2014, ഡിസംബർ 20, ശനിയാഴ്‌ച

പെണ്ണ് കാണല്‍ ചടങ്ങും സച്ചിന്‍റെ 200-ഉം


തറവാട്ടമ്പലത്തിലെ ഉത്സവം കഴിഞ്ഞ ക്ഷീണത്തില്‍ വീട്ടില്‍ വിശ്രമിക്കുകയായിരുന്നു ഞാന്‍. ഹാളില്‍ എന്തോ സംസാരം നടക്കുന്നത് കേട്ട് എണീറ്റു ചെന്നപ്പോള്‍ രണ്ടാമത്തെ എളേശന്‍ ആണ്, കൂടെ അച്ഛനും അമ്മയും ഉണ്ട്. ഒരു പ്രോപോസലിനെ കുറിച്ചാണ് ചര്‍ച്ച, ചേട്ടന്‍റെ കല്യാണം കഴിഞ്ഞ നിലക്ക് എന്‍റെ കാര്യം വൈകാതെ നടത്താം എന്ന നിലപാടാണ് അവര്‍ക്ക് (അവരെക്കാള്‍ കടുത്ത നിലപാടാണ് എനിക്ക് എന്നത് വേറെ കാര്യം).
പറഞ്ഞുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ വീട് എളെശന്‍റെ ഭാര്യവീടിനടുത്തായ കാരണം പെണ്‍കുട്ടിയുടെ വീട്ടുകാരെപ്പറ്റി എളെശന്‍റെ അളിയന്മാര്‍ക്കൊക്കെ നന്നായി അറിയാം, അങ്ങിനെ വന്നതാണ് പ്രൊപോസല്‍. നല്ല കാര്യം, ചര്‍ച്ചയില്‍ ഞാനും കൂടി.
"പക്ഷെ ഒരു കുഴപ്പമുണ്ട്", ചര്‍ച്ചയുടെ വഴിയില്‍ എളേശന്‍ ഒരു ഹംബ് കൊണ്ട് വച്ചു.
"എന്ത് കുഴപ്പം", ചോദ്യം എന്‍റെ വകയായിരുന്നു.
"അല്ലാ, കുട്ടി പഠിക്കുന്നെ ഉള്ളൂ".
"ഓ അതൊരു പ്രശ്നം അല്ല. ഇന്നത്തെ പെണ്‍കുട്ട്യോള്‍ക്ക് കല്യാണം വരെ പഠിക്കുന്നത് ഒരു ഫാഷന്‍ ആണ്".
"അതല്ലടാ, ഈ കുട്ടി പഠിക്കുന്നത് ഡിഗ്രി രണ്ടാം വര്ഷം ആണ്, അതായത് വയസ്സ് 19 ആയിട്ടെ ഉള്ളൂ".
"അയ്യോ, അതൊരു പ്രശ്നം തന്നെ ആണല്ലോ, എനിക്ക് വയസ്സ് 28 ആകുന്നു, അപ്പൊ വ്യെത്യാസം 9 വയസ്സ്. അത് കൊറേ കൂടുതലാ, നമുക്ക് വേറെ നോക്കാ എളേശോ".
"നല്ല കൂട്ടരാണെന്നാ അറിഞ്ഞത്. പിന്നെ അത്ര കുഞ്ഞി കുട്ടിയൊന്നും അല്ല, നീ ഒന്ന് പോയി കണ്ടു നോക്ക്, ഇഷ്ട്ടപ്പെട്ടില്ലെങ്കില്‍ ഒഴിവ് പറഞ്ഞാല്‍ പോരെ". എളേശന്‍ വിടുന്ന മട്ടില്ല.
"പോയി നോക്കുന്നതിനു കുഴപ്പമൊന്നുമില്ല. പക്ഷെ ഇഷ്ട്ടപ്പെട്ടില്ല എന്ന് പറയുമ്പോള്‍ എല്ലാര്‍ക്കും അതൊരു ബുദ്ധിമുട്ടല്ലേ". വെറുതെ ഒരു യാത്ര ഒഴിവാക്കാന്‍ വീണ്ടും എന്‍റെ ശ്രേമം.
