2016, ഫെബ്രുവരി 14, ഞായറാഴ്‌ച

പ്രണയദിനത്തില്‍ - പ്രതിജ്ഞ ചൊല്ലിത്തന്ന പെണ്‍കുട്ടി.



പ്രണയദിനത്തില്‍ - പ്രതിജ്ഞ ചൊല്ലിത്തന്ന പെണ്‍കുട്ടി

പ്രണയദിനം പ്രണയദിനം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഇപ്പോഴും മനസ്സില്‍ ഓടി വരുന്ന ഒരു ദിവസമാണ് 2007-ലെ പ്രണയ ദിനം. കാട്ടുകോഴിക്കെന്തുസംക്രാന്തി എന്ന് പറഞ്ഞപോലെ നമുക്കെന്തു പ്രണയദിനാഘോഷം, അതും ഈ മരുഭൂമിയില്‍. നാട്ടിലായിരുന്നെങ്കില്‍ വല്ലവന്മാര് പ്രണയിക്കുന്ന കണ്ടെങ്കിലും സയൂജ്യമടയാമായിരുന്നു.

വൈകുന്നേരം ഞാന്‍ പതിവുപോലെ വലയും എടുത്തു മീന്‍ പിടിക്കാന്‍ ഇറങ്ങി. ഒന്നൊന്നര മണിക്കൂര്‍ വീശിയിട്ടും സ്രാവ് പോയിട്ട് ഒരു നത്തോലിയെ പോലും കിട്ടിയില്ല. അവസാനം കേരള സ്രാങ്കിനെ തന്നെ ശരണം പ്രാപിച്ചു, മൂപ്പരുടെ ശരിയായ വീട് വടക്കെങ്ങോ ആണ്, പക്ഷെ മലയാളക്കരയില്‍ പുതിയ ഇറക്കുമതിയാണ്. എന്തായാലെന്താ, ഇവിടത്തെ നല്ല ഇനത്തില്‍ പെട്ട ഒട്ടുമിക്ക മീനുകളുടെയും പേരും നാളും വിലാസവുമൊക്കെ മൂപ്പരുടെ കൈവശം ഉണ്ട്, കൂടാതെ ഇടയ്ക്കിടയ്ക്ക് നിങ്ങള്ക്ക് പറ്റിയ മീന്‍ ഇവിടെ ഉണ്ട് എന്നും ഒക്കെ സന്ദേശവുംഅയച്ചുതരും...

കേരള സ്രാങ്കിന്റെ കണ്ടത്തില്‍ കയറി വീശിയത് വെറുതെ ആയില്ല, ദാണ്ടെ വലയില്‍ കിടക്കുന്നു, ഒരു കിളിമീന്‍.

കണ്ടു നല്ല പരിചയം ഉണ്ട്, പേരും കേട്ടിട്ടുണ്ട്, പക്ഷെ എവിടെ എന്ന് മാത്രം ഓര്‍മ്മയില്ല, തലയിലെ ബ്രൌസറില്‍ നല്ലവണ്ണം സെര്‍ച്ച്‌ ചെയ്തു, അതെ 11-12 വര്‍ഷങ്ങള്‍ക്കുമുന്‍പ് സ്കൂള്‍ മുറ്റത്ത്

“ഭാരതം എന്റെ നാടാണ്.
എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്‌.
ഞാൻ എന്റെ നാടിനെ സ്നേഹിക്കുന്നു.
സമ്പന്നവും വൈവിദ്ധ്യപൂർണവുമായ അതിന്റെ പരമ്പരാഗത സമ്പത്തിൽ ഞാൻ അഭിമാനിക്കുന്നു.
ആ സമ്പത്തിന് അർഹനാകുവാൻ ഞാൻ എപ്പോഴും ശ്രമിക്കുന്നതാണ്.
ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുജനങ്ങളെയും മുതിർന്നവരെയും ആദരിക്കുകയും എല്ലാവരോടും വിനയപൂർവം പെരുമാറുകയും ചെയ്യും.
ഞാൻ എന്റെ നാടിനോടും എന്റെ നാട്ടുകാരോടും സേവാനിരതനായിരുക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.
എന്റെ നാടിന്റെയും നാട്ടുകാരുടെയും ക്ഷേമത്തിലും അഭിവൃദ്ധിയിലുമാണ് എന്റെ ആനന്ദം.
ജയ്ഹിന്ദ്.”

