2015, ജനുവരി 31, ശനിയാഴ്‌ച

നഷ്ടപ്രണയം



ഓര്‍മ്മയുടെ ഘടികാരം 15 വര്‍ഷങ്ങള്‍ പിറകോട്ടോടി, കോവില്‍ തെക്കേവളപ്പുകാരുടെ തറവാട്ടമ്പലത്തിലെ ഉത്സവമായിരുന്നു അന്ന്, ഒരിക്കലും മറക്കാനാവാത്ത ദിവസങ്ങളില്‍ ഒന്ന്. കോളേജ് ഇല്ലാത്ത ദിവസമായിരുന്നതു കൊണ്ട് ഉച്ചക്ക് ഊണും കഴിച്ചു ഞങ്ങള്‍ കൂട്ടുകാരെല്ലാരും കൂടി പോയി, ഉത്സവം കാണാന്‍.

3 ആനകളും അതിനൊത്ത മേളങ്ങളും അലങ്കാരങ്ങളും കച്ചവടക്കാരും നാട്ടുകാരും ഒക്കെയായി കാര്യങ്ങള്‍ എല്ലാം നല്ല ഉഷാറാണ്.

ചെണ്ട വാദ്യമേളങ്ങളുടെ ഒപ്പം താളം പിടിച്ചു ആസ്വദിച്ചുകൊണ്ടിരിക്കുമ്പോഴാണ് രജിത്ത് വന്നു വിളിച്ചത്.

അളിയാ എന്റെ കൂടെ വാ, ശ്രീകോവിലിന്റെ അടുത്തു നിനക്ക് ഞാന്‍ ഒരാളെ കാണിച്ചു തരാം.

എന്തോ തരികിട മണത്ത ഞാന്‍ അവനോടു പറഞ്ഞു. ശ്രീകൊവിലിനടുത്തിപ്പോ ഒന്നുകില്‍ ദേവി ആകും അല്ലെങ്കില്‍ പൂജാരി, അവരവിടെ നിന്നോട്ടെ, നമുക്കാ ആനപ്പാപ്പാനെ സോപ്പിട്ടു രണ്ടു ആനവാല്‍ വാങ്ങാന്‍ നോക്കാം.

ആനയും പാപ്പാനും പൂരം കഴിയാതെ എവിടെയും പോകില്ല, നീ വരണുണ്ടെങ്കില്‍ വായോ. അവസാനം, കാണാന്‍ പറ്റിയില്ലല്ലോ എന്ന് വിഷമം തോന്നിയിട്ട് ഒരു കാര്യോം ഇല്ലാട്ടോ.

കാണാന്‍ പറ്റിയില്ലെങ്കില്‍ വിഷമം തോന്നാന്‍ മാത്രം ആരാണിപ്പോ അവിടെ നില്‍ക്കുന്നത്. ഇനി വല്ല സിനിമാക്കാര്‍ ആവുമോ. എന്റെ മനസ്സിലൂടെ കുറെ മുഖങ്ങള്‍ മിന്നി മറഞ്ഞു. എന്തായാലും പോയി നോക്കിയേക്കാം എന്ന് വിചാരിച്ചു രജിത്തിനെ അനുഗമിച്ചു.

ശ്രീകൊവിലിനടുത്തു ചെന്നപ്പോള്‍ പൂജാരിയും ശിങ്കിടികളും മാത്രമേ ഉള്ളൂ.

എവിടെടാ നീ പറഞ്ഞ ഭയങ്കരമാന ആള്, വെറുതെ നിന്നിരുന്ന എന്നെ പിടിച്ചുകൊണ്ടുവന്ന് പന്തിയില്‍ ഇരുത്തിയിട്ടിപ്പോ ഊണില്ലെന്നോ.

ഇപ്പൊ തന്നെ ഇവിടെ ഉണ്ടായിരുന്നതാ, എവിടെ പോയി. ആ ദാ ആ തെങ്ങിന്‍റെ അടുത്തു നില്‍ക്കുന്നു. രജിത്തിനു ആളെ കണ്ടെത്തിയ ആശ്വാസം.

ഞാന്‍ തെങ്ങിനടുത്തെക്ക് നോക്കി, അവിടെ നില്‍ക്കുന്ന ആളെ മനസ്സിലാക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.

സൂരജിന്‍റെ പെങ്ങളെ കാണിക്കാനാണോ നീ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്, ആ കുട്ടിയെ ഞാനെന്താ ഇതുവരെ കാണാത്തതാണോ.

നിനക്ക് കണ്ണട വെക്കാറായെന്നാ തോന്നുന്നത്, സൂരജിന്‍റെ പെങ്ങള്‍ അല്ല, അവളോട്‌ സംസാരിച്ചു നില്‍ക്കുന്ന മറ്റൊരു കുട്ടിയെ കണ്ടില്ലേ.

ഞാന്‍ വീണ്ടും അങ്ങോട്ട്‌ നോക്കി. ശരിയാണല്ലോ, ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ മുഖം. പുതിയമുഖോം ഓ ഓ എന്നാ പാട്ട് പാടേണ്ട സീന്‍, പക്ഷെ പുതിയ മുഖം എന്നാ പടം അന്ന് ഇറങ്ങിയിട്ടില്ലാത്തതുകൊണ്ട് പാട്ട് പാടാനുള്ള ചാന്‍സ് പോയല്ലോ, കഷ്ടം.  

സംഭവം ക്ലാസ്സ്‌ അല്ല ക്ലാസ്സിക്‌ ആണ്. ഒരു കിടിലന്‍ തനി നാടന്‍ പെണ്‍കുട്ടി (എനിക്കങ്ങിനെയാ തോന്നിയത് മറ്റുള്ളവര്‍ക്ക് എങ്ങിനെ തോന്നുന്നു എന്നത് അവരുടെ കാഴ്ചപ്പാട് പോലെ ഇരിക്കും). ചിത്ര കലകളുള്ള നീല പട്ടു പാവാടയും വലിയ ബ്ലൌസും ആണ് വേഷം. കാഴ്ചയില്‍ ഏകദേശം സിനിമാ നടി ജോമോള്‍-നെ പോലെയുണ്ട്, മുഖത്ത് കാക്കാപ്പുള്ളി വരെയുണ്ടെന്നത് സൂക്ഷിച്ചു നോക്കിയാല്‍ കാണാം.

നിനക്കറിയുമോ ആ കുട്ടിയെ. ഞാന്‍ രജിത്തിനോട് ചോദിച്ചു.

ഇല്ലളിയാ, പക്ഷെ അവരുടെ സംസാരം കണ്ടിട്ട് സൂരജിന്‍റെ പെങ്ങള്‍ക്ക് നന്നായി അറിയാവുന്ന കുട്ടി ആണെന്ന് തോന്നുന്നു.

അല്ല, സാധാരണ ഇങ്ങിനെയുള്ള കുട്ടികളെ കണ്ടാല്‍ നീ ഒറ്റക്കങ്ങ് ചാലാക്കാന്‍ നോക്കുകയാണല്ലോ പതിവ്, ഇന്നെന്തു പറ്റി.