"ഒരു മിനിട്ട്, നീ ഒന്ന് വന്നേ. എളേശന്‍ എന്നേയും വിളിച്ചുകൊണ്ടു മുറ്റത്തേക്കിറങ്ങി. അതേ, ഒഫീഷ്യല്‍ പെണ്ണുകാണലിന് മുന്‍പ് പെണ്‍കുട്ടിയെ കാണാനുള്ള സൗകര്യം ഞാന്‍ ഒരുക്കി തരാം ഇഷ്ടപ്പെട്ടാല്‍ മാത്രം വീട്ടില്‍ പോയി കണ്ടാല്‍ മതി, എന്ത് പറയുന്നു".
എന്‍റെ മനസ്സില്‍ ലഡ്ഡു പൊട്ടി, ഒരു പെണ്‍കുട്ടിയെ തന്നെ രണ്ടു പ്രാവശ്യം പെണ്ണ് കാണുക, രസമുള്ള ഏര്‍പ്പാട് തന്നെ. ഞാന്‍ സമ്മതം മൂളി.
സമയം 3മണിയോടടുക്കുന്നു. കൊടുങ്ങല്ലൂര്‍ അമ്പലപറമ്പില്‍ വണ്ടി പാര്‍ക്ക് ചെയ്തു ഞങ്ങള്‍ 3പേര്‍ (എളെശന്റെ അളിയന്‍, ഞാന്‍, പിന്നെ പെണ്‍കുട്ടിയുടെ കൂടെ സ്കൂളില്‍ പഠിച്ചിരുന്ന ഒരു ഫ്രീക്കന്‍) പെണ്‍കുട്ടി വരുന്ന വഴിയരികിലെ ഒരു കടയുടെ വരാന്തയില്‍ കാത്തു നിന്നു. ഏതോ പൂവാലന്മാര്‍ ആണെന്ന സംശയത്താല്‍ കടയുടമ ഇടയ്ക്കിടയ്ക്ക് ഞങ്ങളെ രൂക്ഷമായി നോക്കുന്നുണ്ട്. അയാളുടെ സംശയം ഒന്നും ക്ലിയര്‍ ചെയ്തു കൊടുക്കാന്‍ ഇപ്പൊ സമയമില്ല, പെണ്‍കുട്ടി വരാറായി.
കുറച്ചപ്പുറമായി നിന്നിരുന്ന ഫ്രീക്കന്‍ ഞങ്ങളുടെ അടുത്തേക്ക്‌ ഓടി വന്നിട്ട് പറഞ്ഞു പെണ്‍കുട്ടി വരണുണ്ട്ട്ടാ. ഈ ഫ്രീക്കന്റെ കാമുകിയെങ്ങാനും ആണോ അവള്‍ എന്ന് മനസ്സിലൊരു സംശയം, ഏയ്‌ അങ്ങിനെയാവാന്‍ വഴിയില്ല, ലോകത്തൊരു കാമുകനും സ്വന്തം കാമുകിയെ വേറൊരുത്തനു പെണ്ണുകാണാന്‍ അറേഞ്ച് ചെയ്തുകൊടുക്കില്ല. ചിലപ്പോള്‍ ഫ്രീക്കന്റെ ശത്രുവിന്റെ കാമുകി ആയിരിക്കും, അതാണ്‌ ഇവനിത്ര ഉത്സാഹം. ആ അതൊക്കെ വഴിയെ അന്വേഷിക്കാം ഇപ്പൊ പെണ്ണ് കാണല്‍ ആണ് മുഖ്യം.
