറെ ഏതോ ഡോക്ടറെ കാണാന്‍ ഞങ്ങളുടെ അടുത്ത് വന്നു വെയിറ്റ് ചെയ്തു ആ ഫാമിലി. കൂടെയുള്ളത് ഒന്ന് മകനാകണം, പിന്നെ ഒരു സ്ത്രീ, മകളോ മരുമകളോ ആണ്, വായതോരാതെ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ട്. മുഖം മൂടിയിരിക്കുന്നതുകൊണ്ട് സ്ത്രീരത്നമാണോ സ്ത്രീകരിക്കട്ടയാണോ എന്ന് പറയാന്‍ വയ്യ, പളുങ്കുമണികള്‍ പോലുള്ള സംസാരം കേട്ട് ഞാന്‍ അവരുടെ സംസാരം ശ്രെദ്ധിച്ചിരുന്നു (ഒന്നും മനസ്സിലാകില്ലെങ്കിലും). ഞാന്‍ ശ്രേദ്ധിക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു, അവര്‍ മെല്ലെമെല്ലെ മുഖപടം ഉയര്ത്തി , വെറുതെ അവരെ ശ്രേദ്ധിക്കെണ്ടിയിരുന്നില്ല എന്ന് അപ്പോഴാണ്‌ തോന്നിയത്, കരിക്കട്ടക്ക് പിന്നേം ഒരു ചേലുണ്ട്.
സമയം പിന്നെയും ഇഴഞ്ഞിഴഞ്ഞു നീങ്ങി. ഞാന്‍ വന്നിട്ട് 1മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു, വീണ്ടും ചെന്ന് റിസെപ്ഷനിസ്റ്റ് ചേച്ചിയോട് ചോതിച്ചു, "എന്റെ് നമ്പര്‍ ആയോ?".
"തന്റെു നമ്പര്‍ ആകുമ്പോള്‍ നേഴ്സ് വിളിക്കും എന്നല്ലേ ഞാന്‍ നേരത്തെ പറഞ്ഞത്, അവിടെപ്പോയി ഇരിക്ക്". അപ്പൊ റിസെപ്ഷനിസ്റ്റ് ചേച്ചി അത്ര വിനയകുനയി അല്ല (ഒന്നുകില്‍ വീട്ടില്‍ എന്തെങ്കിലും കശപിശ ഉണ്ടായിക്കാണും അല്ലെങ്കില്‍ ഈ മാസത്തെ ശമ്പളം വൈകിക്കാണും).
ഒരു 5മിനിറ്റ് കൂടി കഴിഞ്ഞപ്പോള്‍ മാലാഖ വിളിച്ചു,
'ഞാന്‍ ഇവിടെത്തന്നെയുണ്ട് പോയിട്ടോന്നും ഇല്ല' എന്ന് മനസ്സില്‍ പറഞ്ഞ് ഡോക്ടറുടെ മുറിയിലേക്ക് കയറി.
"പറയൂ, എന്താണ് പ്രശ്നം", ഡോക്ടര്‍ ചോദ്യാവലി ആരംഭിച്ചു.
എന്താണ് പ്രശ്നം എന്ന് അറിയാനാണ് ഞാന്‍ വന്നിരിക്കണതെന്നു ആത്മഗതം പറഞ്ഞുകൊണ്ട് ഡോക്ടര്‍ക്കാവശ്യമുള്ള മറുപടികള്‍ പറഞ്ഞുകൊണ്ടിരുന്നു. എന്റെ മറുപടിയിലെ വ്യെക്തതകൊണ്ടാനെന്നു തോന്നുന്നു കുറച്ചു കഴിഞ്ഞപ്പോള്‍ ഹിന്ദിക്കാരനായ ഡോക്ടര്‍ ചോദ്യങ്ങള്‍ പതുക്കെ മലയാളത്തില്‍ ആക്കി. അല്ലെങ്കിലും നമുക്ക് മറ്റുള്ളവരുടെ ഭാഷ പഠിക്കാന്‍ പറ്റാതാകുമ്പോള്‍ അവര്‍ താനേ മലയാളം പഠിച്ചോളും എന്ന് സലിംകുമാര്‍ ഹാപ്പി ഹസ്ബന്റില്‍ പറയുന്നുണ്ട്.
