2014, ഡിസംബർ 20, ശനിയാഴ്‌ച

ആക്സിഡന്റ്



എന്റെ ഫോണ്‍ നിര്ത്താതെ ചിലച്ചുകൊണ്ടിരുന്നു. ക്ലൈന്റ് സ്റ്റാഫിന്റെ കൂടെ ഇരിക്കുന്നതുകൊണ്ട്‌ അവിടെ വച്ച് ഫോണില്‍ സംസാരിക്കാന്‍ പറ്റില്ല. ശ്രീലങ്കക്കാരനായ ക്ലൈന്റ് സ്റ്റാഫിനോട് സുല്ല് പറഞ്ഞു അവരുടെ ഓഫീസിനു പുറത്തിറങ്ങി ഞാന്‍ തിരിച്ചു വിളിച്ചു.
ആസ്ലാം ആണ് അങ്ങേ തലക്കല്‍, വാടകയാണ് പ്രശ്നം. അസ്ലാമിന്റെ കെയറോഫില്‍ ആണ് അറബിയുടെ വീട് ഞാന്‍ വാടകയ്ക്ക് എടുത്തിരിക്കുന്നത്. എല്ലാ മാസവും ഒന്നാം തിയ്യതിക്ക് മുന്പ് വാടക മുട്ടിക്കാറുണ്ടായിരുന്നു, ഇന്നിപ്പോള്‍ ഒന്നും രണ്ടും ഒക്കെ കഴിഞ്ഞു അഞ്ചാം തിയ്യതി ആയിരിക്കുന്നു.
"മനപ്പൂര്‍വ്വമല്ല അസ്ലാം ഭായ്, ശമ്പളം കിട്ടിയിട്ട് 2 മാസം കഴിഞ്ഞു. എന്നാലും നിങ്ങള് വിഷമിക്കേണ്ട ഇന്ന് വൈകീട്ട് വരുമ്പോള്‍ നിങ്ങളുടെ പൈസ ഞാന്‍ കൊണ്ട് വന്നിരിക്കും".
സിസ്റ്റം കണ്സ്ട്രക്റ്റ് എന്ന ഞങ്ങളുടെ കമ്പനി അങ്ങിനെയാണ്. ചിലപ്പോള്‍ ഒരു മാസത്തിനുള്ളില്‍ 3 ശമ്പളം കിട്ടും, അല്ലെങ്കില്‍ മാസങ്ങളോളം ശമ്പളം ഉണ്ടാകില്ല. പണ്ട് ബാച്ചിലര്‍ ആയി ക്യാമ്പില്‍ താമസിച്ചിരുന്നപ്പോള്‍ ഇതൊന്നും ഒരു പ്രശ്നം ആയി തോന്നിയിട്ടില്ല. ഇന്നിപ്പോ കുടുംബം കൂടെയുണ്ട്, കൂടാതെ അച്ഛനും അമ്മയും വിസിറ്റിനു വന്നിട്ടുണ്ട്. വാടക, വണ്ടിയുടെ അടവ്, വീട്ടുസാധനങ്ങള്‍, കുട്ടികളുടെ ചെലവ്..... രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുമ്പോള്‍ ശമ്പളം കൂടി കിട്ടാതായാല്‍, കഷ്ടം തന്നെ.
അധികം കാടുകേറാന്‍ നിന്നില്ല, ഫോണ്‍ സൈലന്റ് മോഡില്‍ ആക്കി ക്ലൈന്റ് സ്റ്റാഫിന്റെ അടുത്തേക്ക്‌ നടന്നു.
ഒഫീഷ്യല്‍ തിരക്കുകള്‍ അവസാനിച്ചപ്പോള്‍ 4മണിയായി. ക്ലൈന്റിന്റെ ഓഫീസില്‍ നിന്നും ഇറങ്ങി വണ്ടിയുടെ അടുത്തേക്ക്‌ നടക്കുന്നതിനിടയില്‍ ഫോണ്‍ എടുത്തു നജീബിനെ വിളിച്ചു.
"അളിയാ ശമ്പളത്തിന്റെ വല്ല വിവരവും ഉണ്ടോ, അസ്ലാമിന് ഇന്ന് വാടക കൊടുത്തെ പറ്റൂ".