പെണ്‍കുട്ടി ഏകദേശം അടുത്തെത്തി. പ്രൈവറ്റ് കോളേജ് യൂണിഫോമില്‍ കൂട്ടുകാരിയുമോത്താണ് വരവ്. കടയോട് അടുത്തെത്തിയപ്പോള്‍ ഞാന്‍ അടിമുടി ഒന്ന് അളന്നു. എളേശന്‍ പറഞ്ഞ എടുപ്പോന്നും ഇല്ല, എന്നാലും തരക്കേടില്ല. ബസ്സില്‍ കയറാനായി അവര്‍ മുന്നോട്ടു നടന്നുകൊണ്ടിരുന്നു. ഞങ്ങള്‍ പിന്നാലെ കൂടി.
"മുടി കൊള്ളാം അല്ലെ", കൂടെ നടക്കുമ്പോള്‍ ഫ്രീക്കന്റെ കമന്റ്.
അപ്പോഴാണ്‌ പെണ്‍കുട്ടിയുടെ മുടി ഞാന്‍ ശ്രേദ്ധിച്ചത്. പഴയ പ്രേതകഥകളിലെ യക്ഷിമാരുടെ പനങ്കുല പോലെയൊന്നുമില്ലെങ്കിലും നല്ല മുടി, തുളസിക്കതിര്‍ വച്ചു ഭംഗി വരുത്തിയിട്ടുണ്ട്. അത് പക്ഷെ ഫ്രീക്കനോട് പറഞ്ഞില്ല.
"ഉം തരക്കേടില്ല", കുറച്ചു കടുപ്പത്തില്‍ ഞാന്‍ പറഞ്ഞു.
ഫ്രീക്കന്‍ അത് തീരെ പ്രതീക്ഷിച്ചിരുന്നില്ല, പുഞ്ചിരിച്ചുകൊണ്ടിരുന്ന മുഖം പെട്ടെന്നു വാടി. വില്‍ക്കാന്‍ വച്ചിരിക്കുന്ന വസ്തുവിന് പ്രതീക്ഷിച്ച നോട്ടം കിട്ടാതാവുമ്പോള്‍ ഉടമക്കുണ്ടാകുന്ന വിഷമം ആ മുഖത്തു ഞാന്‍ കണ്ടു. ഫ്രീക്കന് ഈ കല്യാണ കാര്യത്തില്‍ എന്തോ താല്പര്യം ഉണ്ടെന്നു ഉറപ്പായി.
പെണ്‍കുട്ടി നടന്നു നടന്നു, പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന പ്രൈവറ്റ് ബസ്സില്‍ കയറി ഏറ്റവും മുന്‍പില്‍ വന്നു നിലയുറപ്പിച്ചു. ഓ സമാധാനം, വിവേകമുള്ള കുട്ടിയാണ്, പിന്നിലുള്ള ശല്യങ്ങള്‍ ഒഴിവാക്കാന്‍ മുന്നില്‍ നില്‍ക്കുന്നതാണല്ലോ നല്ലത്.
ഇരട്ട മണിയടിച്ചു, ബസ്‌ അതിന്റെ വഴികളിലേക്ക് യാത്രയായി. ഞങ്ങള്‍ തിരിച്ചു അമ്പലപറമ്പിലേക്കും.
"എങ്ങിനുണ്ട്", എളെശന്റെ അളിയന്‍റെ ചോദ്യം.
"എനിക്ക് ഒക്കെ ആണ്, എന്നാ വീട്ടില്‍ കാണാന്‍ പോകേണ്ടത്".
ഫ്രീക്കന്റെ മുഖത്തു വീണ്ടും പുഞ്ചിരി വിടരുന്നത് ഞാന്‍ ശ്രേദ്ധിച്ചു. കല്യാണം ശരിയായാല്‍ ഫ്രീക്കന് ബ്രോക്കര് കാശ് കൊടുക്കേണ്ടി വരുമെന്നാ തോന്നുന്നത്.
"അത് ഞാന്‍ വിളിച്ചു പറയാം, പക്ഷെ ഞാന്‍ ഉണ്ടാകില്ല പോകാന്‍, മോന്‍ വേണ്ടപ്പെട്ടവരെ ആരെയെങ്കിലും കൂട്ടി പോയാല്‍ മതി". എളെശന്റെ അളിയന്‍ പറഞ്ഞു നിര്‍ത്തി.