നാം ഏറ്റുചൊല്ലിയ ദേശീയപ്രതിജ്ഞ..... ഈ കിളിമീന്‍ തന്നെയാണ് അന്ന് അസംബ്ലികളില്‍ ഞങ്ങള്‍ക്ക് ചൊല്ലിത്തന്നിരുന്നത്.

കേരള സ്രാങ്കിന്റെ കണ്ടം ഒക്കെ കയ്യിലിരിപ്പുകൊണ്ടും, ജാഥകദോഷംകൊണ്ടും ജീവിതപങ്കാളിയെ കിട്ടാത്ത നമ്മളെപ്പോലുള്ളവര്‍ക്ക് പ്രൊഫൈല്‍ ഉണ്ടാക്കാന്‍ ഉള്ളതല്ലേ. ഇവള്‍ക്കിതിന്റെ വല്ല ആവശ്യവും ഉണ്ടോ, വിദ്യാഭ്യാസത്തിനു വിദ്യാഭ്യാസം, സാമ്പത്തികത്തിനു സാമ്പത്തികം, കാണാനും മോശമല്ല, എന്നിട്ടും ആണ്‍പിള്ളേരെ കൊതിപ്പിച്ചു കടന്നുകളയാന്‍ വന്നിരിക്കുകയാണ്. ആ..... നമുക്ക് നമ്മുടെ പ്രശ്നങ്ങള്‍ അല്ലെ അറിയൂ, അവര്‍ക്ക് അവരുടെതായ പ്രശ്നങ്ങള്‍ കാണും..

എന്തായാലും ഞാന്‍ ഒരു ഇരയെ തേടി ഇറങ്ങിയതാ, ഈ ഇരയാണെങ്കില്‍ നല്ല വേട്ടക്കാരനെയും. എന്നാ പിന്നെ ഒരു അപ്ലിക്കേഷന്‍ വെച്ചുനോക്കാം, ഇനി അഥവാ ബിരിയാണി കിട്ടിയാലോ. പറയാന്‍ പറ്റൂല്ല, അവളുടെ വീട്ടുകാര് ചിലപ്പോ ചെക്കനെ അന്വേഷിച്ച് അന്വേഷിച്ച് മടുത്തു നില്‍ക്കുകയായിരിക്കും.

കേരളമാട്രിമോണിയുടെ “Send Interest” ബട്ടനിലേക്ക് കഴ്സര്‍ നീങ്ങാന്‍ പിന്നെ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല.

ജിമെയില്‍, യാഹൂ, ഓര്‍ക്കുട്ട്, തുടങ്ങിയ കണ്ടങ്ങളിലോക്കെ കറങ്ങി തിരിച്ചുവന്നപ്പോഴുണ്ട് കേരളമാട്രിമോണിയില്‍ ഒരു മെസ്സേജ് നോട്ടിഫികേഷന്‍. ദൈവമേ ആക്സെപ്റ്റെന്‍സ് ആവണേ എന്ന് പ്രാര്‍ഥിച്ച് വിറയാര്‍ന്ന കൈകള്‍ കൊണ്ട് മെസ്സേജ് ഓപ്പണ്‍ ആക്കി..

I have almost finalized my Life Partner, you may find another one”

ഒന്നും വേണ്ടായിരുന്നു, പുല്ല്. ഇതിപ്പോ വേലീമ ഇരിക്കണ പാമ്പിനെ എടുത്തു തോളിലിട്ടു ആളാവാന്‍ നോക്കിയപ്പോ കടി കിട്ടിയ പോലെ ആയി......

പണ്ടവള്‍ എന്റെ ഓട്ടോഗ്രാഫില്‍ എഴുതിയ വാചകം അപ്പോഴാണ്‌ വീണ്ടും ഓര്‍മ്മ വന്നത്.

“ഓടുന്ന ബസിലും ചിരിക്കുന്ന പെണ്ണിലും ചാടിക്കയറരുത്”..........