എന്റെ കാര്യം ഏതാണ്ട് ഒക്കെ ആയല്ലോ, നീയാണെങ്കില്‍ ഒരു പിടി വള്ളിയും കിട്ടാതെ നടക്കുന്നു. അതുകൊണ്ട് ഒരു സഹായം ചെയ്യാം എന്ന് കരുതിയെന്നെ ഉള്ളൂ

സൂരജിന്‍റെ പെങ്ങളെ വലിയ പരിചയം ഇല്ലാത്തതുകൊണ്ട് ആ കെയറോഫില്‍ അങ്ങോട്ട്‌ ചെന്ന് ഇടിച്ചു കയറി പരിചയപ്പെടാന്‍ വയ്യ. മാത്രവും അല്ല ഞാന്‍ ഒരു കാവി മുണ്ടാണ് ഉടുത്തിരിക്കുന്നത് കൂടെ ഒരു അലമ്പ് ടിഷര്‍ട്ടും. വെറുതെ ഫസ്റ്റ് ഇമ്പ്രെഷന്‍ മോശം ആക്കേണ്ട എന്ന് കരുതി പുതിയമുഖത്തിന്റെ കണ്ണില്‍ പെടാതെ ഒളിച്ചു നിന്ന് അവരെ വീക്ഷിച്ചുകൊണ്ടിരുന്നു.

പൂരം കേറി, പാപ്പാനും ആനയും ആനയുടെ വാലും ഒരുമിച്ചു പോയി. പുതിയ മുഖവും പരിചയമുള്ള മുഖവും ഉപചാരം ചൊല്ലിപ്പിരിഞ്ഞ് അവരുടെ പാടന്വേഷിച്ചു പോയി. ഞാനും രജിത്തും മാത്രം എന്ത് ചെയ്യാന്‍, ഞങ്ങളും പോന്നു കൂട്ടുകാരുടെ കൂടെ ഞങ്ങളുടെ കുടികളിലേക്ക്.

പിറ്റേന്ന് മുതല്‍ അന്വേഷണമായിരുന്നു, പൂരത്തിന് കണ്ട പുതിയ മുഖത്തിന്‍റെ വേരുകള്‍ തേടിയുള്ള അന്വേഷണം. ഭൂതഗണങ്ങളെയും കിങ്കരന്മാരെയും പലവഴിക്ക് വിട്ടെങ്കിലും ഒരു വിവരവും കിട്ടിയില്ല. സൂരജിന്‍റെ പെങ്ങളോട് ചോദിച്ചാല്‍ കൃത്യമായി അറിയാമെങ്കിലും ആ ലൈഫ് ലൈന്‍ അവസാനത്തേക്ക് മാറ്റി വെച്ചു.

ദിവസങ്ങളും ആഴ്ചകളും കടന്നു പോയി. അവസാനം വിത്തും വേരും ചാത്തന്മാര്‍ ദിലീപിന്‍റെ രൂപത്തിലാണ് കൊണ്ട് വന്നത്. ദിലീപിന് അതെങ്ങിനെ കിട്ടി എന്നത് ഒരു രഹസ്യമായിരിക്കട്ടെ.

ഞങ്ങളെ അത്ഭുതപ്പെടുത്തിയ കാര്യം എന്താണെന്നുവെച്ചാല്‍, അന്വേഷിച്ചു നടന്ന പുതിയമുഖത്തിന്റെ വീട് ചാമാക്കാലയില്‍ നിന്നും 1കിമീ അകലത്തില്‍ മാത്രം ആണെന്നതായിരുന്നു. പക്ഷെ നാല് വശവും ചുറ്റപ്പെട്ട കളിമണ്‍ കട്ടകള്‍ക്കുള്ളില്‍ പുറം ലോകവുമായി വലിയ ബന്ധമൊന്നുമില്ലാതെ ജീവിക്കുന്നവര്‍. അച്ഛനും അമ്മയും ഒരു ചേച്ചിയും കൂടെ ഉണ്ട് ആ വീട്ടില്‍.

പുതിയമുഖത്തിന്‍റെ പേര് റജീന എന്നാണത്രേ. പ്ലസ്‌ടു-വിനാണ് പഠിക്കുന്നത്, നാട്ടിക സ്കൂളില്‍. സൂരജിന്‍റെ പെങ്ങളും റജീനയും ഒരേ ക്ലാസ്സില്‍ ആണ് അങ്ങിനെയുള്ള പരിചയമാണ് അവര്‍ തമ്മില്‍. അച്ഛന്‍ അധികം അറിയപ്പെടാത്ത ഒരു ചെറിയ പലിശക്കാരന്‍ ആണ്, പക്ഷെ അടുത്ത വീടുകളിലെ കയ്യൂക്കിന്റെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള പാപ്പന്മാരെ എല്ലാരും അറിയും. അമ്മ ഒരു വീട്ടുകാരിയാണ്. പഠനം കഴിഞ്ഞു വിവാഹം ഉറപ്പിച്ചിരിക്കുന്ന ചേച്ചി. ചെറിയ കുടുംബം സന്തുഷ്ട കുടുംബം.

വീടും മറ്റു കാര്യങ്ങളും അറിഞ്ഞതില്‍ പിന്നെ എന്നും കോളേജില്‍ നിന്നും വരുന്നത് സൈക്കിളില്‍ 1കിമീ അധികം കറങ്ങി റജീനയുടെ വീടിനു മുന്‍പിലൂടെ ആയിരുന്നു, പക്ഷെ കൊല്ലങ്ങളോളം അങ്ങിനെ കറങ്ങിയിട്ടും അവരുടെ വീടിനു മുന്‍പില്‍ ഒരു പൂച്ചക്കുട്ടിയെ പോലും കാണാന്‍ പറ്റിയിട്ടില്ല എന്നത് വേറെ കാര്യം. കയ്യൂക്കുള്ള പാപ്പന്മാര്‍ അടുത്തുള്ളതുകൊണ്ട് ഒറ്റ റൌണ്ട് മാത്രമേ പോകൂ, സംശയം തോന്നരുതല്ലോ.

റജീനയോടു സാമ്യമുള്ള മുഖമുള്ള ജോമോളോട് ആരാധന തുടങ്ങുന്നത് ആ കാലത്താണ്. സിനിമാ നടീനടന്മാരെ വലിയ താല്പര്യമില്ലാത്ത ഞാന്‍ ചിത്രഭുമിയിടെ നടുപേജില്‍ വന്ന ജോമോളുടെ പടം വെട്ടി എടുത്തു പഠിക്കുന്ന പുസ്തകങ്ങള്‍ വച്ചിരുന്ന എന്‍റെ അലമാരയില്‍ ഒട്ടിച്ചു കാലങ്ങളോളം സൂക്ഷിച്ചിരുന്നത് ആ സാമ്യതയുടെ പേരിലാണ്.

