പ്രത്യേകിച്ചു ജോലിയോ കൂലിയോ ഇല്ലാത്ത കാലം.
ഒരു ദിവസം ഞാനും സുഹൃത്തും കൂടി കടപ്പുറത്തെ കല്‍ഭിത്തിയില്‍ കാറ്റുകൊണ്ടിരുന്നു
ലൈന്‍ അടിക്കഥകള്‍ പറയുന്ന സമയം.
“ഡാ നോക്കിയേ ദേ ഒരു കിളി”, സുഹൃത്ത് എന്നെ തോണ്ടി വിളിച്ചിട്ട് പറഞ്ഞു.
ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കിളിയല്ല, ആവശ്യത്തിലധികം തടിയുള്ള ഒരു പെണ്‍കുട്ടി, കൂടെ ഒരു ചെറിയ
കുട്ടിയുമുണ്ട്. തിരമാലകള്‍ക്ക് അരികെ നിന്നു കളിക്കുന്നു.
“ആരാടാ അത് കണ്ടു പരിചയം ഇല്ലല്ലോ.
എന്തായാലും ഇവിടെ അടുത്തൊന്നും ഉള്ളതല്ല, ഈ ചാമക്കാലയില്‍
നമ്മളറിയാത്ത ഏതെങ്കിലും പെണ്‍കുട്ടിയുണ്ടോ”?. എന്‍റെ സംശയം.
“അതേ എന്‍റെ വീട്ടില്‍ വിരുന്നിനു വന്ന
കുട്ടിയാ”, പിന്നില്‍ നിന്നുള്ള ഉത്തരം കേട്ടപ്പോള്‍ ഞാനും സുഹൃത്തും തിരിഞ്ഞു നോക്കി, ഞങ്ങളുടെ തന്നെ മറ്റൊരു സുഹൃത്താണ് തടിയന്‍. അവന്‍റെ ഇളയച്ഛന്റെ മകളാനത്രേ
തിരമാലകള്‍ക്ക് അരികെ നിന്നു കളിക്കുന്നു ആ കിളി, കൂടെയുള്ളത് അവളുടെ അനിയനും.
“എന്താടാ പേര്”, ഞാന്‍ ചോതിച്ചു.
“പേരറിഞ്ഞിട്ടു എന്തിനാ, നിങ്ങള്ക്ക് അവളെയും ലൈന്‍ അടിക്കാന്‍ നോക്കാനല്ലേ. പേര് പറയാന്‍ മനസ്സില്ല”. തടിയന്‍ ഒടക്ക് ലൈന്‍ ആണ്.
“ആഹാ, എന്നാ പിന്നെ പേര് ഞങ്ങള്‍ അതിന്‍റെ ഉടമസ്ഥനോട് തന്നെ ചോദിചോളാം” എന്നും പറഞ്ഞു സുഹൃത്ത് എണീറ്റു, കൂടെ ഞാനും.
“ഉം ചെല്ല് ചെല്ല്, അവള് നിങ്ങളോട് പേര് പറയുകയാണെങ്കില്‍ നിങ്ങള്ക്ക് എന്‍റെ വക മസാലദോശ, പറഞ്ഞില്ലെങ്കില്‍ നിങ്ങള്‍ എനിക്ക് ബിരിയാണി, എന്ത് പറയുന്നു”. തടിയന് തീറ്റയുടെ ബെറ്റുവെപ്പേ
അറിയൂ.
“മസാലദോശക്കൊന്നും ഞങ്ങളില്ല
സീലാണ്ടീന്ന് പൊറോട്ടയും ബീഫ് റോസ്റ്റും വാങ്ങിത്തരുമെങ്കില്‍ ബെറ്റുവെക്കാം”, സുഹൃത്തിന്റെ കമന്റ്.
“ഓക്കെ സമ്മതിച്ചു”, തടിയന് നല്ല കോണ്‍ഫിഡന്‍സ് ആണ്.
ഞാനും സുഹൃത്തും കല്‍ഭിത്തിയില്‍ നിന്നും
ഇറങ്ങി കടലിനരികിലേക്ക് നടന്നു.
“അളിയാ കയ്യില്‍ അഞ്ചു പൈസ ഇല്ല. ആ
പെണ്ണെങ്ങാനും പേര് പറഞ്ഞില്ലെങ്കില്‍ തടിയന് എങ്ങിനെ ബിരിയാണി വാങ്ങിച്ചു
കൊടുക്കും”. എന്‍റെ ടെന്‍ഷന്‍ മറച്ചു വെച്ചില്ല.