കൊടുങ്ങല്ലൂരില്‍ നിന്നും തിരികെ പോരുമ്പോള്‍ ഞാന്‍ പെണ്ണ് കാണലിനുള്ള തയ്യാറെടുപ്പിലായിരുന്നു. എളെശന്റെ അളിയനും ഫ്രീക്കനും പെണ്ണിന്‍റെ അച്ഛന്റെ സ്വത്തിനെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമൊക്കെ ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു. അവരെ എറിയാട് വിട്ട് ഞാനും കുറെ സ്വപ്നങ്ങളും വീട്ടിലേക്കു കാറോടിച്ച് പോയി.
എനിക്ക് തിരിച്ചു പോകേണ്ടകാരണം ഞായറാഴ്ച വരെ കാത്തിരിക്കാന്‍ പറ്റിയില്ല, പെണ്ണ് കാണല്‍ ചടങ്ങ് ഒരു ബുധനാഴ്ച ആയിരുന്നു. 2010-ഫെബ്രുവരി 24, ഞാനും അമ്മാവനും കൂടി പറഞ്ഞ സമയത്ത് തന്നെ പെണ്ണിന്‍റെ വീട്ടില്‍ എത്തി. സാമാന്യം വലിയ വീട്, പക്ഷേ ഫ്രന്റ്‌ വ്യൂ അത്ര പോര, പെയിന്റിങ്ങും മോശം. ആ വീടിനെയെല്ലല്ലോ കെട്ടാന്‍ പോകുന്നത് എന്ന് മനസ്സില്‍ പറഞ്ഞു വണ്ടിയില്‍ നിന്നിറങ്ങി.
വരവേല്‍ക്കാന്‍ ഒരു പറ്റം ആള്‍ക്കാര്‍. പെണ്ണിന്‍റെ അച്ഛന്‍, അമ്മ, ചേച്ചി, ഭര്‍ത്താവ്, കുട്ടി, അമ്മാവന്‍, അമ്മായി, വല്യച്ചന്‍, വല്യമ്മ, വല്യച്ഛന്റെ മകന്‍. അങ്ങിനെ പെണ്ണ്കാണാന്‍ വരുന്ന ചെക്കനെ അളക്കാന്‍ വേണ്ടവരോക്കെയുണ്ട്.
എല്ലാരും ടിവി കണ്ടിരിപ്പായിരുന്നു എന്ന് തോന്നുന്നു. ഇന്ത്യ-സൌത്ത് ആഫ്രിക്ക നാലാം ഏകദിനം നടക്കുന്നു. യാത്രയുടെ വിശേഷങ്ങള്‍ പറഞ്ഞിരിക്കുന്നതിനിടയില്‍ പലഹാരങ്ങള്‍ നിരന്നു. ഞാന്‍ ടിവിയിലെ സ്കോര്‍ ബോര്‍ഡില്‍ നോക്കി. 40 ഓവറുകള്‍ പിന്നിടുമ്പോള്‍ 160റണ്‍സുമായി സച്ചിനും 30റണ്‍സുമായി പത്താനും ബാറ്റ് ചെയ്യുന്നു.
അധികം വൈകിയില്ല ചായയുമായി പെണ്ണ് കാണേണ്ട പെണ്‍കുട്ടി വന്നു. പക്ഷെ ആ സീന്‍ ഞാന്‍ കണ്ടില്ല, എന്‍റെ ശ്രേദ്ധ മുഴുവല്‍ ടിവിയില്‍ ആയിരിന്നു. ടിവി കാണുമ്പോള്‍ വീട്ടില്‍ കള്ളന്‍ കയറിയാലും ഞാന്‍ അറിയില്ല എന്ന് മറ്റുള്ളവര്‍ പറയുന്നത് തെറ്റാക്കി മാറ്റരുതല്ലോ. കൂടെയുണ്ടായ അമ്മാവന്‍ എന്നെ തോണ്ടി വിളിച്ചു. ടിവിയില്‍ നിന്നും തല വലിച്ച് ചായയുമായി നില്‍ക്കുന്ന ആളെ നോക്കി. മുഖം പണ്ട് കണ്ട പോലെ അല്ല, ആവശ്യത്തിലധികം പുട്ടിയിട്ടിട്ടുണ്ട്, പിന്നെ നിറം മങ്ങിയ കോളേജ് യൂണിഫോമില്‍ നിന്നും മാറി നല്ല കളര്‍ഫുള്‍ ആയ ചുരിദാര്‍.
