2015, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

ആന്വല്‍ ട്രെയിനിംഗ് ക്യാമ്പ്‌

ആന്വല്‍ ട്രെയിനിംഗ് ക്യാമ്പ്‌



മൈ ഡിയര്‍ കേഡറ്റ്സ്, ഈ വരുന്ന ക്രിസ്ത്മസ് വെക്കേഷന് കുട്ടനെല്ലൂര്‍ ഗവണ്മെന്റ് കോളേജില്‍ വച്ച് NCC-യുടെ ഒരു ആന്വല്‍ ട്രെയിനിംഗ് ക്യാമ്പ്‌ നടക്കുന്നുണ്ട്. നമ്മുടെ പോളിടെക്നികില്‍ നിന്നും 20 പേര്‍ക്ക് വരെ അതില്‍ പങ്കെടുക്കാം, താല്‍പര്യമുള്ളവര്‍ ഓഫീസില്‍ പേര് കൊടുക്കുക. എല്ലാ ശനിയാഴ്ചയും നടക്കാറുള്ള NCC പരേഡ് കഴിഞ്ഞു പൊറോട്ടയും പുളിച്ച സാമ്പാറും കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ട്രെയിനിംഗ് ഓഫീസറുടെ അറിയിപ്പ്.

പോളിടെക്നിക് പഠനവും, NCC ട്രെയിനിംങ്ങും ഒക്കെ ഓര്‍മ്മവെച്ചനാള്‍ മുതല്‍ സ്വപ്നമായി കൊണ്ട് നടന്നിരുന്നതുകൊണ്ട്‌ ആന്വല്‍ ട്രെയിനിംഗ് ക്യാമ്പിനു പോകാന്‍ ഞാനും പേര് കൊടുത്തു. ഞങ്ങളുടെ ക്ലാസ്സില്‍ നിന്നും ജ്യോതിഷും കൂടി പേര് കൊടുത്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കൊന്നും NCC-യില്‍ അല്ല, NSS-ല്‍ ആയിരുന്നു താല്‍പര്യം, അവിടെയാകുമ്പോള്‍ പെണ്‍കുട്ടികളും ഉണ്ടല്ലോ.

ഈ ജ്യോതിഷിനും NCC-യോട് വലിയ താല്പര്യം ഒന്നും ഉണ്ടായിട്ടല്ല മറിച്ച് എന്നോടുള്ള കടുത്ത വൈരാഗ്യമാണ് അവനെ ഈ ക്യാമ്പില്‍ എത്തിച്ചത് എന്നാണു എന്റെ ഒരിത്, വൈരാഗ്യ കാരണം എന്താ??... കഴിഞ്ഞ മാസം നടന്ന പഞ്ചഗുസ്തി മത്സരത്തില്‍ ജ്യോതിഷിനെ തോല്‍പിച്ചതിലൂടെ പെണ്‍കുട്ടികളുടെ ഇടയില്‍ എനിക്കുണ്ടായ മതിപ്പ് തന്നെ. ഇനിയിപ്പോ ഞാന്‍ ഒറ്റയ്ക്ക് NCC ക്യാമ്പ്‌ കൂടി കഴിഞ്ഞു വന്നാല്‍ തീര്‍ന്നില്ലേ അവന്റെ കാര്യം.

അല്ലെങ്കില്‍ തന്നെ എന്നെക്കാള്‍ കുറെ ഗ്ലാമറും, വിവരവും, വിദ്യാഭ്യാസവും, ഉയരവും, സാമ്പത്തികവും, വാക്ചാരുദ്യവും, പ്രായവും ഉണ്ടെന്നല്ലാതെ വേറെ എന്ത് മാങ്ങാത്തൊലിയാണ് അവനുള്ളത്...

സാധാരണ ഒരു ജോഡി യുണിഫോം ആണ് NCC കേഡറ്റുകള്‍ക്ക് നല്‍കാറ്, ക്യാമ്പിനു പോകാന്‍ ഒരു ജോഡി ഡ്രസ്സ്‌ കൂടി നല്‍കും. ക്രിസ്ത്മസ് വെക്കേഷന്‍ സമയത്തെ അസൈന്‍മെന്റുകള്‍ ചെയ്തു തീര്‍ക്കേണ്ടതുകൊണ്ട്, ക്യാമ്പിനു പോകേണ്ടതിന്റെ തലേ ദിവസം ആണ് രണ്ടാമത്തെ ജോഡി ഡ്രസ്സ്‌ വാങ്ങിക്കാന്‍ സമയം കിട്ടിയത്. ഇനിയിപ്പോ അലക്കി ഉണക്കി തേക്കാന്‍ ഒന്നും സമയം ഇല്ല, മാത്രവും അല്ല കിട്ടിയ ഡ്രസ്സ്‌ മുന്‍പ് എടുത്ത ആള്‍ നല്ല രീതിയില്‍ തേച്ചു മിനുക്കിയാണ് തിരിച്ചുകൊടുത്തത് എന്ന് തോന്നുന്നു.