“ഒന്ന് പോ ചെക്കാ. നമ്മ തോറ്റാല്‍
തടിയനേം കൂട്ടി ഏതെങ്കിലും മുസ്ലിങ്ങളുടെ കല്യാണത്തിനു പോയാല്‍ പോരെ ബിരിയാണി
കിട്ടാന്‍, ഇനിയെങ്ങാനും നമ്മ ജയിച്ചാല്‍ പൊറോട്ടയും ബീഫ് റോസ്റ്റും അവന്‍ സീലാണ്ടില്‍
നിന്നും തന്നെ വാങ്ങി തരണം, അല്ലാതെ കിട്ടാന്‍ വേറെ വഴിയില്ല”.
എന്‍റെ ടെന്‍ഷന്‍ പോയി. സംസാരത്തിനിടയില്‍
നടന്നു നടന്നു ഞങ്ങള്‍ കളിക്കുന്ന കിളിയുടെ അടുത്തു ചെന്ന് ശ്രേദ്ധ ആകര്‍ഷിക്കല്‍
തുടങ്ങി. തമിഴ് നടന്‍ സൂര്യയെ പോലുള്ള 2 ചുള്ളന്മാര്‍ വന്നു
നിന്നിട്ട് അവള്‍ക്കു ഒരു നോട്ടോം ഇല്ല, അഹങ്കാരി.
ആവശ്യം ഞങ്ങളുടെ ആയതുകൊണ്ട് വിയറ്റ്നാം
കോളനിയിലെ ഇന്നസെന്റിനെ സ്മരിച്ചു കൊണ്ട് ചോദ്യം അങ്ങട് ചോദിച്ചു “എന്താ പേര്”.
ഉത്തരമില്ല എന്ന് മാത്രം അല്ല കേട്ട ഭാവമില്ല, കളിച്ചു കൊണ്ടെയിരിക്കുന്നു. കല്യാണം കഴിഞ്ഞു ഒരു കൊച്ചിനേം ഒക്കത്ത് വച്ചു
നടക്കേണ്ട സൈസ് ഉണ്ട്, കുട്ടിക്കളി മാറിയിട്ടില്ല.
സുഹൃത്തിന് ദേഷ്യം വന്നു തുടങ്ങി. “അതേ,
പേരാ ചോദിച്ചത്, അല്ലാതെ ഞങ്ങളെ ഇഷ്ടമാണോ
എന്നല്ല”.
ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞു നിന്നു ഒരു രൂക്ഷ
നോട്ടം. പിന്നെയും കളിയില്‍ മുഴുകി.
കുറച്ചകലെയായി ഞങ്ങളുടെ ബന്ധുക്കളൊക്കെ നില്‍പ്പുണ്ട്.
കുട്ടി ഒച്ചയുണ്ടാക്കിയാല്‍ ഒള്ള ചീത്തപ്പേര് കേടാവും. അതുകൊണ്ട് കാലുപിടിക്കാന്‍
തന്നെ തീരുമാനിച്ചു.
“കുട്ടിയുടെ പേര് കിട്ടിയാല്‍ ഞങ്ങള്‍ക്ക്
രണ്ടാള്‍ക്കും പൊറോട്ടയും ബീഫ് റോസ്റ്റും കിട്ടുമേ, ഒരു ബെറ്റ് ഉണ്ട്”.
അതില്‍ വീണു. ട്രീറ്റ് സ്പോണ്‍സര്‍
ചെയ്തിരിക്കുന്നത് കല്‍ഭിത്തിയില്‍ ഞങ്ങളേം നോക്കി ഇരിക്കുന്ന വല്യച്ഛന്റെ മകന്‍
ആണെന്ന് അവള്‍ക്കു മനസ്സിലായതുമില്ല.
പെണ്‍കുട്ടി പേരുപറഞ്ഞു. ബെസ്റ്റ് സൌണ്ട്, കിളിയൊക്കെ എത്രയോ ഭേതം.
പേര് പറയണ കേട്ട പാടെ സുഹൃത്ത് തിരിച്ചു പോരാന്‍
ഒരുങ്ങി.
“അളിയാ വീട് എവിടെയാണെന്ന്
ചോദിക്കട്ടെ. നമുക്ക് സൈക്കളും എടുത്തു അതിലെ കറങ്ങാല്ലോ”, ഞാന്‍ അവനെ പിടിച്ചു നിര്‍ത്തി.