"ശമ്പളം കിട്ടിയിട്ട് നീ വാടക കൊടുക്കല്‍ ഉണ്ടാവില്ല മോനേ. അടുത്തൊന്നും ഒരു രക്ഷയുമില്ലെന്നാണ് ഹെഡ് ഓഫീസില്‍ നിന്നും കിട്ടിയ വിവരം. നീ വേറെ വല്ല രീതിയിലും അറേഞ്ച് ചെയ്യാന്‍ നോക്ക്".
നജീബിന്റെ മറുപടി പ്രതീക്ഷിച്ചതാണ്. വേറെ ഏതു രീതി, എല്ലാ രീതിയിലും അറേഞ്ച് ചെയ്തിട്ടാണ് ഇതുവരെ പിടിച്ചു നിന്നത്. ഞാന്‍ പേഴ്സ് എടുത്തു നോക്കി, അതില്‍ കുറച്ചു പത്തിന്റെ നോട്ടുകളും പിന്നെ ഇനിയും ആക്റ്റിവേറ്റ് ചെയ്യാത്ത ഒരു ക്രെഡിറ്റ്‌കാര്ഡും. ആപല്‍ഘട്ടങ്ങളിലേക്ക് മാറ്റി വെച്ചിരുന്നതാണ് ആ ക്രെഡിറ്റ്‌കാര്ഡ്െ. ഇനിയിപ്പോ നോക്കിയിരുന്നിട്ടു കാര്യം ഇല്ല, വാസവശക്തി തൊടുക്കുക തന്നെ.
600599995-ലേക്ക് എന്റെ‍ ഫോണില്‍ നിന്നും ഒരു കോള്‍ പോയി, ക്രെഡിറ്റ്‌കാര്ഡ് ആക്റ്റീവ് ആയി. ക്രെഡിറ്റ്‌കാര്ഡില്‍ നിന്നും പൈസ എടുക്കാന്‍ ഏറ്റവും നല്ലത് അല്‍ഫര്‍ദാന്‍ എക്സ്ച്ചേഞ്ച് ആണ്, പക്ഷെ അതാണെങ്കില്‍ സിറ്റിക്ക് അകത്തും. വേറെ വഴിയൊന്നും ഇല്ലാതിരുന്നതുകൊണ്ട്‌ അങ്ങോട്ട്‌ തന്നെ പോയി.
"എത്ര ദിര്ഹം വേണം", എക്സ്ച്ചേഞ്ചിലെ കാഷ്യറുടെ ചോദ്യം.
ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി, 3000 അസ്ലാമിന്, വണ്ടിയുടെ അടവ് പത്താം തിയ്യതി ആണ്, പിന്നെ വട്ടചിലവ്...
"ഒരു 5000ദിര്ഹം വേണം" ഞാന്‍ മറുപടി പറഞ്ഞു.
കാഷ്യര്‍ തന്ന പൈസ എണ്ണി നോക്കി തിട്ടപ്പെടിത്തി വണ്ടി സ്റ്റാര്ട്ട്ന ചെയ്തപ്പോള്‍ ഫോണ്‍ വീണ്ടും ചിലച്ചു. അസ്ലാം തന്നെയാണ്.
"നീ എപ്പോ എത്തും".
"ഞാന്‍ ഇപ്പൊ അബുദാബി സിറ്റിയില്‍ ആണ് ഒരു ഒന്നര മണിക്കൂറില്‍ അവിടെ എത്തും". വരാനിരിക്കുന്ന ട്വിസ്റ്റുകള്‍ അറിയാതെ ഞാന്‍ മറുപടി കൊടുത്തു.
സമയം 5.30, ഞാനും വണ്ടിയും പതുക്കെ മുന്നോട്ട് നീങ്ങി. അത്യാവശ്യം നല്ല ട്രാഫിക്കില്‍ നിന്നും രക്ഷപ്പെട്ടു സിറ്റിക്ക് പുറത്തു കടന്നു. ഇനിയും 1മണിക്കൂര്‍ എടുക്കും വീടെത്താന്‍. അസ്ലാമിന് കാശുകൊടുത്തിട്ടു വീട്ടില്‍ കയറാം, അല്ലെങ്കില്‍ മക്കള്‍ ബഹളമാക്കും. എന്റെ മനസ്സില്‍ പല കണക്കുകൂട്ടലുകള്‍ ഉണ്ടായി.