പോളിയില്‍ നിന്നും NCC-23കേരള ബറ്റാലിയന്‍റെ വണ്ടിയിലാണ് യാത്ര. തൃശ്ശൂരും കടന്നു കിഴക്കോട്ടു കുറെ ഓടി വണ്ടി കുട്ടനെല്ലൂര്‍ ഗവണ്മെന്റ് കോളേജില്‍ എത്തിച്ചേര്‍ന്നു. ക്യാമ്പ്‌ ഓഫീസില്‍ റിപ്പോര്‍ട്ട്‌ ചെയ്തു, ഞങ്ങളുടെ പോളിയിലെ കേഡറ്റുകള്‍ക്ക് അനുവദിച്ചിരിക്കുന്ന ക്ലാസ്സില്‍ പോയി യുണിഫോം ഒക്കെ മാറി റെസ്റ്റ് എടുക്കുമ്പോള്‍ താഴെ ഒരു ബഹളം, ഓടിചെന്ന് നോക്കിയപ്പോള്‍ നമ്മുടെ കൂടെ വന്ന അണ്ടര്‍ഓഫീസര്‍ ലെനിന്‍ (പോളിയിലെ വിദ്യാര്‍ഥി) ക്യാമ്പിലെ ഏതോ പട്ടാളക്കാരന്റെ വെസ്പ എടുത്തു ഓടിച്ച് മരത്തില്‍ കൊണ്ടുപോയി ഇടിച്ചതാണ് സംഭവം. ആശാന്‍ തന്നെ ഇങ്ങനെ ആയാല്‍ പാവം ശിഷ്യന്‍മാരുടെ കാര്യം കഷ്ടം തന്നെ.

ക്യാമ്പ് തുടങ്ങി, ആദ്യത്തെ ദിവസം കുറച്ചു ക്ലാസ്സുകളും എക്സര്‍സൈസും മാത്രമേ ഉണ്ടായിരുന്നുല്ലോ. രണ്ടാമത്തെ ദിവസം മുതല്‍ പരേഡ് തുടങ്ങി, ഗ്രൂപ്പ് ആയിട്ടാണ് പരേഡ്, നന്നായി പ്രാക്ടീസ്ചെയ്തതുകൊണ്ടാണോ എന്നറിയില്ല എല്ലാരും വലത്തോട്ടു തിരിയുമ്പോള്‍ ഞാന്‍ മാത്രം ഇടത്തോട്ടു തിരിയും, അതുമാത്രം അല്ല, കൈയും കാലും ഒരിക്കലും താളം കണ്ടെത്തുന്നുമില്ല. സഹികെട്ട് ഓഫീസര്‍ എന്നെ പിടിച്ചു ഒറ്റയ്ക്ക് നിര്‍ത്തി ആയി പരിശീലനം, എന്നിട്ടും ശരിയാകുന്നില്ല. 

ഭക്ഷണം ഒക്കെ ക്യാമ്പില്‍ തന്നെയാണ് ഉണ്ടാക്കുന്നത്‌, മീന്‍കറിയൊക്കെ കണ്ടാല്‍ തന്നെ അറിയാം ഉണ്ടാക്കുന്നവന്‍ പണ്ട് ഏതോ കല്പ്പണിക്കാരന്റെ കയ്യാള്‍ ആയിരുന്നെന്നു, മണമാണെങ്കില്‍ ഫിലിപ്പൈന്‍സ്കാരുടെ ഭക്ഷണത്തിന്റെ പോലെയും, വേറെ വഴിയില്ലാത്തതുകൊണ്ട്‌ അതൊക്കെ വച്ച് അഡ്ജസ്റ്റ് ചെയ്യുക തന്നെ. കുടിക്കുന്ന വെള്ളത്തിന്റെ നിറവ്യത്യാസം ഞാന്‍ അടുത്തിരുന്ന സരിന് കാണിച്ചു കൊടുത്തു.

മോനെ ഇതാണ് കടുക്ക വെള്ളം, ആരോഗ്യത്തിനും നല്ലത് മനസ്സിനും നല്ലത്, സരിന്‍ സംശയ നിവാരണം നടത്തി.

ഫേസ്ബുക്കും വാട്ട്സപ്പും ഇല്ലാതിരുന്ന കാലമായതിനാല്‍ വൈകുന്നേരം ഉള്ള ഇടവേളകള്‍ ഒരിക്കലും ശോകമൂകം ആയിരുന്നില്ല. പോളിയിലെ കഥകളും ക്യാമ്പിന്റെ വിശേഷങ്ങളും കളികളും ഒക്കെയായി നല്ല ബഹളമയം.