ചോദ്യാവലി കഴിഞ്ഞിട്ടും എന്താണ് യഥാര്ത്ഥ് പ്രശ്നം എന്ന് ഡോക്ടര്ക്ക് ‌ പിടുത്തം കിട്ടിയില്ല. തുടര്ന്ന് , ഭാരം, മര്ദ്ദം , ഹൃദയമിടിപ്പ്‌ തുടങ്ങിയവുടെ കണക്കെടുപ്പായിരുന്നു. എന്നിട്ടു പോലും ഒരു ക്ലൂ ഡോക്ടര്ക്ക് ‌ കിട്ടിയില്ല.
"ഇനിയിപ്പോ എന്താ ചെയ്യ. ഒരു CBR ബ്ലെഡ് ടെസ്റ്റ്‌ നടത്തിയാലോ സിസ്റ്റര്‍". ചോദ്യം കേട്ട് സിസ്റ്റര്‍ ഞെട്ടിയില്ല, പക്ഷെ ഞാന്‍ ഞെട്ടി, ഇവിടെയിപ്പോ ഡോക്ടര്‍ തന്നെയാണോ യതാര്ത്ഥെ ഡോക്ടര്‍ അല്ലെങ്കില്‍ നഴ്സ് ആണോ ഡോക്ടര്‍. എങ്ങിനെയെങ്കിലും ഓടി രക്ഷപ്പെട്ടാല്‍ മതി എന്ന് തോന്നി.
അങ്ങിനെ കുറച്ചു ബ്ലഡ് ടെസ്റ്റും, ഒരു ബ്രീത്ത്‌ ടെസ്റ്റും എഴുതി ഡോക്ടര്‍. ഇന്ഷുോറന്സ്ന കാര്ഡ് ഉള്ളതുകൊണ്ട് ഹോസ്പിറ്റലിനു അടുത്തുക്കൂടെ പോകുന്നവരെ വരെ പിടിച്ചു ലാബ്‌ ടെസ്റ്റുകളും സ്കാനിങ്ങും ഒക്കെ നടത്തുന്ന ന്യൂ ജനറേഷന്‍ ഹോസ്പിറ്റലിലെ ഡോക്ടര്മാിര്‍ അങ്ങിനെ ചെയ്തില്ലെന്കിലെ അത്ഭുതമുള്ളു.
ടെസ്റ്റിനു പുറമേ 2മരുന്നിന്‍റെ കുറിപ്പും കൂടെ കിട്ടി, ഡോക്ടര്ക്ക് എന്തോ തടയുന്ന കമ്പനിയുടെ മരുന്ന് ആണ് എന്ന് തോന്നുന്നു. കൂടെ ഡോക്ടറുടെ വക ഒരു കമ്മന്റും, ബ്ലഡ് സാമ്പിളും എയര്‍ സാമ്പിളും കൊടുത്തുകഴിഞ്ഞാല്‍ മരുന്ന് കഴിച്ചു തുടങ്ങിക്കോ.
അല്ല ഡോക്ടര്‍, അപ്പൊ റിസല്‍ട്ടിന് വെയിറ്റ് ചെയ്യണ്ടേ, ഞാന്‍ ചോതിച്ചു.
ഏയ്‌, അതിന്റെ ഒന്നും ആവശ്യം ഇല്ല. ഇനി മരുന്ന് തീരുമ്പോള്‍ എന്നെ വന്നു കണ്ടാല്‍ മതി, ഡോക്ടര്‍ പറഞ്ഞു നിര്ത്തി. ഇയാള്‍ രോഗേഷ് അല്ല, യോഗേഷ് തന്നെയാണെന്ന് അപ്പോള്‍ മനസ്സിലായി, കാണാന്‍ വരുന്ന രോഗികളുടെ ഒരു യോഗം അല്ലാതെ എന്ത് പറയാന്‍. വെളുക്കെ ചിരിച്ചു നന്ദി പറഞ്ഞു ഞാന്‍ ഡോക്ടറുടെ മുറിക്കു വെളിയില്‍ കടന്നു. റിസെപ്ഷനിസ്റ്റ് ചേച്ചിയുടെ കയ്യില്‍ 50ദിര്ഹം കൊടുത്ത് ഇന്ഷുറന്സ് കാര്ഡ് തിരികെ വാങ്ങി.