വിജനമായ വഴികള്‍ താണ്ടി താരിഫ് എത്താറായി. 2വരിയുള്ള റോഡില്‍ ഒരു വരി ട്രെക്കുകള്‍ കയ്യടക്കി വച്ചിരിക്കുകയാണ്. മറ്റേ വരിയില്‍ മുന്നില്‍ വണ്ടികള്‍ ഒന്നും ഇല്ല, അതൊകൊണ്ട് തന്നെ എന്റെ കാറിന്റെ വേഗത മണിക്കൂറില്‍ 135-138 ആയിരുന്നു. താരിഫ് പെട്രോള്‍ പമ്പ് എത്താന്‍ ഇനി 2കിമീ മാത്രം.
പെട്ടെന്നാണത് സംഭവിച്ചത്, ആരോ കൊണ്ട് വച്ച പോലെ എന്റെ മുന്നില്‍ ഒരു 3ടണ്‍ പിക്കപ്പ്. ആക്സിലേറ്ററില്‍ നിന്നും കാലെടുത്ത് ബ്രെയ്ക്ക് ചവിട്ടാനുള്ള സമയം പോലും കിട്ടിയില്ല, ഇടി കഴിഞ്ഞിരുന്നു. ഏതോ വണ്ടിയുടെ ടയര്‍ തെറിച്ചുപോകുന്നത് കണ്ട ഓര്മ്മ യുണ്ട്. പിന്നെ കുറെ നേരം ചുറ്റും ഇരുട്ട് മാത്രം. നെല്ലും പതിരും വേര്തിണരിയുന്നപോലെ എന്റെ ഉടലും ആത്മാവും വേര്പിരിഞ്ഞോ എന്ന് സംശയിച്ച നിമിഷങ്ങള്‍. ഇല്ല, അത് സംഭവിച്ചിട്ടില്ല. സീറ്റ് ബെല്റ്റ് ‌, എയര്‍ ബാഗ്‌ എന്ന രക്ഷകര്‍ ഉടലും ആത്മാവും പിരിയാതെ സംരക്ഷിച്ചിരിക്കുന്നു.
പക്ഷെ, പരിക്കുകള്‍ ആവശ്യത്തിനു ഉണ്ട്. കലശലായ നെഞ്ചു വേദന, സീറ്റ് ബെല്റ്റ് ‌ മുറുകിയതിന്റെ ആണ്. മുന്നിലെ ഗ്ലാസ്‌ തകര്ന്നേതിന്റെ ശകലങ്ങള്‍ തെറിച്ച് പലസ്ഥലത്തും മുറിവുകള്‍. കാലിന്റെ മുട്ട് എവിടെയോ പോയി ഇടിച്ച് നല്ല കഴപ്പ്.
പലരും അവരുടെ വണ്ടികള്‍ നിര്ത്തി എന്റെറ കാറിനു ചുറ്റും ഓടിക്കൂടി. കാറിനുള്ളില്‍ നിന്നും പുക വരുന്നുണ്ട്. ഡോര്‍ തുറക്കാന്‍ നോക്കി, നടക്കുന്നില്ല. പുറത്തു നിന്നിരുന്നവര്‍ കുറച്ചു ബുദ്ധിമുട്ടി ജാം ആയ ഡോര്‍ വലിച്ച് തുറന്നു.
ഞാന്‍ പതുക്കെ പുറത്തിറങ്ങി, നില്ക്കാനുള്ള ശേഷി ഇല്ല. അല്പം അകലെ മാറി ഇരുന്നു, റോഡ്‌ സൈഡില്‍ തന്നെ.
"എങ്ങിനാ പറ്റിയത്". വണ്ടിയില്‍ നിന്നും ഇറങ്ങാന്‍ സഹായിച്ച ഒരാള് ചോതിച്ചു.
എങ്ങിനാ പറ്റിയത് എന്ന് എനിക്കും അറിയില്ലല്ലോ. പോളിടെക്ക്നിക്കില്‍ പഠിച്ചിട്ടില്ലായിരുന്നെങ്കില്‍ അതുകൊണ്ട് പറ്റിയതാണെന്ന് പറയാരുന്നു, ഞാനാണെങ്കില്‍ പോളിടെക്ക്നിക്കില്‍ പഠിച്ചും പോയി.
"തന്‍റെ വണ്ടി വരുന്നത് ശ്രെദ്ധിക്കാതെ അപ്പുറത്തെ ലൈനില്‍ കൂടി പോയിരുന്ന വണ്ടി യു-ടേണ്‍ എടുത്തപ്പോള്‍ പറ്റിയതാ", കൂടി നിന്നവരില്‍ ഒരാള്‍ പറഞ്ഞു.