പിന്നീട് റജീനയെ കണ്ടത് പാലപ്പെട്ടി ക്ഷേത്രത്തിലെ അശ്വതിവേലക്കാണ്. അന്നും പട്ടു പാവാടയും വലിയ ബ്ലൌസും ആണ് വേഷം പക്ഷെ മഞ്ഞ കളര്‍ ആണ് ഇപ്രാവശ്യം. ഇവളെന്താ ഈ ഡ്രെസ്സിന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആണോ. റജീനയും കുടുംബവും എല്ലാ കൊല്ലവും അശ്വതിവേലക്ക് വരാറുണ്ടെന്നത് ഒരു പുതിയ അറിവായിരിന്നു, കാരണം അതിനു മുന്‍പൊന്നും അങ്ങിനെ ഒരു മുഖം കണ്ടിട്ടേ ഇല്ല.

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ദിലീപ് തന്നെ റജീനയുടെ വീട്ടിലെ ഫോണ്‍ നമ്പര്‍ ഒപ്പിച്ചു തന്നു. കോളര്‍ ഐഡി ഉണ്ടാകുമോ എന്ന സംശയത്താല്‍ വീട്ടില്‍ നിന്നും വിളിക്കാനൊന്നും നിന്നില്ല. ഒരു ടെലിഫോണ്‍ ബൂത്തില്‍ കയറി വിറയ്ക്കുന്ന കൈകളാല്‍ നമ്പര്‍ ഡയല്‍ ചെയ്തു.

ഹലോ അങ്ങേ തലക്കല്‍ നിന്ന് ഒരു കിളി നാദം.

ആവശ്യത്തിലധികം ധൈര്യം ഉണ്ടായിരുന്നതുകൊണ്ട് എന്റെ ഹൃദയം പടപടാന് ഇടിച്ചുകൊണ്ടിരുന്നു, അതിനാല്‍ തന്നെ ഒന്നും പറയാന്‍ പറ്റിയില്ല. പേടിയല്ല, ഒരു തരം ഭയം, തല്ലു കിട്ടുമോ എന്ന്.

ഹലോ, ആരാ അവിടെന്നുള്ള ചോദ്യമായി.

മുപ്പത്തിമുക്കോടി ദേവകളെയും കൂട്ട്പിടിച്ച് ഞാന്‍ ഒരു മറു ചോദ്യം ചോദിച്ചു റജീനയുടെ വീടാണോ.

അതെ, ആരാ

എന്റെ പേര് കുമാര്‍, റജീനയുടെ കൂടെ പഠിക്കുന്നതാ, റജീനയുണ്ടോ

റജീന അമ്മാവന്റെ വീട്ടില്‍ പോയിരിക്കുകയാ, എന്തെങ്കിലും പ്രത്യേകിച്ചു?

കഴിഞ്ഞ സയന്‍സ് സ്പെഷ്യല്‍ ക്ലാസ്സില്‍ എത്താനെനിക്ക്‌ പറ്റിയിരുന്നില്ല. അതിന്റെ നോട്ട്സ് കിട്ടുമോ എന്നറിയാന്‍ വിളിച്ചതാ.

റജീന നാളെ വരും അപ്പോള്‍ വിളിച്ചാല്‍ മതി.

ഓ ശെരി ചേച്ചീ.

പിറ്റേന്ന് റജീനയെ ഫോണില്‍ കിട്ടും എന്ന പ്രതീക്ഷയില്‍ വീണ്ടും വിളിച്ചു. പക്ഷെ അന്നും ഫോണ്‍ എടുത്തത് ചേച്ചിയാണ്

ഹലോ ചേച്ചീ ഞാന്‍ കുമാര്‍. ഇന്നലെ വിളിച്ചിരുന്നു. റജീന ഉണ്ടോ.

ഞാന്‍ ഈ ഫോണ്‍ വിളി പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു. മോനിന്നലെ എതു സബ്ജെക്റ്റിന്റെ സ്പെഷ്യല്‍ ക്ലാസ്സിനെ കുറിച്ചാ പറഞ്ഞത്.

സയന്‍സ്

സയന്‍സ് എന്ന ഒരു സബ്ജെക്റ്റ് റജീനക്ക് ഇല്ലല്ലോ, അടുത്തൊന്നും സ്പെഷ്യല്‍ ക്ലാസ്സും ഉണ്ടായിട്ടില്ല. നിന്‍റെ അസുഖം എനിക്ക് മനസ്സിലാവുന്നുണ്ട്. പറയടാ നീയാരാ, എവിടെയാ വീട്.

ഞാനോ ഞാന്‍ നിന്‍റെ തന്ത എന്ന് പറയണമെന്നുണ്ടായിരുന്നു, പക്ഷെ അതൊക്കെ മോഹന്‍ലാലിനെ പറ്റൂ. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് അവസരം കൊടുക്കാതെ ഫോണ്‍ കട്ട് ചെയ്തു.

ദിവസങ്ങളും ആഴ്ചകളും മാസങ്ങളും പിന്നെയും കടന്നുപോയി. റജീനയെ പിന്നീട് കാണാന്‍ പറ്റിയില്ല. ഞാന്‍ പഠനത്തിന്‍റെ തിരക്കുകളിലേക്ക് ഊളിയിട്ടു. വര്‍ഷങ്ങള്‍ക്കു ശേഷം പേരിനു ഒരു ജോലിയുള്ളത് കഴിഞ്ഞു ഞാന്‍ തിരിച്ചു ചെന്ത്രപ്പിന്നിയില്‍ എത്തി സൈക്കിള്‍ എടുക്കാന്‍ വന്നപ്പോള്‍ എന്റെ മുന്നിലൂടെ കാലങ്ങളായി കാത്തിരുന്ന ആ രൂപം നടന്നു പോയി. അത് റജീന അല്ലാതെ മറ്റാരും ആയിരുന്നില്ല.

എടുത്ത സൈക്കിള്‍ തിരിച്ചു വച്ച് ഒരു വഴിയാത്രക്കാരനെപ്പോലെ ഞാന്‍ റജീനയെ അനുഗമിച്ചു. റജീനയുടെ പടിഞ്ഞാറോട്ടുള്ള യാത്ര ഒറ്റക്കായിരുന്നു, അല്ല ഒറ്റക്കല്ല പിറകെ ഞാനും ഉണ്ട്.   ആ നടത്തത്തിനിടയില്‍ സമയം പോകുന്നത് അറിഞ്ഞതെ ഇല്ല. അവളുടെ വീടെത്താറായി. ചെന്ത്രാപ്പിന്നിയില്‍ നിന്നും ചാമാക്കാലക്കുള്ള 2കിമീ ദൂരം കുറവാണെന്ന് തോന്നിയതന്നാണ്, ഒരു 5കിമീ ഉണ്ടായിരുന്നെങ്കില്‍ അത്രയും നേരം നടക്കാമായിരുന്നു. അവളുടെ വീട് കഴിഞ്ഞുള്ള നടത്തത്തില്‍ ഞാന്‍ തനിച്ചായി.