'രോഗം എന്താണെന്ന് അറിയാതെ എഴുതിയ മരുന്ന് എന്‍റെ പട്ടി വാങ്ങിക്കും' എന്ന് ആത്മഗതം പറഞ്ഞുകൊണ്ട് മരുന്ന് കുറിപ്പ് ചവറ്റുകൊട്ടയില്‍ ഇട്ട് ലാബിലേക്ക് നടന്നു.
ടെസ്റ്റിനു മുന്പ് തന്നെ ലാബിലെ റിസെപ്ഷനിസ്റ്റ് ചേട്ടന് 50ദിര്ഹം കൊടുക്കേണ്ടി വന്നു. ടോക്കണ്‍ എടുത്തു എന്റെല ഊഴം കാത്തിരുന്നു. പഴയ തോല്‍വിയുടെ ഓര്മ്മകള്‍ ഉള്ളതുകൊണ്ട് മൊബൈല്‍ ഫോണിലെ തുറുപ്പുഗുലാന്‍ തുറന്നില്ല. എന്റെ ടോക്കണ്‍ നമ്പര്‍ ആയി, ഞാന്‍ ചെന്നപ്പോള്‍ ഒരു മലയാളി ചേട്ടന്‍ നേഴ്സ്, എന്നോട് ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ ഇരുന്നു നോക്കുമ്പോള്‍ പല കളറില്‍ ഉള്ള കാപ്പ് ഇട്ട കുറെ കുപ്പികള്‍, എല്ലാം മറ്റുള്ളവരുടെ രക്തം ദാഹിച്ചു ഇരിക്കുന്നു. മലയാളി ചേട്ടന്‍ എന്റെ രക്തം കുത്തിയെടുത്ത് അതില്‍ ഒരെണ്ണത്തില്‍ നിറച്ചു, ആ കുപ്പിയുടെ ദാഹം തീര്ത്തു. ബ്രീത്ത്‌ ടെസ്റ്റിന്റെ സാമ്പിളും കൊടുത്ത് ഓഫീസില്‍ എത്തിയപ്പോള്‍ 2.30. ഉച്ചയൂണ് വരെ മിസ്സ്‌ ആയി.
കുറച്ചു കഴിഞ്ഞപ്പോള്‍ ഓഫീസിലെ മേനേജര്‍ വിളിപ്പിച്ചു,
"3 മണിക്കൂര്‍ ആയിട്ട് നീ മിസ്സിംഗ്‌ ആണല്ലോ", മേനേജരുടെ സംശയം ഞാന്‍ വേറെ ഏതോ കമ്പനിയില്‍ ഇന്റര്‍വ്യൂവിനു പോയതാണ് എന്നായിരുന്നു.
"അത് പിന്നെ സാര്‍, എനിക്കൊരു ബ്ലഡ് സാമ്പിള്‍ കൊടുക്കാന്‍ ഉണ്ടായിരുന്നു അതാ ലഞ്ചിന് കുറച്ചു നേരത്തെ പോയത്". ഒരുറപ്പിന് സൂചി കയറിയ പാടും കാട്ടിക്കൊടുത്തു.
"അത്യാവശ്യ കാര്യങ്ങള്ക്ക് പോകുന്നതിനു എനിക്ക് എതിര്പ്പൊന്നും ഇല്ല. പക്ഷെ പറഞ്ഞിട്ട് പോണം".
"ശരി സര്‍".
"ബ്ലഡ് സാമ്പിളിന്റെ കാര്യം പറഞ്ഞപ്പോഴാണ് ആലോചിച്ചത്, എനിക്കൊന്നു ഡോക്ടറെ കാണാന്‍ ഉണ്ടായിരുന്നു, ഞാന്‍ പോയിട്ടു വരാം", മേനേജര്‍ യാത്രയാകാന്‍ ഒരുങ്ങി ഫയലുകള്‍ അടക്കി വെച്ചു.
നടന്നകന്നു കൊണ്ടിരിക്കുന്ന മേനേജറെ നോക്കി ഞാന്‍ മനസ്സില്‍ പറഞ്ഞു, എല്ലാരും രോഗികള്‍ ആണ്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