ഓഹോ, അപ്പൊ അങ്ങിനെയാണ് സംഭവം.
ഞാന്‍ പതുക്കെ എണീറ്റു, നെഞ്ചുവേദന കുറഞ്ഞിട്ടില്ല, വണ്ടിയുടെ അടുത്തേക്ക്‌ നടന്നു. ഫ്രെന്റ് ഭാഗം തവിടുപോടിയായിട്ടുണ്ട്. ആറ്റുനോറ്റു വാങ്ങിയ വണ്ടിയാണ്. വീണിതല്ലോ കിടക്കുന്നു ധരണിയില്‍ പാര്ട്സ് പാര്ട്ട്സുകളായി.
ഒരു സുഡാനി ഓടിവന്ന്‍ എന്നെ കെട്ടിപ്പിടിച്ചു, ഭയങ്കര സന്തോഷപ്രകടനം, അറബിയില്‍ ദൈവത്തിനു സ്തുതിക്കുന്നു. "ഒരാള് ചോരവറ്റി നില്ക്കു മ്പോഴാണോടാ ചെറ്റെ നിന്റെന സ്നേഹപ്രകടനം" എന്ന് ചോദിക്കാന്‍ തുടങ്ങുമ്പോഴാണ് എന്റെ തലയില്‍ ട്യൂബ്ലൈറ്റ് കത്തിയത്.
"എന്റെ വണ്ടി ഇടിച്ച 3ടണ്‍ പിക്കപ്പ് ചേട്ടനാണല്ലേ ഓടിച്ചിരുന്നത്", ഞാന്‍ ചോതിച്ചു.
അയാള്‍ അതെ എന്ന ഭാവത്തില്‍ തലയാട്ടി.
"ചേട്ടന്‍ എവിടെ നോക്കിയിട്ടാ യു-ടേണ്‍ എടുത്തത്, വണ്ടി വരുന്നതു കണ്ടില്ലേ".
"ഇരുട്ടായതുകാരണം ഞാന്‍ ശെരിക്കും കണ്ടില്ല",
"വണ്ടി വരുന്നത് കണ്ടില്ലെങ്കിലും 3ടണ്‍ പിക്കപ്പ് യു-ടേണ്‍ എടുത്താല്‍ ഫാസ്റ്റ് ട്രാക്കിലേക്കാണോ ഓടിച്ചു കയറ്റുന്നത്". 
ഉത്തരമില്ല
ചോദ്യോത്തര വേളക്കിടയില്‍ പോലീസ് വന്നു, വണ്ടിയുടെ രേഖകളും ലൈസന്സും വാങ്ങി. പിന്നെ അവരുടെ വകയായിരുന്നു ചോദ്യാവലി. കാഴ്ച്ചക്കാരെയും വിസ്തരിച്ചു.
ആക്സിഡന്റ് റിപ്പോര്ട്ട് ‌ തയ്യാറാക്കാന്‍ ഒരു പോലീസുകാരന്‍ വണ്ടിക്കരികിലേക്ക് പോയി. വേറൊരാള്‍ തടസ്സപ്പെട്ട ഗതാഗതം ശരിയാക്കാനും പോയി.
വൈകാതെ ആംബുലന്സും വന്നു, രണ്ടു പച്ചക്കുപ്പായക്കാര്‍ ഇറങ്ങി എന്നെ ആംബുലന്സിലേക്ക് കൊണ്ടുപോയി. മര്ദ്ദത്തിന്റെ കണക്കു കുഴപ്പമില്ല, പക്ഷെ ഹൃദയമിടിപ്പിന്റെ കണക്കു ശരിയായില്ല.
"ഹോസ്പിറ്റലിലേക്ക് പോകാം ചെക്ക് ചെയ്യണം".
വേണ്ടെന്നു ഞാനും പറഞ്ഞില്ല. ഹൃദയത്തിന്റെേ കാര്യം അല്ലെ, പണിമുടക്കിയാല്‍ പണിപാളും. കഴുത്തു വേദന എന്ന് പറഞ്ഞു സുഡാനിയും കൂടെ കയറി.
ആംബുലന്സ് യാത്രയായി, ഞങ്ങളെയും കൊണ്ട് മിര്ഫാ ഹോസ്പിറ്റലിലേക്ക്. നിലവിളി ശബ്ദമിടാന്‍ ഡ്രൈവര്‍ മറന്നില്ല. ആദ്യമായാണ് ആംബുലന്സില്‍ കിടന്നു പോകുന്നത്. ഇതൊക്കെ ഓണവും വിഷുവുമൊക്കെ വരും പോലെ ആഘോഷിക്കണം എന്നാണു കലാഭവന്‍ മണി പറഞ്ഞിട്ടുള്ളത്. കലാഭവന്‍ മണിക്കതു പറയാം, സിനിമയല്ലേ. പക്ഷേ, നമ്മുടെ അവസ്ഥ നമുക്കല്ലേ അറിയൂ.
യാത്രക്കിടയില്‍ ഫോണെടുത്തു കുത്തി വീണ്ടും നജീബിനെ വിളിച്ചു. "നജീബേ, വണ്ടി ഒന്ന് ആക്സിഡന്റ് ആയി, താരിഫിന് അടുത്തുവച്ച്. എനിക്ക് കാര്യായ കുഴപ്പം ഒന്നും ഇല്ല, എന്നാലും ഡിറ്റെയില്‍ ചെക്കപ്പിന് ഞാനിപ്പോ മിര്ഫാ ഹോസ്പിറ്റലിലേക്ക് പോയിക്കൊണ്ടിരിക്കുകയാ. വണ്ടി ആക്സിഡന്റ് ആയ സ്ഥലത്ത് തന്നെയാണ്, നിങ്ങള്‍ ഒന്ന് പോയി നോക്കണം".
ഹോസ്പിറ്റല്‍ എത്തി. അത്യാഹിത വിഭാഗത്തിലെ ഡോക്ടറുടെ അടുത്തേക്ക്‌ പച്ചക്കുപ്പയക്കാര്‍ ഞങ്ങളെ കൊണ്ടുപോയി. 2 മണിക്കൂര്‍ ഒബ്സര്‍വേഷനില്‍ കിടാത്താന്‍ അവിടെന്നു ഉത്തരവായി.
ഒബ്സര്‍വേഷനില്‍ കിടക്കുമ്പോള്‍ അസ്ലാമിന്റെ വിളി വന്നു വീണ്ടും
"നീ എത്താറായോ".
"അസ്ലാമേ, ഞാന്‍ ചെറിയൊരു ആക്സിഡന്റില്‍ പെട്ട് നില്ക്കുകയാ എത്താറാവുമ്പോള്‍ വിളിക്കാം", ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു. ഹോസ്പിറ്റലിന്റെ കാര്യം പറയാന്‍ പോയില്ല. പറഞ്ഞാല്‍ അങ്ങോട്ട്‌ കയറി വരും. എന്നെ കാണാനല്ല, കാശ് വാങ്ങിക്കാന്‍.
ഇടയ്ക്കിടയ്ക്ക് വീട്ടില്‍ നിന്നും വാമഭാഗത്തിന്റെ വിളി വരുന്നുണ്ടായിരുന്നു, പോലിസ് ചെക്കിങ്ങില്‍ ആണെന്ന് നുണ പറഞ്ഞു തല്ക്കാലം സമാധാനിപ്പിച്ചു.
നജീബ് എത്തി, കൂടെ ഷനീബും ഉണ്ട്. വണ്ടി അവര്‍ കണ്ടില്ലത്രെ. അപ്പോള്‍ റിക്കവറി എടുത്തുകൊണ്ടു പോയിക്കാണും.
ഒബ്സര്‍വേഷന്‍ കഴിയുന്നവരെ അവര്‍ അവിടെ തന്നെ വെയിറ്റ് ചെയ്തു. 2മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ വന്നു.
"തനിക്കു കുഴപ്പമൊന്നും ഇല്ല, പോകാം. പിന്നെ നീര്ക്കെനട്ട് വരാതിരിക്കാനുള്ള മരുന്ന് എഴുതിയിട്ടുണ്ട്, അത് വാങ്ങി കഴിച്ചോളൂ".
സന്തോഷം, ഡോക്ടര്ക്ക് നന്ദി പറഞ്ഞ് ഞങ്ങള്‍ ഞാന്‍ താമസിക്കുന്ന സ്ഥലത്തേക്ക് പോന്നു. എന്നെ ഡ്രോപ്പ് ചെയ്തു നജീബും ഷനീബും അവരുടെ കുടികളിലേക്കും പോയി.
വീട്ടിലുള്ളവരോട് നടന്ന സംഭവങ്ങള്‍ വിവരിച്ചുകൊണ്ടിരിക്കെ, വീണ്ടും അസ്ലാമിന്റെ കോള്‍.