ചെസ്സ്‌ കളിയാണ് എന്റെ ചോയ്സ്, വിയര്‍പ്പിന്റെ അസുഖം ഉള്ളത് കൊണ്ടാണെന്ന് ചില അസൂയക്കാര്‍ പറയുന്നത് നിങ്ങള്‍ വിശ്വസിക്കില്ല എന്ന് കരുതുന്നു. ജ്യോതിഷ് ആണ് മിക്കപ്പോഴത്തെയും എതിരാളി, എന്നും ഞാന്‍ 2-3 റൌണ്ടെങ്കിലും അവനോട് തോല്‍ക്കും. പിന്നെ കളി അറിയാത്ത ആരെയെങ്കിലും പിടിച്ചിരുത്തി കളിച്ചു ജയിച്ചു സായൂജ്യമടയും. പക്ഷെ മൂന്നാമത്തെ ദിവസം വൈകീട്ടത്തെ കളിയില്‍ ജ്യോതിഷിനെ അട്ടിമറിച്ച് എല്ലാരേയും ഞാന്‍ ഞെട്ടിച്ചു.

നാലാമത്തെ ദിവസം ഷൂട്ടിംഗ് പ്രാക്ടീസ് ആണ്. നല്ല ഉന്നം ഉണ്ടായിരുന്നതുകൊണ്ട് ടാര്‍ജറ്റ് പേപ്പര്‍ ഒരു തുലപോലും വീഴ്ത്താതെ തിരിച്ചു നല്‍കി ഞാന്‍ മാതൃകയായി.

ഷൂട്ടിംഗ് കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ കഴുത്തില്‍ ഭയങ്കര ചൊറിച്ചില്‍, റൂമില്‍ എത്തി നല്ലവണ്ണം സോപ്പൊക്കെ ഇട്ടു കുളിച്ചിട്ടും ചൊറിച്ചില്‍ മാറുന്നില്ല. പിറ്റേദിവസം കാലത്ത് ജോഗിങ്ങിനു പോകാന്‍ നോക്കുമ്പോള്‍ കഴുത്തിനു ചുറ്റും നീരുവന്ന പോലെ വീര്‍ത്തു ഇരിപ്പുണ്ട് കൂടെ നല്ല വേദനയും. ക്യാമ്പ്‌ മെഡിക്കല്‍ ഓഫീസറുടെ അടുത്ത് പോയെങ്കിലും സംഭവം എന്താണെന്ന് അയാള്‍ക്കും മനസ്സിലായില്ല. എന്നെയുംകൊണ്ട് ജില്ലാആശുപത്രിയില്‍ പോയി, എന്തിന്റെയോ അലര്‍ജി ആണ് പ്രശ്നം എന്ന് ഡോക്ടര്‍ പറഞ്ഞു, കഴുത്തില്‍ ഇടാനുള്ള മരുന്നും തന്നു. ഇന്നലെ കളി തോറ്റതിന് ജ്യോതിഷ് വല്ലതും ഒപ്പിച്ചതാകുമോ എന്നായി എന്റെ ചിന്ത. പക്ഷെ തിരിച്ചു റൂമില്‍ ചെന്നപ്പോള്‍ മനസ്സിലായി വില്ലന്‍ അലക്കാതെ കൊണ്ടുവന്ന രണ്ടാമത്തെ യുണിഫോം ആണെന്ന്.

യുണിഫോം ഇടാന്‍ പറ്റാത്തതുകൊണ്ട് പിന്നീട് അഞ്ചുദിവസം ഉറക്കം തന്നെ പ്രധാന പരിപാടി. ക്യാമ്പിന്റെ അവസാന ദിവസം പരേഡ് മത്സരം ഉണ്ട് എല്ലാരും നിര്‍ബന്ധമായും പങ്കെടുക്കണം. കഴുത്തിന്റെ അലര്‍ജി അവഗണിച്ചു ഞാനും പങ്കെടുക്കേണ്ടി വന്നു, പക്ഷെ ഒരു സ്റ്റെപ് പോലും തെറ്റിക്കാതെ ക്യാമ്പില്‍ പങ്കെടുത്ത മറ്റു 7 കോളേജുകളെയും പിന്തള്ളി ഞങ്ങളുടെ പോളി ടീം ഒന്നാംസ്ഥാനം നേടി.

തുടര്‍ന്ന് ക്യാമ്പില്‍ പങ്കെടുത്ത എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം നടന്നു, ആറുദിവസം സിക്ക് ലീവ് ആയ എന്റെ സര്‍ട്ടിഫിക്കറ്റില്‍ ഇങ്ങിനെ എഴുതിയിരുന്നു

Mr. Vinod.K.K. is successfully attended the Annual Training Camp conducted at Govt. College Kuttanellur.

എന്താല്ലേ.....

1 അഭിപ്രായം: