2014, ഡിസംബർ 18, വ്യാഴാഴ്‌ച

ഒരു യാത്രയുടെ തുടക്കം.




കൊല്ലവര്‍ഷം 1157- ആണ്ട് മേടം 29 ബുധനാഴ്ച, അതായത് എ.ഡി. 1982-ലെ ഒരു മെയ്മാസപ്പുലരിയില്‍ ആണ് ഈയുള്ളവന്റെ ജനനം. പുലരി എന്നത് ഒരു പ്രാസം ഒപ്പിച്ചതാട്ടോ, ഉച്ചക്ക് 11.55-നു ആണ് ജനനം. ഇനിയിപ്പോ എന്‍റെ ജനന സമയം വെച്ച് ജാതകം ഉണ്ടാക്കി എനിക്കെതിരെ മന്ത്രവാദം നടത്താം എന്ന് ഏതെങ്കിലും കുബുദ്ധികള്‍ കരുതുന്നുണ്ടെങ്കില്‍ ആ വെള്ളം അങ്ങ് വാങ്ങി വെച്ചേക്ക്, സമയത്തെക്കുറിച്ച് കേട്ടറിവേ എനിക്കുള്ളൂ, ഒരുറപ്പും ഇല്ല.

വിദേശത്തായിരുന്ന അച്ഛന്‍ അക്കാലത്ത് ചെറിയ കമ്മ്യൂണിസ്റ്റ്‌ സഹയാത്രികന്‍ ആയിരുന്നതുകൊണ്ട് ഭാവി പ്രവചിക്കുന്ന ഭൂതത്തെ വരുത്തി വര്‍ത്തമാനം പറയിക്കാനോന്നും മിനക്കെട്ടില്ല. എന്നാലും ബന്ധുക്കളായ മുറിജോത്സ്യന്മാരുടെ കണക്കില്‍ കരിംപൂരാടത്തില്‍ ആണ് ജനനം. കൊള്ളാം, അച്ഛന്‍ അമ്മാവന്‍ സഹോദരന്‍ എന്നിവരില്‍ ഒരാളുടെ കാര്യം തീരുമാനമായി. എന്നാലും എന്‍റെ കാര്യം ഒക്കെ ആണ് 19 വര്‍ഷത്തിലധികം ശുക്രന്‍!!!.

കരിംപൂരാടത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങാന്‍ അധികം വൈകിയില്ല. ഗള്‍ഫില്‍ നല്ലൊരു ജോലിയുണ്ടായിരുന്ന അച്ഛന്‍ അതും കളഞ്ഞ് നാട്ടില്‍ വന്നുകൂടി. 2 ആണ്‍ മക്കള്‍ ആണല്ലോ, ഇനിയിപ്പോ അവര് നോക്കിക്കോളും കാര്യങ്ങള്‍ എന്ന് വിചാരിച്ചിട്ടുണ്ടാകും. ഏത്, ഒരു വയസ്സുള്ള ഞാനും നാല് വയസ്സുള്ള ചേട്ടനുമാണ് കാര്യങ്ങള്‍ നോക്കേണ്ട ആള്‍ക്കാര്‍. കൂനിന്‍മേല്‍ കുരു എന്നപോലെ, പ്രതാപിയായ അച്ചാച്ചനോട് വഴക്കിട്ട അച്ഛന്‍ തറവാടിനടുത്തുള്ള സ്ഥലത്തില്‍ ഒരു കുഞ്ഞി വീട് വെച്ച് ഞങ്ങളെയും കൂട്ടി താമസം അങ്ങോട്ട്‌ മാറി.

എനിക്കോര്‍മ്മയുള്ള എന്‍റെ കുട്ടിക്കാലം തുടങ്ങുന്നത് ആ 1BHK ഓലപ്പുരയില്‍ ആണ്. ഞങ്ങളെ വിട്ടുപോകാനുള്ള പേടികൊണ്ടോണോ അതോ ജോലി ചെയ്യാനുള്ള മടി കൊണ്ടോണോ എന്നറിയില്ല വരുമാനം കിട്ടുന്ന ഒരു ജോലിക്കും പിന്നീട് അച്ഛന്‍ പോയിട്ടില്ല. ആരെങ്കിലും ചോതിച്ചാല്‍ അച്ഛന് വ്യെക്തമായ മറുപടിയും ഉണ്ട് ഗള്‍ഫില്‍ നല്ല വൈറ്റ് കോളര്‍ ജോലി ചെയ്ത് കൈ നിറയെ ശമ്പളം വാങ്ങിയിരുന്ന ഞാന്‍ എങ്ങിനാ ഇവിടെ ഈ നക്കാപിച്ച ശമ്പളത്തിന് കഷ്ടപ്പെട്ട് പണിയെടുക്കുന്നത്.