കറങ്ങി തിരിഞ്ഞു ആമക്കുഴി പാലം വഴി ചാമക്കാല സ്കൂളിന്റെ മുന്നിലൂടെ വീണ്ടും മെയിന്‍ റോഡില്‍ എത്തി. ഞങ്ങളുടെ നാട്ടിലെ സ്ഥലങ്ങള്‍ക്കൊക്കെ ആരാണാവോ പേരിട്ടത്, ചാമക്കാല, ആമക്കുഴി, കൂരിക്കുഴി, കോക്കാമുക്ക്, ആനവിഴുങ്ങി, പഞ്ഞമ്പള്ളി, ആഹാ എത്ര മനോഹരമായ പേരുകള്‍.

മെയിന്‍ റോഡില്‍ എത്തിയപ്പോഴാണ് സൈക്കിളിന്റെ കാര്യം ഓര്‍മ്മ വന്നത്. ദൈവമേ ഇനി ആ സൈക്കിള്‍ എടുക്കണമെങ്കില്‍ 2കിമീ തിരിച്ചു നടക്കണ്ടേ എന്ന ബോധോദയം വന്നപ്പോള്‍ റൊമാന്റിക് മൂടൊക്കെ പമ്പ കടന്നു.  കുറെ നേരം കാത്തു നിന്ന് അവസാനം ഒരു ലിഫ്റ്റ്‌ ഒപ്പിച്ചു ചെന്ത്രാപ്പിന്നിയിലേക്ക്, സൈക്കിള്‍ എടുക്കാന്‍.

പ്ലസ്‌ടു പഠനം കഴിഞ്ഞ റജീന ഇരിഞ്ഞാലക്കുടയിലെ ഏതോ കോളേജില്‍ ഡിഗ്രി പഠനത്തിനു ചേര്‍ന്നിരുന്നു അത് കഴിഞ്ഞു തിരിച്ചു വരുന്ന സമയവും എന്റെ ജോലി കഴിഞ്ഞു തിരിച്ചു വരുന്ന സമയവും ഒന്നായ കാരണം പിന്നീടങ്ങോട്ട് റജീനയെ പിന്തുടരല്‍ ഒരു ദിനചര്യയായി. തിരിച്ചു ചെന്ത്രപ്പിന്നിയിലേക്ക് ഒറ്റയ്ക്ക് 2കിമീ നടക്കാനോ ലിഫ്റ്റ്‌ ഒപ്പിക്കാനോ ഉള്ള ബുദ്ധിമുട്ട് പരിഗണിച്ചു സൈക്കിളില്‍ ആയിരുന്നു പിന്തുടരാന്‍.

ഇക്കാലമത്രയും അവളെ നേരിടാനോ സംസാരിക്കാനോ ഉള്ള ആര്‍ജവം ഉണ്ടാക്കിയെടുക്കാന്‍ പറ്റിയില്ല. അതുകൊണ്ട് തപാല്‍ വകുപ്പിനെ തന്നെ ആശ്രയിക്കാന്‍ തീരുമാനിച്ചു. കണ്ട സിനിമകളിലെയും വായിച്ച പുസ്തകങ്ങളിലെയും ഡയലോഗുകള്‍ അടര്‍ത്തിയെടുത്തു നീണ്ടകഥ പോലുള്ള മൂന്നു പ്രേമലേഖനങ്ങള്‍ പലപ്പോഴായി എന്‍റെ തൂലികയില്‍ വിരിഞ്ഞു. എന്നെക്കുറിച്ച് അവ്യെക്തമായ ചില സൂചനകള്‍ ആ പ്രേമലേഖനങ്ങളില്‍ ഉണ്ടായിരുന്നു എങ്കിലും അതിനു ശേഷവും റജീനയില്‍ പ്രകടമായ മാറ്റങ്ങള്‍ ഒന്നും കണ്ടില്ല. മേല്‍വിലാസം തെറ്റായിരുന്നു എന്ന കാര്യം പിന്നീട് ആണ് മനസ്സിലായത്‌. അപ്പോള്‍ ഞാന്‍ എഴുതിയ പ്രേമലേഖനങ്ങള്‍ ലക്ഷ്യത്തില്‍ എത്താന്‍ പറ്റാതെ അനാഥപ്രേതങ്ങള്‍ ആയി മാറിയിട്ടുണ്ടാകും അല്ലെങ്കില്‍ ഏതെങ്കിലും പോസ്റ്റുമാന്‍ പൊട്ടിച്ചു വായിച്ചു ചിരിച്ചു പണ്ടാരമടങ്ങിയിട്ടുണ്ടാകും.

റജീനയെ സ്ഥിരമായി പിന്തുടരുന്ന കാര്യം എന്റെ കൂട്ടുകാര്‍ക്കൊക്കെ  അറിയാമായിരുന്നു, കൂടാതെ  പ്രേമലേഖനത്തിന്റെ കാര്യം ഞാന്‍ തന്നെ അറിയാതെ പറഞ്ഞും പോയി. അങ്ങിനെ അറിയേണ്ടവര്‍ മാത്രം അറിഞ്ഞില്ലെങ്കിലും സംഭവം നാട്ടില്‍ മുഴുവന്‍ പാട്ടായി.

സമയവും  കാലവും  അതിന്റെ ജോലികള്‍ ചെയ്തുകൊണ്ടിരുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ജീവിതം പച്ചപിടിപ്പിക്കാന്‍ ഞാനും ഒരു പ്രവാസിയായി. ജീവിതഭാരം പേറിയുള്ള ജോലിത്തിരക്കിനിടയിലും റജീനയുടെ ഓര്‍മ്മകള്‍ പൊടിപിടിക്കാതെ മനസ്സില്‍ കൊണ്ട് നടന്നിരുന്നു.

നീണ്ട മൂന്നു വര്‍ഷത്തെ പ്രവാസത്തിനു ശേഷം ആദ്യമായി വെക്കേഷന്‍ പോകാനുള്ള അരങ്ങൊരുങ്ങി. ഇനിയും പിടിച്ചു നില്‍ക്കാന്‍ പറ്റില്ല, ഇപ്രാവശ്യം പോകുമ്പോള്‍ തന്നെ മനസ്സിലുള്ള ഇഷ്ടം റജീനയോടു തുറന്നു പറയണം. മുന്‍കാലങ്ങളില്‍ അത് പറയുവാനുണ്ടായിരുന്ന തടസ്സം ഒരു ജീവിതമാര്‍ഗം കണ്ടെത്തിയിരുന്നില്ല എന്നതായിരുന്നു. ഇന്നിപ്പോള്‍ അതല്ല അവസ്ഥ, ദൈവസഹായം കൊണ്ട് തരക്കേടില്ലാത്ത ഒരു ജോലിയുണ്ട്.