"ഞാന്‍ ഇവിടെ വീട്ടില്‍ ഉണ്ട് നിങ്ങള്ക്ക് ബുദ്ധിമുട്ടില്ലെങ്കില്‍ ഇവിടെ വരെ വരാമോ".
5മിനിട്ടിനകം വാതില്ക്കല്‍ മുട്ട് കേട്ടു. അസ്ലാമും കൂട്ടുകാരനും ഹാജര്‍. 3000ദിര്ഹം എടുത്തു കൊടുത്ത് ആക്സിഡന്റിന്റെ കഥ പറഞ്ഞു.
"ഞങ്ങളോടൊരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ എന്താ വേണ്ടെതെന്ന് വച്ചാല്‍ ഞങ്ങള്‍ ചെയ്തേനേലാ, പൈസയുടെ അത്യാവശ്യം വല്ലതും ഉണ്ടെങ്കില്‍ ഈ പൈസ കയ്യില്‍ വചോളൂട്ടോ", അസ്ലാമിന്റെ ബൂമരാംഗ്.
"വേണ്ട ചങ്ങാതീ, ഇത് ഒപ്പിക്കാന്‍ വേണ്ടിയാണ് ഞാനിന്നു ഓടിയത് മുഴുവന്‍, നിങ്ങ തന്നെ വെച്ചോ കാര്യങ്ങള്‍ നടക്കട്ടെ".
അത് കേള്ക്കേണ്ട താമസം അസ്ലാമും കൂട്ടുകാരനും വാനിഷ് ആയി.
സമയം രാത്രി 12മണി. ഉറങ്ങാനുള്ള തയ്യാറെടുപ്പിനിടയില്‍ ഒരു ഫോണ്‍ വിളി വന്നു, പോലിസ് സ്റ്റേഷനില്‍ നിന്നും ആണ്. ഇപ്പൊ തന്നെ അങ്ങോട്ട്‌ ചെല്ലണമെന്ന്, നാളെ കാലത്ത് പോരെ എന്ന് ചോദിച്ചപ്പോള്‍ സമ്മതമല്ല.
വണ്ടിയില്ലാതെ ഞാന്‍ എങ്ങിനെ പോകാന്‍. വീണ്ടും നജീബിനെ വിളിച്ചു. എടുക്കുന്നില്ല, ഉറങ്ങിക്കാണും. പിന്നെ വിളി ഷനീബിലേക്ക്. ഉറങ്ങാനുള്ള തയ്യാറെടുപ്പായിരുന്നെങ്കിലും അവന്‍ എത്തി. ഞങ്ങള്‍ നേരെ പോലിസ് സ്റ്റേഷനിലേക്ക്.
അവിടെ ചെന്നപ്പോള്‍ സുഡാനി ഇരിക്കുന്നുണ്ട്‌ , പക്ഷെ വേണ്ടപ്പെട്ട പോലിസ് മേധാവി ഇല്ല. കാത്തിരിപ്പായി.
3മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പോലിസ് മേധാവി എത്തി. "എങ്ങിനാ പറ്റിയത്" എന്ന ചോദ്യം വീണ്ടും. ഞാന്‍ സംഭവം വിവരിച്ചു കൊടുത്തു
പോലിസ് മേധാവി സുഡാനിക്കെതിരെ തിരിഞ്ഞു. "നിന്റെ് തെറ്റാണ്"
അല്ലെന്നു പറയാന്‍ സുഡാനിക്കും കഴിയുമായിരുന്നില്ല.
സുഡാനിക്ക് ഫൈനും, എനിക്ക് വേണ്ട പേപ്പറും തന്നു പോലിസ് മേധാവി യാത്രയായി. പിന്നാലെ ഞങ്ങളും.
പോരുന്ന വഴിക്ക് ഞാന്‍ ഷനീബിനോട് പറഞ്ഞു, "ഇന്നത്തെ ഉറക്കം കുളായി അല്ലെ".
"അത് കുഴപ്പമില്ലടെ, നാളെ ഓഫീസില്‍ പോയി പഞ്ച് ചെയ്തിട്ട് ക്യാമ്പിലെ റൂമില്‍ പോയിക്കിടന്നുറങ്ങാല്ലോ".
വണ്ടി പോയ ടെന്ഷനും ഉറക്കം പോയ സങ്കടവുമെല്ലാം ചിരിക്കു വഴിമാറി.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