നി”നക്ക് വേറെ പണിയൊന്നും
ഇല്ലേ, ഈ സാധനത്തിന്റെ വീട് കണ്ടു പിടിക്കാണ്ടല്ലേ, ലോകത്ത് വേറെ പെണ്ണൊന്നും ഇല്ലല്ലോ”. കൂട്ടുകാരന്‍ പിടി വിടീച്ച് തടിയന്റെ അടുത്തേക്ക് നടന്നു.
തടിയന്റെ അടുത്തു ചെന്ന് പേര് പറഞ്ഞു
വൈകീട്ടത്തേക്ക് ട്രീറ്റ് ഓക്കെ ആക്കി. തടിയന് ഒരു നഷ്ടബോധം ഇല്ലായിരുന്നു, കാരണം ഇതും പറഞ്ഞു വീട്ടില്‍ നിന്നും കാശ് വാങ്ങി കൂടെ അവനും അടിക്കാലോ.
പിന്നീട് കുറെ നാളുകള്‍ക്കു ശേഷം ഒരു ദിവസം
ജോലി കഴിഞ്ഞു ചെന്ത്രാപ്പിന്നിയില്‍ വന്നു ബസ് ഇറങ്ങുമ്പോള്‍ നേരത്തെ പറഞ്ഞ സുഹൃത്ത്
അവിടെ നില്‍പ്പുണ്ട്. ഞാന്‍ അടുത്തേക്ക് ചെന്നു.
“എന്താ അളിയാ ഇവിടെ നില്‍ക്കുന്നത്, ഇന്ന് പണിക്കു പോയില്ലേ”. ഞാന്‍ ചോദിച്ചു.
“പണിയൊക്കെ നേരത്തെ കഴിഞ്ഞു, ഞാന്‍ ഒരാളെ ചാലാക്കാന്‍ വേണ്ടി നില്‍ക്കുകയാണ്”.
“ആരെയാടാ..”
നീ” അറിയും, പണ്ടൊരിക്കല്‍ കടപ്പുറത്ത് വച്ചു കണ്ട പെണ്‍കുട്ടിയില്ലേ, തടിയന്റെ ബന്ധു, അത് തന്നെ”.
“ഏത്, നിന്‍റെ ഡബിള്‍ സൈസ് ഉള്ള, കിളിയുടെ ശബ്ദം ഉള്ള ആ
സാധനമോ. എന്താ ലോകത്തുള്ള മറ്റു പെണ്ണുങ്ങള്‍ ഒക്കെ ചത്തോ”. വാരാനുള്ള ചാന്‍സ് കിട്ടിയത് ഞാന്‍ കളഞ്ഞില്ല.
“അച്ഛനില്ലാത്ത കുട്ടിയാ അളിയാ, പിന്നെ നല്ല സ്വഭാവവും. വലിയ സാമ്പത്തികം ഒന്നും ഇല്ല. അവര്‍ക്കൊരു ജീവിതം
കൊടുക്കാന്‍ പറ്റിയാല്‍ അതൊരു പുണ്യമല്ലേ”. അവന്‍ സെന്റി സ്റ്റൈലില്‍ പറഞ്ഞു നിര്‍ത്തി.
“മോനെ, നിനക്ക് 21 വയസ്സ് ആയിട്ടുപോലും ഇല്ല. അങ്ങോട്ട്
ചെന്നാല്‍ മതി, ജീവിതം കൊടുക്കാന്‍, ഇപ്പൊ തന്നെ അവര്‍ സമ്മതിക്കും. വെറുതെ സമയം കളയാണ്ട് പടിഞ്ഞാറോട്ട് ഉണ്ടെങ്കില്‍
വായോ”. അതും പറഞ്ഞു ഞാന്‍ എന്‍റെ സൈക്കിള്‍
എടുക്കാന്‍ തിരിഞ്ഞു നടന്നു.
പക്ഷെ എന്‍റെ സുഹൃത്ത് പിന്മാറിയില്ല. ആദ്യമായി
കണ്ട ദിവസം കുറ്റം പറഞ്ഞു ഒഴിവാക്കിയ ആ പെണ്‍കുട്ടിയെ തന്നെ 6വര്ഷം പ്രേമിച്ച് കല്യാണം കഴിച്ചു.
അതാണ് നുമ്മ പറഞ്ഞ അവന്‍റെ വിധി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