പാലപ്പെട്ടി ഉത്സവം കൂടി മുന്നില്‍ കണ്ടാണ്‌ ഞാന്‍ വെക്കേഷന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത് അവിടെ എന്തായാലും റജീനയും കുടുംബവും വരാതിരിക്കില്ല. അപ്പൊ അവിടെ വെച്ചാകാം ആദ്യ കൂടിക്കാഴ്ച. പക്ഷെ, അവളെ വളരെ ഇഷ്ടപ്പെടുന്ന ഒരാള്‍ അവിടെ കാത്തിരിപ്പുണ്ടാകും എന്ന കാര്യം മുന്‍കൂട്ടി അറിയിക്കണം, പഴയ ഫോണ്‍ നമ്പറില്‍ പല പ്രാവശ്യം ശ്രെമിച്ചു നോക്കി പക്ഷെ ആരും എടുക്കുന്നില്ല. വീണ്ടും തപാല്‍ വകുപ്പ് തന്നെ രക്ഷ. നീണ്ട ഏഴു കൊല്ലത്തെ പ്രണയം മുഴുവന്‍ ഒരു കടലാസില്‍ ചുരുക്കിയെഴുതി ദിലീപ് തന്ന ശരിയായ മേല്‍വിലാസത്തിലേക്ക് പോസ്റ്റ്‌ ചെയ്തു.

നാട്ടില്‍ പോകുന്ന സന്തോഷവും റജീനയെ കാണാം എന്ന സന്തോഷവും കൂടിയായപ്പോള്‍ ബാച്ചിലര്‍ റൂമില്‍ ഇരുന്നു മൂളിപ്പാട്ടാണ് ഇപ്പോഴും.

മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി
മഞ്ഞക്കുറിമുണ്ടു ചുറ്റി.......

മൂളിപ്പാട്ട് കേട്ട് അന്തം വിട്ടു നിന്ന അഭിലാഷ് ഭായിയോട് പഴയ കഥകള്‍ പറഞ്ഞുകൊടുത്തു.

ദേവിയുടെ മുന്‍പില്‍ വച്ചല്ലേ അവളെ കാണാന്‍ പോകുന്നത് അപ്പൊ നീയൊരു പുതിയ ഷര്‍ട്ട്‌ എടുത്തോ. പണ്ട് അവളെ നീ പാലപ്പെട്ടിയില്‍ വച്ച് കണ്ടപ്പോള്‍ ഇട്ടിരുന്ന മഞ്ഞ കളറില്‍ ഉള്ള ഷര്‍ട്ട്‌.

അത് ശെരിയാണെന്ന് എനിക്കും തോന്നി. എന്തായാലും 2 പുതിയ ഷര്‍ട്ട്‌ എടുക്കാമെന്ന് തീരുമാനിച്ചതാണ്, അപ്പൊ ഒരെണ്ണം മഞ്ഞ കളറിലുള്ള ഡിസൈന്‍ ആയിക്കോട്ടെ.

അടുത്തുള്ള ലുലുവില്‍ പോയി ഷര്‍ട്ട്‌ വാങ്ങി, മഞ്ഞയും നീലയും കലര്‍ന്ന ഒരു ചെക്ക്‌ ഷര്‍ട്ട്‌. റൂമില്‍ എത്തി ഷര്‍ട്ട്‌ കാണിച്ചപ്പോള്‍ തുടങ്ങി എല്ലാരും കളിയാക്കല്‍, നേത്രുത്വം കൊടുക്കുന്നത് മഞ്ഞ ഷര്‍ട്ട്‌ എടുക്കാന്‍ പറഞ്ഞ അഭിലാഷ് ഭായ് തന്നെ.

ഒരു മഞ്ഞ മുണ്ട് കൂടി വാങ്ങാമായിരുന്നില്ലേ ഒരുത്തന്‍

മഞ്ഞ കുറിയും മഞ്ഞ ചെരിപ്പും കൂടി വേണം വെറൊരുത്തന്‍

ലിപ്റ്റന്‍റെ മഞ്ഞ തൊപ്പി ഞാന്‍ തരാം വിജയന്‍ ഭായ്.

അന്നത്തെ ബാച്ചിലര്‍ റൂമിലെ എല്ലാവരും ഇപ്പോള്‍ ഓരോ വഴിക്കായെങ്കിലും മഞ്ഞ ഷര്‍ട്ടിന്റെ കഥ ആരും മറന്നിട്ടില്ല.

ദിവസങ്ങള്‍ കടന്നുപോയി. നാട്ടില്‍ പോകുന്നതിന്‍റെ തലേ ദിവസം വരുന്ന കാര്യം അറിയിക്കാന്‍ രജിത്തിനെ വിളിച്ചു. സംസാരത്തിന്‍റെ അവസാനം റജീനയെ കാണുന്നതും അതറിയിക്കാന്‍ കത്ത് അയച്ച കാര്യവുമൊക്കെ പറഞ്ഞു.

അപ്പൊ നീ കാര്യങ്ങള്‍ ഒന്നും അറിഞ്ഞില്ലേ, രജിത്തിന്റെ സംശയത്തോടെയുള്ള ചോദ്യം.

ഇല്ലടാ, എന്താ വല്ല പ്രശ്നവും ആയോ

അവളുടെ എന്‍ഗേജ്മെന്‍റ് കഴിഞ്ഞു, വരുന്ന ഏപ്രിലില്‍ ആണ് കല്യാണം

അതെങ്ങിനെ സംഭവിച്ചു ഞാന്‍ ഒന്നും അറിഞ്ഞില്ലല്ലോ

പിന്നീട് രജിത്ത് പറഞ്ഞ കഥ ഇങ്ങിനെ ആയിരുന്നു

റജീനയുടെ ഡിഗ്രി പഠന കാലത്ത് തന്നെ അവളുടെ അച്ഛന്‍ കിടപ്പില്‍ ആയി, കുറെ പൈസ ചികിത്സക്ക് ചിലവായതുകൊണ്ട് ഡിഗ്രിയോടെ റജീനയുടെ പഠനം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് പെരിഞ്ഞനത്ത് ഏതോ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു അവള്‍. പണ്ട് ചേച്ചിയുടെ വിവാഹം ആര്‍ഭാടമായി നടത്തിയെങ്കിലും, ഇപ്പോള്‍ സാമ്പത്തിക നില മോശമായതുകൊണ്ട് റജീനക്ക് അനുയോജ്യമായ വിവാഹ ആലോചനകള്‍ ഒന്നും വന്നില്ല. റജീനയെ കണ്ടു ഇഷ്ടപ്പെട്ട ഏതോ ഒരു നല്ല പയ്യന്‍ വീട്ടുകാരുമോന്നിച്ചു വന്നു വിവാഹം ഉറപ്പിച്ചു. എന്‍ഗേജ്മെന്‍റ് അധികം ആരും അറിഞ്ഞില്ല, വിവാഹത്തിനുള്ള എല്ലാ ചിലവും സ്വര്‍ണ്ണവും വരെ ചെക്കന്‍ ആണ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

ചിരിക്കണോ അതോ കരയണോ എന്ന് സംശയിച്ചു പോയ വാക്കുകള്‍

അപ്പൊ അവളെ ഓര്‍ത്ത്‌ കളഞ്ഞ ഏഴു കൊല്ലവും കണ്ട സ്വപ്നങ്ങളും വേസ്റ്റ് ആയി അല്ലേ. (എന്‍റെ ഈ ഡയലോഗ് കോപ്പി അടിച്ചാണ് ബ്യൂട്ടിഫുള്‍  എന്ന സിനിമയില്‍ അനൂപ്മേനോന്‍ ഉപയോഗിച്ചിരിക്കുന്നത്, കള്ളപ്പന്നി).