ശുക്രന്‍റെ ആധിക്യം കൊണ്ടാണെന്നറിയില്ല, 6-7 വയസ്സ് വരെ എനിക്ക് ഹോസ്പിറ്റലില്‍ നിന്നും ഇറങ്ങാന്‍ സമയം കിട്ടിയിട്ടില്ല. ഒരിക്കല്‍ ബാല ടിബി കാരണം ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്ത കഥ പറഞ്ഞു കേട്ടിട്ടുണ്ട്. വകയിലെ വല്യച്ഛന്റെ മകനും 2പേരും പിന്നെ ഞാനും അടക്കം നാലുപേര്‍ ഉണ്ടായിരുന്നു രോഗികളായി. ടിബി-ക്ക് കാര്യപ്പെട്ട മരുന്നുകള്‍ ഒന്നുമില്ലാത്ത കാലമായ കാരണം ആ നാലു പേരില്‍ ഞാന്‍ മാത്രമേ ജീവനോടെ ഹോസ്പിറ്റലില്‍ നിന്നും പോന്നുള്ളൂ.

ചിമ്പന്‍ ഡോക്ടറുടെ ഹോമിയോ മരുന്നുകള്‍ ആയിരുന്നു കൂടുതല്‍ കഴിച്ചിരുന്നത്. ഞാന്‍ കുടിച്ച പൈന്‍ആപ്പിള്‍ സിറപ്പിനും കഴിച്ച കപ്പലണ്ടിമിട്ടായി പോലുള്ള മരുന്നിനും ഒരു കണക്കില്ല. പൈന്‍ആപ്പിള്‍ നാട്ടില്‍ കിട്ടാതാവുമ്പോള്‍ തൃശൂരോ ചാലക്കുടിയോ പോലുള്ള അകല സ്ഥലങ്ങളില്‍ പോയി അച്ഛന്‍ സാധനം ഒപ്പിച്ചു കൊണ്ട് വരും, എന്നിട്ട് പിഴിഞ്ഞ് കുപ്പികളില്‍ ആക്കി മരത്തിന്‍റെ പെട്ടിയില്‍ എടുത്തു വെക്കും. ഷുഗര്‍ രോഗികള്‍ക്കൊന്നും ഹോമിയോ മരുന്ന് പറ്റില്ലെന്നാ തോന്നുന്നത്, ഈ ജാതി മധുരം ഉള്ള സാധനങ്ങള്‍ അടിച്ചാല്‍ ആള് സ്പോട്ടില്‍ വടിയാകില്ലേ.

പിന്നീട് കുറേക്കാലം ചോരക്കളിയായിരുന്നു. ക്രിക്കറ്റ്‌ തന്നെയായിരുന്നു അന്നും പ്രിയം. ബോള്‍ സ്പോണ്‍സര്‍ ചെയ്തിരുന്നത് ഞാന്‍ ആയിരുന്നു, പക്ഷെ ഒരു കുഴപ്പേ ഉള്ളൂ, ഞാന്‍ ഔട്ട്‌ ആയാല്‍ പിണങ്ങി കണ്ടിച്ചു ബോളും എടുത്തു ഞാന്‍ വീട്ടിലേക്കു പോരും അതോടെ കളിയും തീരും. വില്ലോ മരത്തിന്‍റെ ബാറ്റുകളെ കുറിച്ച് കേട്ടുകേള്‍വിയോ മറ്റു മരത്തിന്‍റെ ബാറ്റ് വാങ്ങാനുള്ള കാശോ ഇല്ലായിരുന്ന അന്നത്തെ കാലത്ത് മടലിന്റെ ബാറ്റ് ആണ് ഉപയോഗിച്ചിരുന്നത്, മ്മട ഓലപ്പട്ടെന്റെ കവണന്‍ മടല്‍ തന്നെ. ഒരിക്കല്‍ നല്ലൊരു ഷോട്ടിനായി അഭിലാഷ് അടിച്ച ബാറ്റ് കയ്യില്‍ നിന്നും വഴുതി വന്നു കൊണ്ടത്‌ എന്‍റെ മൂക്കില്‍. ചോര കുറെ പോയി, പിന്നാലെ എന്‍റെ ബോധവും. മൂക്കിന്‍റെ പാലം ഒടിയുക എന്ന് കേട്ടിട്ടേ ഉള്ളൂ, പാലം ഒടിഞ്ഞു.

ആ സംഭവത്തിനു ശേഷം പുറത്തു കളിക്കാന്‍ പോകുന്ന കാര്യത്തില്‍ നിയന്ത്രണങ്ങള്‍ വന്നു, പിന്നീട് അധിക സമയവും ചിലവഴിച്ചിരുന്നത്‌ കുടിയിരിപ്പില്‍ തന്നെയായി. സമൂഹ ജീവിയായി വളരേണ്ട ഞാന്‍ ഏകാകിയായി വളര്‍ന്നു. കൂട്ടുകാരോത്തുള്ള അടിച്ചുപോളികള്‍ സ്കൂളില്‍ പോകുന്ന സമയത്ത് മാത്രമായി ഒതുങ്ങി.

കൂലിയുള്ള ജോലി ഒന്നും ഇല്ലെങ്കിലും അച്ഛന്‍ ഞങ്ങളെ വളര്‍ത്തിയിരുന്നത് നല്ല അച്ചടക്കത്തിലും ശിക്ഷണത്തിലും ആയിരുന്നു. കാലത്ത് നേരത്തിന് എണീറ്റു പ്രഭാതകര്‍മ്മങ്ങള്‍ എല്ലാം കഴിഞ്ഞു വന്നാല്‍ പിന്നെ അമ്മ നെയ്ത കുഞ്ഞിപ്പായയും എടുത്തുകൊണ്ടുവന്ന് ഉമ്മറത്തെ വരാന്തയില്‍ രണ്ടു സൈഡില്‍ ആയി ഇരുന്നു പഠിച്ചോളണം 9.30 വരെ. മനസ്സില്‍ ഒന്നും പഠിച്ചാല്‍ പോര, വരാന്തയുടെ നടുവില്‍ റഫറിയെപ്പോലെ ഇരുന്നു കാലത്ത് മുതല്‍ വൈകിട്ട് വരെ മാതൃഭൂമി പത്രം അരിച്ചു പറക്കുന്ന അച്ഛന്‍ കേള്‍ക്കെ ഉറക്കെ പഠിക്കണം. ഈ മാതൃഭൂമി പത്രക്കാരെങ്ങാനും വായനക്കാര്‍ക്ക് വേണ്ടി ഒരു മത്സരം നടത്തിയാലുണ്ടല്ലോ, കപ്പു ഞങ്ങളുടെ വീട്ടിലിരിക്കും അന്നും, ഇന്നും.

വൈകീട്ട് സ്കൂള്‍ കഴിഞ്ഞു വന്നാല്‍ കളിക്കാന്‍ പോകാം, ചേട്ടന്‍ എന്തായാലും പോകും, നേരത്തെ പറഞ്ഞ കാരണങ്ങളാല്‍ എന്നെ അധികം വിടാറില്ല. സന്ധ്യക്ക്‌ മുന്‍പ് വന്നു കുളിച്ചു വീട്ടില്‍ കയറിക്കോളണം, അതാണ്‌ നിബന്ധന. കളിയില്‍ മുഴുകിപ്പോകുമ്പോള്‍ ചേട്ടന്‍ പലപ്പോഴും നിബന്ധന തെറ്റിക്കും, ചില സമയങ്ങളില്‍ ഞാനും. ശിക്ഷണത്തില്‍ മിടുക്കനായ അച്ഛന്റെ കയ്യീന്ന് ശിക്ഷ കിട്ടാന്‍ അത് മതി. ചേട്ടന് നല്ലോണം കിട്ടും അസുഖക്കാരന്‍ ആയതുകൊണ്ട് എനിക്ക് ചെറിയ ഡിസ്കൌണ്ട് ഉണ്ട്, ഇടയില്‍ കയറിയാല്‍ അമ്മയ്ക്കും കിട്ടും ശിക്ഷ.

കുളികഴിഞ്ഞു വന്നാല്‍ നാമം ചൊല്ലല്‍ ആണ് ഉറക്കെ തന്നെ. അന്നൊക്കെ നാമം ചൊല്ലല്‍ എല്ലാ വീട്ടില്‍ നിന്നും കേള്‍ക്കാം. ഇന്നിപ്പോ ഭൂരിപക്ഷം വീട്ടിലും വിളക്കുവെക്കാറില്ല. വിലക്ക് വെക്കുന്നവര്‍ ആട്ടെ എങ്ങിനെയെങ്കിലും കൊണ്ടുവന്നു വരാന്തയില്‍ വച്ചിട്ട്‌ ഓടിപ്പോകും, സീരിയല്‍ കാണാന്‍. അതിനിടയില്‍ വിലക്ക് കത്തുന്നുണ്ടോ, കേട്ടോ, അതോ കത്തിപ്പടര്ന്നോ എന്ന് യാതൊരു നോട്ടോം ഇല്ല, സീരിയല്‍ ഒക്കെ കഴിയുമ്പോള്‍ വന്ന് എടുത്തുകൊണ്ടു പോകും.