ഞാന്‍ ചായ വാങ്ങി. ചൂടുള്ള ചായ ഊതിക്കൊണ്ടു 2 വലി കുടിച്ചു. ആഹാ, നല്ല ചായ, എന്തായാലും ചായ കൊണ്ട് വന്ന ആള്‍ ഉണ്ടാക്കിയതല്ലെന്നു മനസ്സിലായി, വേലക്കാരിയാകും. പക്ഷെ സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍-ലെ പോലെ ഉണ്ടാക്കിയ ആളെ കണ്ടു പിടിച്ചു എന്‍റെ കൂടെ പോരുന്നോ എന്ന് ചോതിക്കാന്‍ പോയില്ല, ചിലപ്പോള്‍ കൂടെ ഇറങ്ങി വന്നാലോ. കാലം അതാണ്‌.
ചായ കൊണ്ട് വന്ന ട്രേ ഡൈനിങ്ങ്‌ ടേബിളില്‍ വെച്ച് പെണ്‍കുട്ടി സ്ത്രീജനങ്ങളുടെ അരികിലേക്ക് നീങ്ങി നിന്നു, അതാണ്‌ അതാണു കുലീനത. എന്നെ അടിമുടി നോക്കി നില്‍പ്പാണ് പുള്ളി, ആദ്യമായിട്ട് കാണുകയാണല്ലോ. ഞാന്‍ നേരത്തെ കണ്ടിട്ടുള്ളതുകൊണ്ട്‌ ചായ കുടിക്കുന്നതിനിടയില്‍ എന്‍റെ ശ്രേദ്ധ വീണ്ടും ടിവിയിലേക്ക് മാറി, ഞാന്‍ മാത്രം അല്ല എല്ലാ ആണുങ്ങളും ടിവിക്കുള്ളില്‍ ആണ്. 46 ഓവര്‍ കഴിഞ്ഞിരിക്കുന്നു, 196റണ്‍സെടുത്ത് സച്ചിന്‍ ഏറ്റവും ഉയര്‍ന്ന ആകദിന സ്കോറുമായി ബാറ്റിംഗ് തുടരുന്നു. ഇതിനിടയില്‍ പത്താന്‍ പോയി ധോണി വന്നു, മൂപ്പരും നല്ല മേടല്‍ ആണ്.
കളിയുടെ ടെന്‍ഷന്‍റെ ഇടയില്‍ ചിപ്സ് വച്ചിരുന്ന പാത്രം കാലി ആയി.
പരസ്യം, എല്ലാരും തല വലിച്ച് കാര്യത്തിലേക്ക് കടന്നു. "കുട്ടിയോട് വല്ലതും ചോദിക്കാനുണ്ടെങ്കില്‍ ചോദിക്കാട്ടോ", അമ്മാവനാണ് ആ ഗ്രനേഡ് എടുത്തു എന്‍റെ കയ്യില്‍ തന്നത്, എന്നിട്ട് ഒരു ആക്കിയ ചിരി. പെണ്ണുകണ്ട് മുന്‍കാല പരിചയമുള്ളതുകൊണ്ട് ഗ്രനേഡ് എനിക്ക് പുല്ലായിരുന്നു.
"കല്യാണം കഴിഞ്ഞാല്‍ ഗള്‍ഫിലേക്ക് കൊണ്ട് പോകാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത് അപ്പോള്‍ ഡിഗ്രി പഠനം എന്ത് ചെയ്യും", ഗ്രനേഡ് എടുത്തു ഞാന്‍ അമ്മക്ക് പിന്നില്‍ പാതി മറഞ്ഞിരുന്ന പെണ്‍കുട്ടിക്ക് ഇട്ടുകൊടുത്തു.
പെണ്‍കുട്ടി ഉത്തരം പറയാനാവാതെ നിന്നു കുഴഞ്ഞു. രക്ഷക്കെത്തിയത് കുട്ടിയുടെ അച്ഛനായിരുന്നു. "അതിപ്പോ കോഴ്സ് കഴിഞ്ഞിട്ടും പോകാലോ, അല്ലെങ്കില്‍ ഗള്‍ഫില്‍ പോയിട്ട് പരീക്ഷ സമയത്ത് വന്നു എഴുതിപ്പോയാല്‍ പോരെ".
അതാണ്‌ നടപ്പ് വശം. വിഷമിച്ചു നിന്നിരുന്ന പെണ്‍കുട്ടിയുടെ മുഖത്തും ആശ്വാസഭാവം. ഗ്രനേഡ് നിര്‍വീര്യമായി
പിന്നെ അധികം കഥ പറച്ചില്‍ ഒന്നും ഉണ്ടായില്ല. പെണ്ണും ചെക്കനും മാത്രം ഉള്ള സുവര്‍ണ്ണ നിമിഷങ്ങള്‍ അനുവതിക്കാത്തതില്‍ എനിക്കൊട്ടു പ്രയാസം തോന്നിയതുമില്ല. കാലിയായ ചായക്കപ്പുകളും ചിപ്സ് പാത്രങ്ങളും എടുത്തു സ്ത്രീജനങ്ങള്‍ അടുക്കളയിലേക്കു നീങ്ങി. ഞങ്ങളുടെ ശ്രേദ്ധ വീണ്ടും ടിവിയില്‍ പതിഞ്ഞു.
48 ഓവറുകള്‍ കഴിഞ്ഞിരിക്കുന്നു സച്ചിന്‍-199*. ടെന്‍ഷന്‍ കൂടിക്കൂടി വരുന്നു, ടീമിന്‍റെ സ്കോറും ധോനിയുടെ സ്കോറും അപ്രെസക്തമായിരിക്കുന്ന സമയം. 49- ഓവറില്‍ ധോനിയുടെ വെടിക്കെട്ട്, അഞ്ചാമത്തെ ബോള്‍ സിക്സര്‍ അടിച്ചു ധോണി ബാറ്റ് ഉയര്‍ത്തിക്കാട്ടി, 50തികച്ചുകാണും. ആരും അത് ശ്രേദ്ധിക്കുന്നേയില്ല. ഓവറിന്റെ അവസാന ബോളില്‍ സിംഗിള്‍. "എന്തൊരു അലമ്പ് പരിപാടി ആണ് ആ പന്നി കാണിച്ചത്, അവസാന ഓവറിലും സച്ചിന് സ്ട്രൈക്ക് ഇല്ല". പെണ്‍കുട്ടിയുടെ അച്ഛനടക്കം എല്ലാരും ധോനിയെ വിളിക്കാത്ത ചീത്ത ഇല്ല.
വീണ്ടും പരസ്യം, പക്ഷെ അധികം നേരം നീണ്ടില്ല. ആദ്യ ബോളില്‍ ധോനിയുടെ സിക്സ്, സച്ചിന്‍റെ കാര്യം ഒരു തീരുമാനവുമായില്ല. അടുത്ത ബോളില്‍ ധോണി സിംഗിള്‍ എടുത്തു സച്ചിന് സ്ട്രൈക്ക് കൈമാറി. സമാധാനത്തിനു പകരം ടെന്‍ഷന്‍ അതിന്റെ പാരമ്യത്തില്‍ എത്തി, എന്താ ചെയ്യ മനസ്സ് ശാന്തമാക്കാന്‍ കുടുംബക്ഷേത്രത്തിലേക്ക് 500 രൂപയുടെ ഒരു വഴിപാടു അങ്ങട് നേര്‍ന്നു സച്ചിന്‍റെ പേരില്‍. അടുത്ത ബോള്‍ എറിയാന്‍ ബോളര്‍ ഓടി വരുമ്പോള്‍ ഹൃദയം ഉസൈയില്‍ ബോള്‍ട്ടിനെ തോല്‍പ്പിച്ചു മുന്നോട്ടു കുതിച്ചു. ഏവരും കാത്തിരുന്ന സിംഗിള്‍, സച്ചിന്‍-200*. കരഘോഷങ്ങളും ആര്‍പ്പുവിളികളും കൊണ്ട് പെണ്ണുകാണല്‍ വീട് ഒരു കല്യാണ വീടുപോലെയായി. പെണ്‍കുട്ടിയുടെ അച്ഛന്‍ എണീറ്റു നിന്നു ജയ് വിളിച്ചു. ആഘോഷം തീരും മുന്‍പ് ഇന്ത്യയുടെ ബാറ്റിംഗ് തീര്‍ന്നു.
എന്നെയും വിളിച്ചുകൊണ്ടു അമ്മാവന്‍ വീടിന്‍റെ സിറ്റ്ഔട്ടിലേക്ക് പോയി. "എന്താ നിന്റെ തീരുമാനം, ഓക്കേ ആണെങ്കില്‍ ഇവിടെ വച്ചു പറയാം അല്ലെങ്കില്‍ വീട്ടില്‍ പോയി പറയാം".
സച്ചിന്‍ ഡബിള്‍ സെഞ്ച്വറി അടിച്ച സന്തോഷത്തില്‍ ഞാന്‍ ഡബിള്‍ ഓക്കേ പറഞ്ഞു.
അമ്മാവന്‍ പെണ്‍കുട്ടിയുടെ അച്ഛന്‍റെ അടുത്തുപോയി കാര്യം പറഞ്ഞു, അവരും ഹാപ്പി ആയി.
യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്ന ഇമവെട്ടാതെ എന്നെ നോക്കേണ്ടിയിരുന്ന ആ 2 കണ്ണുകള്‍ മാത്രം എവിടെയും കണ്ടില്ല.
ഗള്‍ഫിലേക്ക് പോകാന്‍ എയര്‍പോര്‍ട്ടിലെ ലോഞ്ചില്‍ ഇരിക്കുമ്പോള്‍ എളെശന്റെ വിളി വന്നു. സാരാംശം ഇതായിരുന്നു, നിന്‍റെ കല്യാണാലോചന കല്ലത്തായീട്ടാ, കൂടെ കുറെ കാരണങ്ങളും. ഞാന്‍ എല്ലാം മൂളി കേട്ടു.
നാട്ടില്‍ നിന്നു പോരുന്ന സങ്കടത്തിനോപ്പം ഇതുകൂടി ആയപ്പോള്‍ ആകെ ഒരു വല്ലായ്മ.
പക്ഷെ എന്‍റെ ആത്മാവ് എന്നോട് ഇങ്ങിനെ മന്ത്രിച്ചു, ഒരു കല്യാണാലോചന കല്ലത്തായാലെന്താ ഗഡീ, നമ്മുടെ സച്ചിന്‍ 200 അടിച്ചില്ലേ. സച്ചിന് ഇനിയൊരു ചാന്‍സ് കിട്ടിയെന്നു വരില്ല, പക്ഷെ നിനക്ക് വേറെ പെണ്ണ് കിട്ടാതിരിക്കില്ല. ഡോണ്ട് വറി മാന്‍ ബി ഹാപ്പി.


1 അഭിപ്രായം:

  1. അതേ ... സച്ചിൻ 200 തികച്ചത് കണ്ട് തൃപ്തിയടഞ്ഞില്ലെ ....!
    ഇനിയെന്തു പെണ്ണ് ...?
    ഇനിയെന്തു കല്യാണം....?

    മറുപടിഇല്ലാതാക്കൂ