കുറച്ചു നാള്‍ മുന്‍പെങ്കിലും നിന്റെ ഇഷ്ടം അറിയിച്ചിരുന്നെങ്കില്‍ എന്തെങ്കിലും നടന്നേനെ, ഇനി നീയിപ്പോ അവളേം നോക്കി നില്‍ക്കേണ്ട. കണ്ണീ കണ്ടവന്‍ പെണ്ണും കൊണ്ട് പോയി എന്ന് കരുതിയാല്‍ മതി. രജിത്ത് പറഞ്ഞു നിര്‍ത്തി.

ഫോണ്‍ കട്ടാക്കി ഇനിയെന്തുചെയ്യുമെന്ന ആലോചനയില്‍ ഇരിക്കുമ്പോള്‍ ആരോ കരയുന്ന ശബ്ദം. റൂമില്‍ വേറെ ആരും ഇല്ലായിരുന്നതുകൊണ്ട് ഞാന്‍ ചുറ്റും നോക്കി. അതാ ഹാങ്ങറില്‍ കിടന്നു നിര്‍ത്താതെ കരയുന്നു, റജീനയെ കാണാന്‍ വേണ്ടി മാത്രം വാങ്ങിച്ച മഞ്ഞ ഷര്‍ട്ട്‌. അത് വെറുമൊരു ഷര്‍ട്ട്‌ മാത്രം അല്ല, എന്‍റെ മനസ്സ് തന്നെയായിരുന്നു.

എന്നിരുന്നാലും ഒരു സമാധാനം മാത്രം ഉണ്ടായിരുന്നു മനസ്സില്‍. എന്നെക്കാള്‍ വളരെ വളരെ അവളെ ഇഷ്ടപ്പെടുന്ന ഒരാളെയാണല്ലോ അവള്‍ക്കു കിട്ടിയത്. സ്ത്രീധനം വാങ്ങുന്നതിന് പകരം അങ്ങോട്ട്‌ പൈസ ചിലവാക്കി അവളെ കല്യാണം കഴിക്കാന്‍ പോണ ആ പയ്യന്‍റെ നല്ല മനസ്സിന് മുന്‍പില്‍ ഞാന്‍ എത്രയോ ചെറുതാണ്.

ഈ ഒരവസരത്തില്‍ എന്‍റെ ഇഷ്ടം അവള്‍ അറിയാതിരുന്നെങ്കില്‍, അവസാനം എഴുതിയ പ്രേമലേഖനവും മേല്‍വിലാസം തെറ്റിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയതപ്പോഴാണ്.

ഒരു കാര്യം നിസ്സംശയം പറയാന്‍ പറ്റും. എന്‍റെ വിവാഹത്തിനു മുന്‍പ് പ്രണയം എന്നാ വികാരം ആദ്യവും അവസാനവുമായി തോന്നിയ ഒരാളുണ്ടെങ്കില്‍ അത് റജീനയാണ് റജീനയാണ് റജീന മാത്രമാണ്.


2015, ജനുവരി 1, വ്യാഴാഴ്‌ച

അച്ഛനും കല്യാണവും


ഡേവിസ് സാറിന്‍റെ ക്ലാസ്സ്‌ . സ്ട്രക്ച്ചരല്‍ എഞ്ചിനീയറിംഗ് ആണ് വിഷയം.

പതിവ് പോലെ ക്ലാസ്സിന്‍റെ ഇടയില്‍ ചോദ്യം വന്നു.

"സ്റ്റീല്‍ ബീം ആണോ കോണ്‍ക്രീറ്റ് ബീം ആണോ നല്ലത്"

പ്രിനേഷ് ആണ് ഇന്നത്തെ ഇര, എണീറ്റ്‌ തലയും ചൊറിഞ്ഞു നിന്നു. ഒന്നും ഒന്നും എത്രയാണെന്ന് ചോതിച്ചാല്‍ സംശയം ഉള്ള പ്രിനേഷിനോട് ഇത്തരം കട്ടിയുള്ള സംശയം ചോതിച്ചാല്‍ കുഴഞ്ഞത് തന്നെ.

"അതിപ്പോ രണ്ടും നല്ലതാ സാറേ".

ക്ലാസില്‍ അടക്കിപ്പിടിച്ചുള്ള ചിരി പൊട്ടി.

"രണ്ടു വഞ്ചിയില്‍ കാലിടല്ലേ പ്രിനേഷേ, ഏതെങ്കിലും ഒന്ന് പറ. ഇതിപ്പോ കല്യാണം കഴിക്കണമെന്നും ഉണ്ട് അച്ചനാകനമെന്നും ഉണ്ട് എന്ന് പറഞ്ഞ പോലെയാണല്ലോ". പകുതി കാര്യത്തിലും പകുതി കളിയാക്കലിലും.

ക്ലാസ്സ്‌ ഒരു നിമിഷത്തേക്ക് നിശംബ്ദമായി. 'കല്യാണം കഴിഞ്ഞു കുറച്ചു നാള്‍ കഴിഞ്ഞാല്‍ സാധാരണ രീതിയില്‍ ഒരാള്‍ അച്ഛന്‍ ആകുമല്ലോ. ഡേവിസ് സാറിനും അബദ്ധം പറ്റിയോ' എന്നായി എല്ലാരുടെയും ചിന്ത.

എല്ലാരുടെയും ഇരിപ്പും നോട്ടവും കണ്ടപ്പോള്‍ അബദ്ധം മനസ്സിലായ ഡേവിസ് സാറില്‍ നിന്നും വിശദീകരണം അപ്പൊ തന്നെ വന്നു

"ഞാന്‍ ഉദ്ദേശിച്ചത് പള്ളിയിലെ അച്ഛനെ ആണ് കേട്ടോ"

നിശംബ്ദമായിരുന്ന ക്ലാസ്സില്‍ ഒരു കൂട്ടച്ചിരി പറന്നു....



ഒരു ക്ലബിന്‍റെ ജനനം.



വിശ്രമവേളകള്‍ ആനന്ദകരം ആക്കണമെന്നാണല്ലോ എല്ലാരുടെയും ചിന്ത. അങ്ങിനെ സ്കൂളില്‍ പഠിക്കുന്ന കാലത്തെ ഒരു വിശ്രമ വേള ആനന്ദകരമാക്കാന്‍ ഞങ്ങളും\ ഇറങ്ങി പുറപ്പെട്ടു.
ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ചേട്ടനും രജിത്തും രാജനും കുട്ടമ്മോനും ഉള്‍പ്പെടെ അഞ്ചാറു പേരുണ്ട്. എല്ലാരുടെ കയ്യിലും ഉണ്ട് ശീമക്കൊന്നയുടെ ഓരോ നീണ്ട വടിയും ഓരോ ചിരട്ടയും. വടിയും കുത്തിപ്പിടിച്ച് ഭിക്ഷ എടുക്കാനോന്നുമല്ല കേട്ടോ, അറപ്പത്തോടിനടുത്തോട്ടാണ് യാത്ര.
പൊന്നോണം വള്ളക്കാര്‍ വല നെയ്യാന്‍ കൊണ്ട് വെച്ച നൂലെടുത്തു കെട്ടി ചൂണ്ടയുണ്ടാക്കി എല്ലാവരും അറപ്പത്തോടിലേക്ക് വളഞ്ഞ തെങ്ങിലും, കലങ്കിലും പാലത്തുമ്മലും ഒക്കെയായി സ്ഥാനം പിടിച്ചു.
ചിലര്‍ക്ക് ഒന്നുരണ്ടു ചെറിയ പള്ളത്തിയെ കിട്ടിയതൊഴിച്ചാല്‍ മണിക്കൂറ് രണ്ട് കഴിഞ്ഞിട്ടും ആരുടെ ചൂണ്ടയിലും കാര്യമായ ഒരു മീനെയും കിട്ടിയില്ല.
അന്നത്തെ കച്ചവടം അവസാനിപ്പിച്ചു തിരികെ പോരാന്‍ ഒരുങ്ങിയപ്പോഴാണ് രാജന്‍റെ ചൂണ്ടയില്‍ വലിയ എന്തോ മീന്‍ കൊത്തിയത്. എല്ലാവരും രാജന്‍റെ ചുറ്റും കൂടി. വിജയശ്രീലാളിതന്റെ ഭാവത്തില്‍ രാജന്‍ ചൂണ്ട പിടിച്ചു പോക്കി
അളിയാ പാമ്പ്
ചൂടയിട്ടു ഓടി എല്ലാവരും.
കിതപ്പോക്കെ മാറിയപ്പോള്‍ ചൂണ്ടയില്‍ കുടുങ്ങിയത് പാമ്പ് തന്നെ ആണോ എന്ന് നോക്കാന്‍ തീരുമാനിച്ചു തിരിച്ചു ചെന്നപ്പോള്‍ ചൂണ്ട കാണാനില്ല. അന്വേഷണത്തിനൊടുവില്‍ കലങ്കിന്‍റെ അടുത്തു ചൂണ്ടയുടെ വടി കണ്ടു. പതുക്കെ പിടിച്ചു പൊക്കിയപ്പോള്‍ ചൂണ്ടയില്‍ കൊളുത്ത സാധനം പോയിട്ടില്ല, പാമ്പല്ല, പക്ഷെ കാഴ്ചയില്‍ വരാലിന്റെയും പാമ്പിന്റെയും ഇടയില്‍ ഉള്ള ഒരു ജീവി.
ചൂണ്ടയോടെ മീനെയും പൊക്കിപ്പിടിച്ച് അറപ്പത്തോടിനടുത്തു നിന്നും വീടിനടുത്തേക്ക് തിരിച്ചു പോയി. പുതിയ മീനെ കാണാന്‍ കുറെ കൂട്ടുകാര്‍ ചുറ്റും കൂടി. നായാട്ടിനു പോയി പുലിയേയും കൊണ്ട് വരുന്ന ആളുകളെപ്പോലെയായിരുന്നു ഞങ്ങളുടെ സന്തോഷം. 
ചൂണ്ടയിലെ മീനെ കണ്ടപ്പോള്‍ മീനെ കുറിച്ച് അറിയാവുന്ന ഒരു കാരണവര്‍ പറഞ്ഞു അതിന്റെ പേര് മലിഞ്ഞീന്‍ എന്നാണെന്ന്. മലിഞ്ഞീനിന്റെ ഗുണഗണങ്ങള്‍ അറിയാവുന്നതുകൊണ്ട്‌ കാരണവര്‍ക്ക് അത് കിട്ടിയാല്‍ കൊള്ളാമെന്നായി.
മക്കളെ, ആ മീന്‍ എനിക്ക് തരുമോ. നിങ്ങള്‍ എന്തായാലും അതിനെ വെറുതെ കളയുകയല്ലേ ഉള്ളൂ.
വെറുതെ തരാനൊന്നും പറ്റില്ല അമ്മാവോ, അഞ്ചാറാളുടെ രണ്ട് മണിക്കൂറത്തെ അധ്വാനമാ ഈ സാധനം. അതുകൊണ്ട് 5രൂപ തന്നാല്‍ തരാം.
5രൂപ ഞങ്ങള്‍ക്ക് വലിയ തുക ആയിരുന്നെങ്കിലും കാരണവര്‍ക്ക്‌ അതൊരു ചെറിയ തുകയായിരുന്നു. അതുകൊണ്ട് പൈസ തന്നു മീനേം വാങ്ങി കാരണവര്‍ വീട്ടിലേക്കു പോയി.
പൈസ എന്തെങ്കിലും കയ്യില്‍ കിട്ടിയാല്‍ നേരെ അലിഫില്‍ പോയി എന്തെങ്കിലും വാങ്ങിക്കഴിക്കുകയാണ് പതിവ്. എന്നാല്‍ ഇപ്രാവശ്യം അത് വേണ്ട എന്ന തീരുമാനമാണ് പൊതുവില്‍ ഉണ്ടായത്. എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്ക് എടുക്കാം എന്ന ചിന്തയില്‍ ആ 5രൂപ ചേട്ടന്റെ കയ്യില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു.
ദിവസങ്ങള്‍ കുറച്ചു കഴിഞ്ഞു. 5രൂപ കൊണ്ട് കാര്യമായ ഒന്നും ചെയ്യാന്‍ പറ്റില്ല എന്നത് മനസ്സിലാക്കിയപ്പോള്‍ മൂലധനം വികസിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു. 3രൂപ വീതം ആഴ്ചയില്‍ ഇടണം. അഞ്ചാറ്പേര്‍ മാത്രം പിരിവിട്ടാല്‍ മാത്രം ഒന്നും ആവില്ല എന്നതുകൊണ്ട്‌ ആളെ കൂട്ടാനുള്ള പരിപാടിയായി അടുത്തത്‌.
അങ്ങിനെയാണ് സീഗള്‍ എന്ന ഗ്രൂപ്പും ഡിങ്കന്‍ (ബാലമംഗളത്തിലെ ഡിങ്കന്‍ തന്നെ) എന്ന ഗ്രൂപ്പും ലയിച്ച് വിന്‍സ്റ്റാര്‍ എന്ന ക്ലബ്‌ നിലവില്‍ വരുന്നത്. ഗള്‍ഫില്‍ നിന്നും വന്നപ്പോള്‍ അച്ഛന്‍ ചേട്ടന് സമ്മാനമായി കൊടുത്ത വാച്ചിന്‍റെ പേരാണ് വിന്‍സ്റ്റാര്‍ എന്ന വസ്തുത ഇന്നും പലര്‍ക്കും അറിയില്ല.
വരി സംഖ്യ ഏകദേശം 200 രൂപയായപ്പോള്‍ അധികം വീടുകളിലൊന്നും ടിവിയും വിസിആറും ഇല്ലാതിരുന്ന അനത്തെ കാലത്ത് വാടകയ്ക്ക് ടിവി എടുത്ത് ഒരു സിനിമാ പ്രദര്‍ശനം ആണ് ഞങ്ങളുടെ ക്ലബ്‌ ആദ്യമായി നടത്തിയത്. ആദ്യത്തെ സിനിമ ജുറാസിക് പാര്‍ക്ക് ആയിരുന്നു.
വരിസംഖ്യയുടെ വരവിനനുസരിച്ച്‌ ക്ലബ്ബിന്റെ പ്രവര്‍ത്തന മേഖലകളും വളര്‍ന്നു. സ്വന്തമായി ഒരു ക്രിക്കറ്റ് ടീമും ക്രിക്കറ്റ്‌ ഗ്രൌണ്ടും ഉണ്ടാക്കി ടൂര്‍ണമെന്റുകള്‍ നടത്തി. കലാ മേഖലയെ പരിപോഷിപ്പിക്കാന്‍ വാര്‍ഷികാഘോഷവും ഓണക്കളിയും ഒക്കെ സംഘടിപ്പിച്ചു. ബസ്‌ യാത്രക്കാര്‍ക്ക് വേണ്ടി വെയിറ്റിംഗ് ഷെഡ്‌ നിര്‍മ്മിച്ചു.
വെറും വിന്‍സ്റ്റാര്‍-ല്‍ നിന്ന് വിന്‍സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്‌ എന്ന രജിസ്തര്‍ ചെയ്ത പ്രസ്ഥാനമായി മാറി.
ക്രിക്കറ്റ് കളിയില്‍ ബദ്ധവൈരികളായ ശക്തരായ കാപ്സ് എലവനോട് പലപ്പോഴും തോല്‍വി ഏറ്റു വാങ്ങിയിരുന്നെകിലും രണ്ടു ടൂര്‍ണമെന്റുകളില്‍ കാപ്സ് എലവനെ തോല്‍പ്പിച്ചു കപ്പ്‌ കരസ്ഥമാക്കി ഞങ്ങളുടെ ക്ലബ്‌.
പുതുമ എന്ന സമാന്തര ക്ലബിലെ ഭാരവാഹികളും കാലക്രെമേണ ക്ലബ്‌ തന്നെയും വിന്‍സ്റ്റാറില്‍ അലിഞ്ഞു ചേര്‍ന്നു.
ഇക്കാലമത്രെയും സ്റ്റേജ് കെട്ടിയുള്ള ഒരു പ്രോഗ്രാം ചെയ്യാന്‍ ഉള്ള ചങ്കുറപ്പും കരളുറപ്പും ആര്‍ക്കും ഉണ്ടായിരുന്നില്ല. മാത്രമല്ല അതൊക്കെ വളരെ ചിലവുള്ള ഏര്‍പ്പാടായിരുന്നു.
പില്‍ക്കാലത്ത് നടന്ന ഒരു പൊതുയോഗത്തില്‍ വാര്‍ഷിക ആഘോഷം നോട്ടീസ് അടിച്ചു പിരിവു നടത്തി ഗംഭീരമാക്കാന്‍ തീരുമാനമായി.
പിരിവിനു പോകുക എന്നത് വളരെ രസകരമായ പരിപാടി ആയിരുന്നു അന്നൊക്കെ. പാവപ്പെട്ട വീട്ടുകാരൊക്കെ 10-ഉം 20-ഉം രൂപ ഒക്കെ തന്നു സഹകരിക്കുമ്പോള്‍ പണക്കാരുടെ വീട്ടില്‍ നിന്നും 2-ഉം 5-ഉം രൂപയാണ് പലപ്പോഴും കിട്ടാറു. ഖജാന്‍ജി ആയിരുന്ന കുട്ടമോന്‍റെ
ആദ്യമായി ഞാന്‍ പോലിസ് സ്റ്റേഷനില്‍ കയറുന്നത് ക്ലബ്ബിന്റെ പരിപാടിക്കുള്ള സാന്ക്ഷന്‍ വാങ്ങിക്കാന്‍ ആണ് എന്നത് ഇന്നും മറക്കാനാവാത്ത ഒരു സംഭവം ആണ്.
ലോക്കല്‍ ആയ കലാകാര്‍ക്കുള്ള വേദിയായിരുന്നു ആദ്യകാലങ്ങളിലെ വാര്‍ഷിക ആഘോഷങ്ങള്‍ എങ്കില്‍. പില്‍ക്കാലത്ത്‌ ജയരാജ് വാര്യരുടെ കാരിക്കേച്ചറും വലപ്പാട് സിഐ-യെ പങ്കെടുപ്പിച്ചു കൊണ്ട് മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള സാമൂഹ്യസന്ധ്യയും ഒക്കെ സങ്കടിപ്പിക്കുകയുണ്ടായി.
അയ്യപ്പ ബൈജു എന്നാ കലാകാരന്‍ ഒരു താരമായി മാറുന്നതിനു വളരെ മുന്പ് മൂപ്പരുടെ ടീം ആയ കൊച്ചിന്‍ സെവന്‍ ആര്‍ട്സിന്റെ സ്റ്റാര്‍വാര്‍സ് മെഗാഷോ എന്നാ പരിപാടി 2002-ലെ ക്ലബ്ബിന്റെ പത്താമത്തെ വാര്‍ഷിക ആഘോഷത്തിന് നടത്താന്‍ കഴിഞ്ഞത് ക്ലബ്ബിന്റെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറി.
പക്ഷെ, ക്ലബ്ബിന്റെ മുന്‍കാല പ്രസിഡന്റ്‌ ശ്രീനാഥിന്‍റെ ആകസ്മികമായ നിര്യാണത്തോട് കൂടി ക്ലബിന്‍റെ പതനം തുടങ്ങി. വേറെ കുറച്ച് ഭാരവാഹികള്‍ മറ്റൊരു കേസില്‍ പെട്ട് പോലിസ് പിടിയിലായതോട് കൂടി ക്ലബ്ബിന്റെ പതനം പൂര്‍ത്തിയായി.
എന്നാലും 1992-ല്‍ ചൂണ്ടയിട്ടു പിടിച്ച 5രൂപയുടെ ഒരു മലിഞ്ഞീനില്‍ നിന്നും 2002-ല്‍ 25,000രൂപ ബഡ്ജറ്റില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാന്‍ തക്ക രീതിയില്‍ വളര്‍ന്ന ഒരു ക്ലബ്ബിന്റെ എല്ലാ രീതിയിലും ഉള്ള സ്പന്ദനങ്ങള്‍ ഏറ്റു വാങ്ങാല്‍ കഴിഞ്ഞതില്‍ ചാരിതാര്ത്യമേ ഉള്ളൂ എന്നും.