നാമം ചൊല്ലല്‍ കഴിഞ്ഞാല്‍ വീണ്ടും പഠനം, മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തില്‍. അത് കഴിഞ്ഞാല്‍ വൈകീട്ടുള്ള ഭക്ഷണം. ഭക്ഷണം എന്ന് പറഞ്ഞാല്‍, കഞ്ഞിയാണ് എന്നും. കൂടെ പയറോ കടലയോ പപ്പടമോ എന്തെങ്കിലും ഒന്ന് കാണും. അന്നൊക്കെ കൊല്ലത്തില്‍ 365 ദിവസവും കഞ്ഞി കുടിച്ചിട്ടും ഒരു മടുപ്പ് തോന്നിയിട്ടില്ല, അല്ല തോന്നിയിട്ടും കാര്യം ഒന്നും ഇല്ല, വേറെ ഒന്നും കിട്ടാന്‍ പോണില്ല. ഉച്ച സമയങ്ങളില്‍ ചോറും മീന്‍ കറിയും ഉണ്ടാകും. മീന്‍ കറി ഉണ്ടായിട്ടു എനിക്ക് കാര്യം ഒന്നും ഇല്ല. കറിവെച്ച മീന്‍ മുള്ള് കളഞ്ഞ് വെള്ളത്തില്‍ കഴുകിയാണ് എനിക്ക് അമ്മ തരാറ്, അങ്ങിനെ ഉപ്പും പുളിയും എരിവും ഇല്ലാത്ത മീമി ആണ് ഞാന്‍ കഴിച്ചിരുന്നത്. കുടിച്ചിരുന്നത്‌ ചൂടുമാറ്റാന്‍ പച്ചവെള്ളം ചേര്‍ത്ത ചായയും. 

തെങ്ങില്‍ നിന്നുള്ള വരുമാനം മാത്രമായിരുന്നു ആശ്രയം എന്നതുകൊണ്ട്‌ സ്ഥിരമായി തെങ്ങിന് വെള്ളം അടിക്കാനുള്ള പൈപ്പും മോട്ടോറും കോയമ്പത്തൂര്‍ പോയാണ് അച്ഛന്‍ വാങ്ങിച്ചുകൊണ്ട് വന്നത്. ആഴ്ചയില്‍ 2ദിവസം തെങ്ങിന് വെള്ളം അടിക്കും. അന്നൊക്കെ അതിന്റെ ഇടയില്‍ കിടന്നു കുഴയുന്നതാണ് ഹോബി, കുളിയും അതോടൊപ്പം കഴിയും. ഇന്നിപ്പോ തലയില്‍ രണ്ടു തുള്ളി വെള്ളം വീണാല്‍ മതി പിറ്റേ ദിവസം ജലദോഷം അതിന്റെ പിറ്റേ ദിവസം പനി.

സാമ്പത്തിക നില മോശമായിക്കൊണ്ടിരുന്നു. ഗള്‍ഫിലേക്ക് വീണ്ടും പോരാനുള്ള അച്ഛന്റെ ശ്രേമത്തിന്റെ ഭാഗമായി ഞങ്ങളെ അമ്മാമ്മയുടെ വീട്ടിലേക്കു മാറ്റി താമസിപ്പിക്കാന്‍ തീരുമാനമായി. അങ്ങിനെ രണ്ടാം ക്ലാസിന്റെ പഠനം പാതിവഴിയിലാക്കി ചാമാക്കാലയില്‍ നിന്നും ആദ്യമായി പറിച്ചു നടപ്പെട്ടു, പടിഞ്ഞാറേ വെമ്പല്ലൂരിലേക്ക് .


വിനോദിന്റെ യാത്രകള്‍ അവസാനിക്കുന്നില്ല.............


2 അഭിപ്രായങ്ങൾ:

  1. അച്ഛനിട്ട് പണി കൊടുത്ത് ബ്ലോഗ്‌ തുടങ്ങിയല്ലേ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒന്നുകില്‍ ആശാന്‍റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത്, ഏത്....

      ഇല്ലാതാക്കൂ